മുഖ്യമന്തിയുടെ പേഴ്സണൽ ഓഫീസറുടെ ഭാര്യയ്ക്ക് കേരള വാഴ്സിറ്റിയിൽ ചട്ടങ്ങൾ ലംഘിച്ച് നിയമനം

തിരുവനന്തപുരം:  മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയെ  കേരള സർവകലാശാലയുടെ മലയാള മഹാനിഘണ്ടു വകുപ്പിന്റെ  മേധാവിയായി നിയമിച്ചത് വിവാദത്തിലേക്ക്. മലയാളഭാഷയിൽ ഉന്നത പ്രാവീണ്യവും ഗവേഷണ ബിരുദവും, 10 വർഷത്തെ മലയാള അധ്യാപന പരിചയവുമാണ് മഹാ നിഘണ്ടു (ലെക്സിക്കൺ) എഡിറ്ററുടെ യോഗ്യതയായി നിശ്ചയിച്ചിട്ടുള്ളത്. ഈ യോഗ്യത അട്ടമറിച്ചാണ് മുഖ്യമന്ത്രിയുടെ മുൻ പ്രൈവറ്റ് സെക്രട്ടറിയും ഇപ്പോൾ മുഖ്യമന്ത്രിയുടെ ഓഫീസർ ഓൺ സ്പെഷ്യൽ ഡ്യൂട്ടിയുമായ ആർ. മോഹനന്റെ ഭാര്യ  ഡോ: പൂർണിമ മോഹനെയാണ് ഈ തസ്തികയിൽ  നിയമിച്ചത്. കഴിഞ്ഞ ദിവസം പുതിയ ഔദ്യോഗിക ചുമതല ഏറ്റെടുത്തു.
 കാലടി സംസ്കൃത സർവകലാശാലയിലെ സംസ്കൃത വിഭാഗം അധ്യാപികയായ  പൂർണിമ മോഹന്  മലയാളഭാഷയിൽ   പാണ്ഡിത്യമോ ഈ തസ്തികയ്ക്ക് നിശ്ചയിച്ചിട്ടുള്ള യോഗ്യതകളോയില്ല എന്ന് ബോധ്യപ്പെട്ടു തന്നെയാണ്  ഉന്നതങ്ങളിൽ നിന്നുള്ള സമ്മർദ്ദങ്ങൾക്ക്  വഴങ്ങി  ചട്ടങ്ങൾ പാലിക്കാതെ സർവകലാശാല ഈ അനധികൃത നിയമനം നടത്തിയത്. ലെക്സിക്കൺ മേധാവിയുടെ ചുമതല വഹിച്ചിരുന്ന മലയാളം പ്രൊഫസ്സറെ ചുമതലയിൽ നിന്ന് നീക്കിയാണ് വിവാദ നിയമനം നടത്തിയതെന്നതും ശ്രദ്ധേയമാണ്.  മലയാള പണ്ഡിതരായിരുന്ന ഡോ: ശൂരനാട് കുഞ്ഞൻപിള്ള, ഡോ: ബി.സി ബാലകൃഷ്ണൻ, ഭാഷാ ശാസ്ത്ര പണ്ഡിതനായ ഡോ: പി സോമശേഖരൻ നായർ എന്നിവരുൾപ്പടെ  മുതിർന്ന മലയാളം പ്രൊഫസർമാരെയാണ് നാളിതുവരെ ലെക്സിക്കൺ എഡിറ്റർമാരായി  നിയമിച്ചിട്ടുള്ളത്.
 കേരള സർവകലാശാലയിലെ മുതിർന്ന മലയാളം പ്രൊഫസർമാരെ ഒഴിവാക്കി മലയാള ഭാഷയിൽ യാതൊരു പരി ജ്ഞാനവുമില്ലാത്ത ഒരു സംസ്കൃത അധ്യാപികയെ മലയാള നിഘണ്ടു എഡിറ്ററുടെ ഉന്നത തസ്തികയിൽ നിയമിച്ചതിൽ മലയാളം പ്രൊഫസ്സർമാർക്ക് അമർഷമുണ്ട് . പലരും ഇക്കാര്യം അറിഞ്ഞിട്ടുപോലുമില്ല. സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പെൻഷൻ പരിഷ്കരണം പോലും സർവകലാശാല നിർത്തിവച്ചിരിക്കുമ്പോഴാണ് പ്രതിമാസം രണ്ട് ലക്ഷം രൂപയുടെ അധിക ചെലവിൽ  നിയമനം നടത്തുന്നതെന്ന ആക്ഷേപവുമുണ്ട്. നിയമനം അടിയന്തരമായി  റദ്ദാക്കണമെന്നാവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാംപെയിൻ കമ്മിറ്റി കേരള ഗവർണർക്ക് നിവേദനം നൽകി.

Related posts

Leave a Comment