അക്ഷരങ്ങൾ സാക്ഷിയായ പ്രണയം – നവമാധ്യമങ്ങളിൽ തരംഗമായി “ചേർക്കുട്ടി പ്രണയം”

അക്ഷരങ്ങളാൽ കൊരുത്ത പ്രണയത്തിന്റെ കഥ പറഞ്ഞ് സാമൂഹിക മാധ്യമങ്ങളിൽ തരംഗമാകുകയാണ് “ചേർക്കുട്ടി പ്രണയം” എന്ന മ്യൂസിക്കൽ ഷോർട്ട് ഫിലിം. കല്യാണി ഫിലിം ഹൗസിന്റെയും സ്നാപ്പ് ഫോക്കസ് പ്രൊഡക്ഷൻസിന്റെയും ബാനറിൽ സുന്ദർലാൽ തിരുവേഗപ്പുറം നിർമ്മിച്ച ഈ ഹ്രസ്വ ചിത്രം എഴുതി സംവിധാനം ചെയ്തിരിക്കുന്നത് ജ്യോതിഷ് പ്രഭു പണിക്കരാണ്. പുതിയ കാല സിനിമാ പശ്ചാത്തലങ്ങളുടെ ഭാവനാ സങ്കൽപ്പങ്ങൾക്കു വെളിയിൽ നിന്നുകൊണ്ട് പാലക്കാടൻ ഗ്രാമീണതയുടെ വശ്യതയും ആധുനിക ജീവിത ചുറ്റുപാടുകളുടെ സങ്കുചിതത്വവും ഒരുപോലെ ഒപ്പിയെടുക്കുന്ന ചേർക്കുട്ടി പ്രണയം ആസ്വാദകർക്ക് വേറിട്ട ദൃശ്യാനുഭവമാകുന്നു. പതിനഞ്ച് മിനിറ്റോളം മാത്രം ദൈർഘ്യമുള്ള ഈ ഹ്രസ്വ ചിത്രം കണ്ണും മനസ്സും നിറക്കുന്ന മനോഹരമായ ഫ്രയിമുകളാൽ കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നുണ്ട്.

പാലക്കാട്ടെ മനോഹരമായ ഒരു നാട്ടിൻപുറത്തെ അടയാളപ്പെടുത്തി നിൽക്കുന്ന പബ്ലിക് ലൈബ്രറിയിലേക്ക് അവിടുത്തെ ലൈബ്രറിയനായ ലിപി എന്ന പെൺകുട്ടിയെ തേടിയെത്തുന്ന ഒരു ഫോൺ കോളിലാണ് ചിത്രം തുടങ്ങുന്നത്. എഴുത്തുകാരനായ മിഥുൻ ലോകനാഥിന്റെ ജീവിതവും അതിലേക്കുള്ള ലിപിയുടെ രംഗപ്രവേശവുമെല്ലാം ഏറ്റവും ഹൃദ്യമായ രീതിയിൽ ആസ്വാദകരിലേക്കെത്തിക്കുന്നതിൽ നവാഗതനായ അശ്വിന്റെ വരികളിൽ യുവ സംഗീത സംവിധായകൻ അരവിന്ദ് മഹാദേവ് ഈണം നൽകിയ “നീലാകാശച്ചുവരിൽ നീ” എന്ന ഗാനം വലിയ പങ്കുവഹിക്കുന്നു. പ്രണയത്തിന്റെ പുതുകാല മേഘമൽഹാറായി മാറിയ ഈ ഗാനം ചലച്ചിത്ര മേഖലയിലെ പ്രമുഖരുൾപ്പെടെ നിരവധിയാളുകളാണ് സോഷ്യൽ മീഡിയയിലൂടെ ഏറ്റെടുത്തിരിക്കുന്നത്. 2021 ലെ പ്രണയദിനത്തിൽ റിലീസ് ചെയ്ത ഈ ഹ്രസ്വ ചിത്രം ഇതിനോടകം തന്നെ അഞ്ച് ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

മിഥുൻ, ഐശ്വര്യ, ചിഞ്ചുരാജ്, വിമിന എന്നിവർ പ്രധാന കഥാപാത്രങ്ങളായി അഭിനയിക്കുന്ന ചേർക്കുട്ടി പ്രണയം പൂർണമായും പാലക്കാടും എറണാകുളത്തുമായാണ് ചിത്രീകരിച്ചത്. ഛായാഗ്രഹണം അമൽ ജയ്സണും ക്രിയേറ്റീവ് ഡയറക്ഷൻ അഖിൽ എ കുമാറും എഡിറ്റിങ് ടിജോ തങ്കച്ചനും നിർവഹിച്ചിരിക്കുന്നു. ‘ഓളെ കണ്ട നാൾ’ എന്ന സിനിമയുടെ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് സൗഹൃദത്തിലായ ജ്യോതിഷും അഖിലും ചേർന്നാണ് ‘സ്നാപ്പ് ഫോക്കസ് പ്രൊഡക്ഷൻ’ എന്ന ഒരുകൂട്ടം സിനിമാ മോഹികളുടെ സ്വപ്ന സംരംഭത്തിന് തുടക്കം കുറിച്ചത്.

ചിത്രം ആസ്വദിക്കാം , യൂ ട്യൂബ് ലിങ്ക് :

Related posts

Leave a Comment