ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും ദയനീയമായി പരാജയപ്പെട്ടു : വി ഡി സതീശൻ

തിരുവനന്തപുരം : ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകുന്നതിൽ മുഖ്യമന്ത്രിയും സർക്കാരും ദയനീയമായി പരാജയപ്പെട്ടുവെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.തിരുവനന്തപുരത്ത് നിന്നും വണ്ടി കയറി കണ്ണൂർ പോകേണ്ട ആൾ കൊല്ലത്തിറങ്ങി ചെങ്കോട്ടയിലേക്ക് പോയതു പോലെയാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ഇവിടെ ഉയർത്തിയ ചോദ്യങ്ങൾക്കൊന്നുമല്ല മുഖ്യമന്ത്രിയുടെ മറുപടി. തുടർച്ചയായി ഗുണ്ടാ ആക്രമണങ്ങളും കൊലപാതകങ്ങളും നടക്കുകയാണ്. തിരുവനന്തപുരത്ത് ബൈക്കിൽ വെട്ടിയെടുത്ത കാലുമായി ഗുണ്ടകൾ പ്രകടനം നടത്തി. എന്നിട്ടും മുഖ്യമന്ത്രി പറയുന്നത് ഒറ്റപ്പെട്ട സംഭവമെന്നാണ്. ഒറ്റപ്പെട്ട സംഭവം എന്ന വാക്ക് പിണറായി ഭരണകാലത്തെ ഏറ്റവും വലിയ തമാശയായി മാറിയിരിക്കുകയാണ്. എല്ലാ ദിവസവും ഒറ്റപ്പെട്ട സംഭവങ്ങൾ നടക്കുകയാണ്.

പൊലീസ് എന്നത് ഒരു ഫോഴ്‌സാണ് അതിന് ഒരു ലൈൻ ഓഫ് കൺട്രോളുണ്ട്. എന്നാലിന്ന് എസ്.പിമാരെ നിയന്ത്രിക്കുന്നത് പാർട്ടി ജില്ലാ സെക്രട്ടറിമാരും എസ്.എച്ച്.ഒമാരെ നിയന്ത്രിക്കുന്നത് ഏരിയാ സെക്രട്ടറിയുമാണ്. എല്ലാ കാര്യത്തിലും ഇടപെടൽ നടത്തുകയാണ്. കാപ്പ നിയമപ്രകാരം ഗുണ്ടകളെ അറസ്റ്റു ചെയ്യുന്നതിന് പൊലീസ് നൽകുന്ന അപേക്ഷകളിൽ കളക്ടർമാർ തീരുമാനമെടുക്കുന്നില്ല. അവിടെയെല്ലാം രാഷ്ട്രീയ ഇടപെടലുകൾ നടത്തുകയാണ്. പഴയകാല സെൽ ഭരണത്തിന്റെ ഭീതിതമായ പുതിയ രൂപമാണ് ഭരണത്തിൽ പാർട്ടി ഇടപെടുന്നത്. പാർട്ടിയുടെ അനാവശ്യമായ ഇടപെടലുകൾ പൊലീസിന് പ്രവർത്തിക്കാനാകാത്ത അവസ്ഥയുണ്ടാക്കിയിരിക്കുകയാണ്. ഓപ്പറേഷൻ കാവലിന്റെ ഭാഗമായി 14000 ഗുണ്ടകളെ ഗുണദോഷിച്ച് വിട്ടു. അവരെ ഗുണദോഷിച്ചതോടെ എല്ലാ ഗുണ്ടകളും പിന്നാക്കം പോയെന്നാണ് പറയുന്നത്. ഏതുകാലത്തും കേൾക്കാത്ത രീതിയിലുള്ള ആക്രമണങ്ങളും കൊലപാതകങ്ങളുമാണ് സംസ്ഥാനത്ത് നടക്കുന്നത്. എറണാകുളത്തെയും തിരുവനന്തപുരത്തെയും മയക്കുമരുന്ന് പാർട്ടികൾ നടത്തിയ ഹോട്ടലുകളിൽ റെയ്ഡ് നടത്താൻ പോലും ഇതുവരെ തയാറായിട്ടില്ല. കോട്ടയത്ത് 19 വയസുകാരനെ മൂന്നു മണിക്കൂർ തല്ലി, കൈ കൊണ്ട് കണ്ണ് കുത്തിപ്പൊട്ടിച്ച് മൃതദേഹം പൊലീസ് സ്റ്റേഷന് മുന്നിൽ കൊണ്ടിട്ടു. സ്റ്റേഷന് മുന്നിൽ ഗുണ്ടകൾ വിളയാടിയപ്പോൾ പൊലീസുകാർ കതകടച്ച് അകത്തിരുന്നു. ഗുണ്ട പോയോ എന്ന് ജനലിൽ കൂടി ഒളിഞ്ഞു നോക്കി. ഇതാണ് കേരളത്തിലെ പൊലീസ്. അമ്മയും പെങ്ങളും വന്ന് 19 കാരനെ കാണാനില്ലെന്ന് പരാതിപ്പെട്ടിട്ടും പൊലീസ് അന്വേഷിച്ചോ?

ക്രൂരമായ രാഷ്ട്രീയ കൊലപാതകങ്ങൾക്ക് തുടക്കിമിട്ടത് സി.പി.എമ്മല്ലേ? ടി.പി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് എങ്ങനെയാണ്? മരിച്ചിട്ടും മുഖം വികൃതമാക്കിയില്ലേ? യു.ഡി.എഫാണ് കേരളത്തിലെ ക്രമസമാധാനം തകർക്കുന്നതെന്ന മുഖ്യമന്ത്രിയുടെ ആരോപണം വെറുമൊരു തമാശയാണ്. ആദ്യം നിങ്ങൾ കൊല്ലേണ്ടയാളെ തീരുമാനിക്കും. പിന്നീട് വാടക കൊലയാളിയെ നിശ്ചയിക്കും. ആയുധം കൊടുക്കും, വാഹനം കൊടുക്കും. കൊലയാളികൾക്ക് ഏത് ഏരിയാ കമ്മിറ്റിയാണ് സംരക്ഷണം കൊടുക്കേണ്ടതെന്ന് തീരുമാനിക്കും. പ്രതികളെയും നിങ്ങൾ തീരുമാനിക്കും. തീവ്രവാദ സംഘടനകളേക്കാൾ ക്രൂരമായി പ്രവർത്തിക്കുന്ന നിങ്ങളാണ് ക്രമസമാധാനം സംരക്ഷിക്കാൻ പ്രതിപക്ഷത്തിന് ക്ലാസെടുക്കുന്നത്.

തലശേരിയിൽ ഹരിദാസിനെ വെട്ടിവീഴ്ത്തുമ്പോൾ കുമ്പളയിൽ ബി.ജെ.പിക്കാരനെ കൊന്ന കേസിലെ പ്രതിയെ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനായി തെരഞ്ഞെടുക്കാൻ ബി.ജി.പി.യുടെ വോട്ടു വാങ്ങിയവരാണ് സി.പി.എം. കെ. സുരേന്ദ്രന്റെ നിർദ്ദേശപ്രകാരം യു.ഡി.എഫ് ഭരിക്കുന്ന കുമ്പളയിൽ സി.പി.എം വിജയിച്ചു. എന്നിട്ടാണ് മുഖ്യമന്ത്രി വർഗീയതയെ കുറിച്ച് പ്രതിപക്ഷത്തെ പഠിപ്പിക്കുന്നത്. ഈരാറ്റുപേട്ടയിൽ എസ്.ഡി.പി.ഐയുമായും കോട്ടയത്ത് ബി.ജെ.പിയുമായും ചേർന്ന് യു.ഡി.എഫ് ഭരണം താഴെയിട്ടവരാണ് വർഗീയതയ്‌ക്കെതിരായ പോരാട്ടം പഠിപ്പിക്കുന്നത്.

ജയിലറകൾ സുഖവാസ കേന്ദ്രങ്ങളാക്കി. അറിയപ്പെടുന്ന കൊലയാളികൾ മുഴുവൻ പുറത്താണ്. അവർ മയക്ക്മരുന്ന് കച്ചവടവും സ്വർണക്കടത്തും നടത്തുന്നു. നിങ്ങളുടെ പൊലീസും ഇന്റലിജൻസുമൊക്കെ എവിടെയാണ്? ഇതിനൊക്കെയാണ് അവാർഡ് വാങ്ങുന്നത്. പരോളിൽ പോകുന്നവരെ പോലും സംരക്ഷിക്കുന്ന പ്രസ്ഥാനമായി സി.പി.എം മാറിയിരിക്കുകയാണ്. ആത്മാഭിമാനത്തോടെ നാട്ടിൽ ജീവിക്കാൻ കഴിയണം. ജനം ഭയപ്പാടോടെയാണ് ജിവിക്കുന്നത്. കേരളത്തിൽ അരക്ഷിതാവസ്ഥയാണ്.

ഇടുക്കിയിലെ കൊലപാതകം ദൗർഭാഗ്യകരമാണ്. എന്നാൽ നിങ്ങൾ കൊലപാതകം നടത്തുന്നതു പോലെ ആസൂത്രണവും ഗൂഡാലോചനയും നടന്നിട്ടുണ്ടോയെന്ന് പൊലീസുകാരോട് ചോദിക്കണം. ആറു പേരെ നൂറിലധികം പേർ ഓടിച്ചിട്ട് ക്രൂരമായി തല്ലിയപ്പോഴാണ് കൊലപാതകമുണ്ടായത്. പ്രതിപക്ഷം കൊലയാളികളെ സംരക്ഷിക്കില്ല. ഇതു പറയുമ്പോൾ സി.പി.എം അംഗങ്ങൾ പ്രകോപിതരാകും. എന്നാൽ സി.പി.ഐ അംഗങ്ങൾ പ്രകോപിതരാകുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. കോട്ടയത്ത് എ.ഐ.എസ്.എഫ് വനിതാ നേതാവ് ആക്രമിക്കപ്പെട്ടപ്പോൾ എന്തെങ്കിലും നടപടിയുണ്ടായോ? ഏതെങ്കിലും പ്രതികളെ അറസ്റ്റു ചെയ്‌തോ?.പത്തനംതിട്ടയിൽ സി.പി.എമ്മുകാർ ഓടിച്ചിട്ട് അടിച്ചില്ലേ. നാണമുണ്ടോ നിങ്ങൾക്ക് അങ്ങനെയുള്ള പൊലീസിനെ ന്യായീകരിക്കാൻ. സി.പി.ഐക്ക് പോലും രക്ഷയില്ല. കേരളത്തിലെ ആർ.എസ്.എസും എസ്.ഡി.പി.ഐയും കടന്നുകൂടിയതിന്റെ ഉത്തരവാദിത്തം സർക്കാരിനു ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment