പ്രതികരിക്കാനുറച്ച് ചെറിയാൻ ഫിലിപ്പ്; ജനുവരിയിൽ യൂട്യൂബ് ചാനൽ തുടങ്ങും

തിരുവനന്തപുരം: പാർട്ടിയിൽ നിന്ന് താൻ പൂർണമായി അകന്നുവെന്ന് സൂചന നൽകി സിപിഎം സഹയാത്രികൻ ചെറിയാൻ ഫിലിപ്പിന്റെ കുറിപ്പ് വീണ്ടും സമൂഹ മാധ്യമത്തിൽ. തന്റെ രാഷ്ട്രീയ നിലപാടുകൾ വ്യക്തമാക്കാനായി സ്വന്തം യൂട്യൂബ് ചാനൽ തുടങ്ങുന്നുവെന്ന അറിയിപ്പിലൂടെയാണ് പാർട്ടിയുടെ അടിമയായി ഇനി തുടരാനാവില്ലെന്ന സൂചന ചെറിയാൻ നൽകിയിരിക്കുന്നത്. മഴ ദുരന്തത്തിൽ സർക്കാരിന്റെ വീഴ്ചയെക്കുറിച്ചും പിണറായി വിജയന്റെ ഡച്ച് മാതൃകയെ വിമർശിച്ചും കുറിപ്പെഴുതിയതിനെ മുഖ്യമന്ത്രി പരസ്യമായി തള്ളിപ്പറഞ്ഞതിന് പിന്നാലെയാണ് തന്റെ നയം വ്യക്തമാക്കി ചെറിയാൻ ഫിലിപ്പ് രംഗത്തുവന്നതെന്നതും ശ്രദ്ധേയമാണ്.

ഫെയ്സ്ബുക്കിലെഴുതിയ കുറിപ്പിന്റെ പൂർണരൂപം: ചെറിയാൻ ഫിലിപ്പ് പ്രതികരിക്കുന്നു എന്ന യുട്യൂബ് ചാനൽ ജനുവരി 1 ന് ആരംഭിക്കും. ചാനൽ നയം തികച്ചും സ്വതന്ത്രം. രാഷ്ട്രീയ നിലപാട് പ്രശ്നാധിഷ്ടിതമായിരിക്കും. ഏതു വിഷയത്തിലും വസ്തുതകൾ നേരോടെ തുറന്നുകാട്ടും. അഴിമതി, വർഗ്ഗീയത, ഏകാധിപത്യം എന്നിവക്കെതിരെ നിർഭയം പോരാടും. ജനകീയ പ്രശ്നങ്ങളിൽ നിരന്തരം ഇടപെടും. ഒരിക്കലും ഒറ്റക്കണ്ണനാവില്ല. രണ്ടു കണ്ണുകളും തുറക്കും. കണ്ണടയുന്നതു വരെ പ്രതികരിച്ചു കൊണ്ടിരിക്കും. കോവിഡ് അനുഭവത്തിൻ്റെ പശ്ചാത്തലത്തിൽ സ്വാശ്രയ കേരളത്തിനായി യത്നിക്കും. ഉല്പാദന കേന്ദ്രിത വികസന സംസ്കാരത്തിനായി ശബ്ദിക്കും. കാർഷിക നവോത്ഥാനം, വ്യവസായ നവീകരണം, നൈപുണ്യ വിദ്യാഭ്യാസം, ആരോഗ്യ ജീവനം, പരിസ്ഥിതി സംരക്ഷണം, മാലിന്യ നിർമ്മാർജ്ജനം, സ്ത്രീ സുരക്ഷ, ലിംഗസമത്വം, സാമൂഹ്യനീതി തുടങ്ങിയവ പ്രചരണ വിഷയമാക്കും. സാമൂഹ്യ പ്രതിബദ്ധതയും പൗരബോധവുമായിരിക്കും മുഖമുദ്ര.

അതേസമയം, പിണറായി വിജയൻ പരസ്യമായി തള്ളിപ്പറഞ്ഞതോടെ ചെറിയാൻ ഫിലിപ്പ് കോൺഗ്രസിലേക്ക് മടങ്ങുമെന്ന അഭ്യൂഹം രാഷ്ട്രീയ കേരളത്തിൽ അലടയിക്കുന്നുണ്ട്. ചെറിയാൻ ഫിലിപ്പിന്റെ പ്രസ്താവന എന്തിന്റെ ഭാഗമാണെന്ന് പറയാൻ കഴിയില്ലെന്നായിരുന്നു കഴിഞ്ഞദിവസം നടത്തിയ വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയുടെ പ്രതികരണം. ഇക്കുറി രാജ്യസഭാ സീറ്റ് നൽകാമെന്ന് പാർട്ടി നേതൃത്വം ഉറപ്പു നൽകിയിട്ടും മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസിന് ആ പദവി നൽകിയ പിണറായി വിജയന്റെ നിലപാട് ചെറിയാനെ ചൊടിപ്പിച്ചിരുന്നു. ചെറിയാൻ ഫിലിപ്പ് പാർട്ടിയുമായി അകലുന്നുവെന്ന സൂചനകൾ ലഭിച്ചതോടെ ഖാദി ബോർഡ് ഉപാധ്യക്ഷ സ്ഥാനം സർക്കാർ ഓഫർ ചെയ്തെങ്കിലും അത് നിരസിച്ച അദ്ദേഹം പ്രകൃതി ദുരന്തങ്ങളിൽ സർക്കാരിനുണ്ടാകുന്ന വീഴ്ചകൾ ചൂണ്ടിക്കാട്ടി സമൂഹ മാധ്യമത്തിൽ വിമർശനം ഉന്നയിച്ചു. ഇതിന് പിന്നാലെ ചെറിയാൻ ഫിലിപ്പിന് നൽകിയ പദവി റദ്ദാക്കി സർക്കാർ ഉത്തരവ് ഇറക്കുകയും ചെയ്തു. ഇതിനിടെയാണ് യൂട്യൂബ് ചാനലിലൂടെ തനിക്ക് പറയാനുള്ളതെല്ലാം പറയുമെന്ന മുന്നറിയിപ്പുമായി ചെറിയാൻ ഫിലിപ്പ് രംഗത്തുവന്നിരിക്കുന്നത്.

Related posts

Leave a Comment