പൂവൻ-മിനിക്കഥ ; വർഗ്ഗീസ് നിർക്കിലക്കാട്


പൂവൻവർഗ്ഗീസ് നിർക്കിലക്കാട്

രാത്രിയിൽ തുടങ്ങിയ അതിശക്തമായ മഴയാണ്. ആരും ഫോൺ വിളിച്ച് പോലും ഉറക്കത്തിന് തടസ്സമാകരുത് എന്നു കരുതി ഫോൺ ഓഫാക്കിയാണ് കിടന്നത്. ചുഴലിക്കാറ്റ്, പ്രളയം, കടലാക്രമണം ഇവയിൽ നിന്നെല്ലാം താൻ സുരക്ഷിതനാണെന്ന വിശ്വാസം അയാൾക്കുണ്ടായിരുന്നു. രാവിലെ മഴയില്ലെങ്കിലും തണുത്ത കാറ്റടിക്കുന്നുണ്ട് .നല്ല ഈ തണുത്ത വെളുപ്പാങ്കാലത്ത് പുതുപ്പിനടിയിൽ ചുരുണ്ടുകൂടി കിടക്കാൻ ഒരു പ്രത്യേക സുഖം തന്നെയാണ്.ആ സമയത്ത് ആരെങ്കിലും വിളിച്ചുണർത്തിയാൽ അയളോട് തോന്നുന്ന ദേഷ്യമുണ്ടല്ലോ….
രാവിലെ 10 മണി വരെ എങ്കിലും കിടന്നുറങ്ങണം എന്നാണ് ഇന്നലെ ഉറങ്ങാൻ കിടന്നപ്പോൾ തന്നെ ആഗ്രഹിച്ചതാണ് .
എല്ലാം നശിപ്പിച്ചത് ആ പൂവൻകോഴിയാണ് .അതിരാവിലെ മുതലുള്ള അതിൻ്റെ നീട്ടിയുള്ള കൂവൽ കേട്ടാൽ തോന്നും നേരം വെളുത്ത കാര്യം എല്ലാവരോടും പറഞ്ഞറിയിക്കാൻ ആരോ പണം കൊടുത്ത് ഏർപ്പാടാക്കിയിട്ടുണ്ടെന്ന് .
കഴുത്തിൽ പിടി വീഴുമ്പോൾ പൂവന് കാര്യങ്ങൾ ഒന്നും മനസ്സിലായില്ല.പത്തു പെണ്ണുങ്ങൾക്ക് ഏക ആൺതരിയായി അവർക്ക് ഒരു ധൈര്യത്തിന് താൻ മാത്രമാണുള്ളത് .
” നാളെ മുതൽ ഇവൻ എങ്ങനെ ആളുകളെ വിളിച്ചുണർത്തും എന്നു കാണട്ടെ ” എന്ന അയാളുടെ ദേഷ്യത്തോടെയുള്ള സംസാരം കേട്ടപ്പോഴാണ് പൂവന് കാര്യം മനസ്സിലായത് .അപ്പോഴേക്കും കഴുത്തിലെ പിടിമുറുകിയിരുന്നു . അല്ലെങ്കിലും നന്മയുടെ പ്രകാശത്തിലേക്ക് വിളിച്ചുണർത്തുന്നവരുടെ സ്ഥിതി എന്നും ഇതു തന്നെയാണ്. പ്രകാശമുള്ളപ്പോഴും അന്ധകാരത്തിൽ തന്നെ കഴിയാനാണ് മിക്കവർക്കും ഇഷ്ടം .കൂടുതൽ ആലോചിക്കാൻ സമയം കിട്ടുന്നതിനു മുൻപേ പൂവൻ ചിക്കനായി മാറിയിരുന്നു. തീൻ മേശയിൽ ഇരുന്ന് ചിക്കൻ കഷ്ണങ്ങൾ ഓരോന്നായി കടിച്ചു മുറിക്കുമ്പോൾ അയാൾ ഒരു ഏകാധിപതിയുടെ രൂപം പ്രാപിച്ചിരുന്നു.

Related posts

Leave a Comment