മുഖ്യമന്ത്രി കാട്ടിയത് കൊടുംവഞ്ചന : കെ സുധാകരൻ എംപി

രാജ്ഭവനെ ആർഎസ്എസ് കാര്യാലയമാക്കി മാറ്റിയ ഗവർണറുടെ ഇടപാടുകൾക്ക് ഒരു പ്രിൻസിപ്പൽ സെക്രട്ടറിയെ ബലികൊടുത്തുകൊണ്ട് മുഖ്യമന്ത്രി പച്ചക്കൊടി വീശിയതു മതേതര കേരളത്തോടു കാട്ടിയ കൊടുംവഞ്ചനയാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. മോദിയുടെയും അമിത് ഷായുടെയും ഏജന്റായി പ്രവർത്തിക്കുന്ന ഗവർണ്ണർക്ക് കേരളത്തിലെ മികച്ച സുഹൃത്താണ് മുഖ്യമന്ത്രി പിണറായി വിജയൻ.

ആർഎസ്എസ് നേതാവിനെ പേഴ്സണൽ സ്റ്റാഫിൽ നിയമിച്ചുകൊണ്ടുള്ള ഉത്തരവ് മുഖ്യമന്ത്രി ഒപ്പിട്ടതാണ്. ഒരുദ്യോഗസ്ഥൻ ഒരിക്കലും ഗവർണർക്ക് ഇങ്ങനെ കത്തെഴുതില്ല. മുഖ്യമന്ത്രിക്കുവേണ്ടി എഴുതിയ കത്താണിത്. ഉദ്യോഗസ്ഥനെതിരേ നടപടി എടുത്തുകൊണ്ട് മുഖ്യമന്ത്രി സ്വന്തം മുഖത്താണ് കാർക്കിച്ചു തുപ്പിയത്. ഗവർണറുടെ മുഖം രക്ഷിച്ചെങ്കിലും മുഖ്യമന്ത്രിയുടെ മുഖം തീർത്തും വികൃതമായി.

സിപിഎം ബിജെപി അന്തർനാടകം പരസ്യമായി എന്നതാണ് പൊതുഭരണ സെക്രട്ടറിയെ മാറ്റിയതിലൂടെ വ്യക്തമായത്. എല്ലാതരത്തിലുമുള്ള ഒത്തു തീർപ്പുകളാണ് സിപിഎമ്മും ബിജെപിയും നടത്തുന്നത്. ബിജെപിയുടെ പൂർണ പിന്തുണയോടെയാണ് ഇടതു സർക്കാർ മുന്നോട്ട് പോകുന്നത്.സർവകാലാശാല വിസി നിയമനം, ലോകായുക്ത ഓർഡിനൻസ് തുടങ്ങി എല്ലാ വിഷയത്തിലും സിപിഎം ബിജെപി ധാരണയാണ് കാണുന്നത്.

ഭരണഘടനാ പദവികൾ വച്ചാണ് കേരളാഗവർണർ വിലപേശൽ നടത്തുന്നത്. ഗവർണറുടെ സ്ഥാനം എത്രമാത്രം അധഃപതിപ്പിക്കാമെന്ന് ഈ ഗവർണറെ കണ്ടുപഠിക്കണം. ആർഎസ്എസ് നിലപാടുകളും ആശയങ്ങളും പ്രചരിപ്പിക്കുന്നതിലാണ് അദ്ദേഹത്തിന്റെ ശ്രദ്ധ. അതിനാണ് ഗവർണറുടെ സ്റ്റാഫിൽ ആർഎസ് എസുകാരെ കുത്തിനിറക്കുന്നതും അതിന് മുഖ്യമന്ത്രി ഓശാന പാടുന്നത്. മതേതതര കേരളത്തിൽ അപകടകരമായ കളിയാണിതെന്നും സുധാകരൻ പറഞ്ഞു.

Related posts

Leave a Comment