താലിബാനെ തുരത്താന്‍ തോക്കെടുത്ത് കുട്ടികളും

കാബൂൾ: പഞ്ച്ഷീർ താഴ്‌വര പിടിച്ചെടുക്കാൻ താലിബാൻ പടയൊരുക്കം തുടങ്ങിയതോടെ നാട് കാക്കാൻ കുട്ടികൾ ഉൾപ്പടെ ആയുധവുമെടുത്ത് തെരുവിലിറങ്ങി. നിറതോക്കുമായി തെരുവിലൂടെ നടക്കുന്ന കുട്ടികളുടെ നിരവധി ചിത്രങ്ങളാണ് അന്താരാഷ്ട്ര മാദ്ധ്യമങ്ങൾ പുറത്തുവിട്ടത്. താലിബാനെ ചെറുക്കാൻ തങ്ങളുടെ ജീവൻ നൽകാൻ പോലും താഴ്വരയിലുള്ളവർക്ക് ഒരു മടിയുമില്ല. അതാണ് താലിബാന് പഞ്ച്ഷീർ ഇപ്പോഴും കിട്ടാക്കനിയായി നിലനിൽക്കുന്നത്.

അതേസമയം, പഞ്ച്ഷീർ ലക്ഷ്യമാക്കി ആയിരക്കണക്കിന് താലിബാൻ ഭീകരർ നീങ്ങിത്തുടങ്ങിയിട്ടുണ്ട്. താലിബാൻ വക്താവ് ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തു. താഴ്‌വരയുടെ അധികാരം സമാധാനപരമായി വിട്ടുകൊടുക്കാൻ തയ്യാറാവാത്തതിനാലാണ് ഈ തീരുമാനമെന്നും വക്താവ് പറഞ്ഞു. നാലുമണിക്കൂറിനുള്ളിൽ അധികാരം കൈമാറണമെന്ന് താലിബാൻ ആവശ്യപ്പെട്ടിരുന്നു. താഴ്‌വര പിടിക്കാൻ താലിബാൻ ഇറങ്ങിയെങ്കിലും അവർക്ക് വിജയം എളുപ്പമല്ല. യുദ്ധമുറയ്ക്ക് പേരുകേട്ടവരാണ് താഴ്‌വരയിലുള്ളത്. താലിബാൻ ഭരണം പിടിച്ചതോടെ രക്ഷപ്പെട്ട അഫ്ഗാൻ സൈനികരും പൈലറ്റുമാരും ഇവർക്കൊപ്പം ചേർന്നിരിക്കുകയാണ്. താലിബാന്റെ ഏത് ആക്രമണത്തിനും മറുപടിയുണ്ടെന്നാണ് പഞ്ച്ഷീർ കമാൻഡോ സൈനികർ പറയുന്നത്. അഫ്ഗാൻ വൈസ് പ്രസിഡന്റ് ആംറുള്ള സലേയാണ് താലിബാനെതിരെയുള്ള പോരാട്ടം നയിക്കുന്നത്.എന്നാൽ അഫ്ഗാൻ സൈന്യത്തിൽ നിന്ന് അത്യാന്താധുനിക ആയുധങ്ങൾ കൈവശപ്പെടുത്തിയ താലിബാനെ പ്രതിരോധിക്കുക താഴ്‌വരയിലുളളവർക്ക് ദുഷ്കരമാവും എന്നാണ് വിലയിരുത്തുന്നത്.

Related posts

Leave a Comment