ചെര്‍പ്പുളശ്ശേരി ബാങ്ക് തട്ടിപ്പ് : ആര്‍എസ്‌എസ് നേതാവ് അറസ്റ്റില്‍

ചെര്‍പ്പുളശ്ശേരി : ഹിന്ദുസ്ഥാന്‍ ഡെവലപ്പ്‌മെന്റ് ബാങ്ക് എന്ന പേരില്‍ പ്രവത്തനമാരംഭിച്ച ചെര്‍പ്പുളശ്ശേരിയിലെ ഹിന്ദു ബാങ്കില്‍ സംഘപരിവാർ നടത്തിയ തട്ടിപ്പുമായി ബന്ധപ്പെട്ട് ആര്‍എസ്‌എസ് നേതാവ് അറസ്റ്റിലായി. നിക്ഷേപം വാങ്ങി കബളിപ്പിച്ചെന്ന പരാതിയിലാണ് നടപടി. എച്ച്‌ഡിബി നിധി ലിമിറ്റഡ് ചെയര്‍മാന്‍ സുരേഷ് കൃഷ്ണയാണ് അറസ്റ്റിലായത്. ഹിന്ദുമത വിശ്വാസികളുടെ ഉന്നമനത്തിനുവേണ്ടി ലാഭം വിനിയോഗിക്കപ്പെടുമെന്ന വാഗ്ദാനത്തോടെയാണ് സംഘപരിവാര്‍ സംഘടനകളുടെ നേതൃത്വത്തില്‍ ഹിന്ദുസ്ഥാന്‍ ഡെവലപ്‌മെന്റ് ബാങ്ക് തുടങ്ങുകയും നിരവധി പേരില്‍നിന്നായി നിക്ഷേപം സ്വീകരിക്കുകയും ചെയ്തത്. ഏഴുപേരാണ് കബളിപ്പിക്കപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി ചെര്‍പ്പുളശ്ശേരി പോലിസില്‍ പരാതി നല്‍കിയത്. അറസ്റ്റിലായ സുരേഷ് കൃഷ്ണയെ റിമാന്‍ഡ് ചെയ്തു. ആര്‍എസ്‌എസ് മുന്‍ ജില്ലാ ജാഗരണ്‍ പ്രമുഖും സംഘപരിവാറിന്റെ സാമൂഹിക മാധ്യമ ചുമതലക്കാരനുമായിരുന്നു എച്ച്‌ഡിബി നിധി ചെയര്‍മാന്‍ സുരേഷ് കൃഷ്ണ.
നിക്ഷേപങ്ങളുടെ പേരില്‍ 97 ലക്ഷം രൂപ സ്വരൂപിച്ചു. എന്നാൽ ബാങ്കിന് വേണ്ടി വാങ്ങിയ വാഹനങ്ങള്‍ ചെയര്‍മാന്‍ സ്വന്തം പേരില്‍ രജിസ്റ്റര്‍ ചെയ്‌തെന്നും ആരോപണമുയര്‍ന്നിരുന്നു. 16 ശതമാനം വരെ പലിശ നല്‍കാമെന്ന് വിശ്വസിപ്പിച്ചാണ് നിക്ഷേപം സ്വീകരിച്ചതെന്ന് പരാതിക്കാര്‍ പറയുന്നു. ആര്‍ഡി നിക്ഷേപം എന്ന പേരിലും വ്യാപകമായി പണം പിരിച്ചിട്ടുണ്ട്. പിന്നാലെയാണ് ചെര്‍പ്പുളശ്ശേരിയില്‍നിന്നും തട്ടിപ്പിന്റെ വിവരം പുറത്തുവന്നത്. പൂര്‍ണമായും സംഘപരിവാർ നിയന്ത്രണത്തിലായിരുന്നു ബാങ്ക് പ്രവര്‍ത്തനം തുടങ്ങിയത്.

Related posts

Leave a Comment