‘ചെറിയാന്‍ ഫിലിപ്പിന്റെ ആ 20 വര്‍ഷങ്ങൾ’ ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം


ചെറിയാന്‍ ഫിലിപ്പ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങി വരുമ്പോള്‍ ആത്മാര്‍ത്ഥമായും ആഹ്‌ളാദിക്കുന്നവരാണ് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരും ജനാധിപത്യ വിശ്വാസികളും. ഇരുപത് വര്‍ഷം സി പി എം സഹയാത്രികനായിരുന്ന അദ്ദേഹം വിയര്‍പ്പൊഴുക്കിയ ആദ്യ പ്രസ്ഥാനത്തിന്റെ വേരുകള്‍ തേടിയാണ് കോണ്‍ഗ്രസ്സിലേക്ക് മടങ്ങുന്നത്. വേര് എന്നത് വികാരവും തേജസുമാണ്. ഇനിയുമുള്ള രാഷ്ട്രീയ പ്രവര്‍ത്തനം കോണ്‍ഗ്രസ്സിലൂടെ എന്ന് ചെറിയാന്‍ ഫിലിപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഉറപ്പായും പറയാവുന്ന കാര്യം കോണ്‍ഗ്രസാണ് ദേശീയശക്തി എന്നതാണ്. ഭിന്നതകളും അനുഭവങ്ങളും ഒരാളെ സമൂഹത്തില്‍ പലമേഖലകളിലും എത്തിക്കും. എന്നാല്‍ രാഷ്ട്രീയത്തില്‍ വ്യക്തിത്വവും അഭിപ്രായ സ്വാതന്ത്ര്യവും വിലപ്പെട്ടതാണ്.
ചില ഭിന്നതകളുടെ പേരില്‍ സ്വയം പുറത്തുപോയ ചെറിയാന്‍ ഫിലിപ്പ് ഇരുപത് വര്‍ഷം സിപിഎമ്മിനൊപ്പമായിരുന്നു. ‘ഇടതുപക്ഷ ‘സഹയാത്രികന്‍ എന്ന് മാധ്യമങ്ങളാല്‍ വിശേഷിപ്പിക്കപ്പെട്ടത് അദ്ദേഹം സിപിഎമ്മില്‍ അംഗത്വം എടുക്കാതിരുന്നതുകൊണ്ടാണ്. ആത്മാര്‍ത്ഥതയോടെ ആ പാര്‍ട്ടിയുടെ ചെയ്തികള്‍ അംഗീകരിക്കാന്‍ മനസാക്ഷി സമ്മതിക്കാതിരുന്നതാവാം അതിന് കാരണമെന്ന് തെളിയുന്നു.
മുന്‍കാലങ്ങളിലും രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ നിന്നും ചിലപ്രമുഖരെ സിപിഎം വലിച്ചുകൊണ്ട് പോയിട്ടുണ്ട്. അവരെയെല്ലാം മാമോദിസമുക്കി പാര്‍ട്ടിക്കാരാക്കി വലിയ പദവികള്‍ നല്‍കി. എന്നാല്‍ ബൗദ്ധികതലത്തില്‍ ശ്രദ്ധയൂന്നിയിരുന്ന ചെറിയാന്‍ ഫിലിപ്പ് തഴയപ്പെട്ടു.
പാര്‍ട്ടി ആസ്ഥാനമായ എ.കെ.ജി സെന്ററില്‍ ഉണ്ടായിരുന്ന തനിക്ക് എല്ലാ രഹസ്യങ്ങളും അറിയാമെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്. ഈ രഹസ്യങ്ങള്‍ സിപിഎമ്മിനെ സംബന്ധിച്ച് വിലപ്പെട്ടതാകാം. എന്നാല്‍ രാഷ്ട്രീയ അണിയറയിലെ രഹസ്യങ്ങള്‍ ഒരു ഘട്ടം കഴിഞ്ഞാല്‍ പുറത്ത് വരാതെ പറ്റില്ലല്ലോ. അതാണ് ചരിത്രം. സി പി എമ്മിന്റെ ന്യായീകരണ തൊഴിലാളിയായി താന്‍ ആ പക്ഷത്തുണ്ടായിരുന്നെങ്കിലും ചതിയും വഞ്ചനയും ശീലിച്ചിട്ടില്ലെന്നതിനാല്‍ പുറത്ത് പറയില്ല എന്ന ചെറിയാന്റെ ഇന്നലത്തെ പ്രസ്താവന സൗഹൃദ ബന്ധത്തില്‍ നിന്നുള്ളതാകാം.
കൊടിക്കും ചിഹ്നത്തിനുമൊപ്പംചതിയും അഹങ്കാരവും ചേര്‍ത്തുപിടിക്കുന്ന ഒരു പ്രസ്ഥാനമാണ് സിപിഎംഎന്ന് കൂടി ചെറിയാന്‍ ഫിലിപ്പിന്റെ പ്രതികരണത്തില്‍ ഉണ്ട്.
സി പി എം പക്ഷത്ത് നിന്നാല്‍ പുരോഗമന പരിവേഷം വര്‍ദ്ധിക്കുമെന്ന മിഥ്യാധാരണയുള്ളവര്‍ക്ക് ചെറിയാന്‍ ഫിലിപ്പിന്റെ തീരുമാനം പാഠമാണ്. കമ്യൂണിസം എന്ന് പേരിട്ടാല്‍ വരുന്നതല്ല പുരോഗമന മനോഭാവം എന്നും യഥാര്‍ത്ഥ ഇടത് പക്ഷം കോണ്‍ഗ്രസ് ആണെന്നും ഈ തിരിച്ചുവരവില്‍ അദ്ദേഹത്തില്‍ നിന്നും വ്യക്തമാകുന്നു. സി പി എമ്മിനോട് സഹകരിച്ച കാലത്ത് രാഷ്ട്രീയ മുഖ്യധാരയില്‍ നിന്നും അകന്ന് താന്‍ ഒന്നുമല്ലാതാകുന്ന അവസ്ഥ വന്നതായി അദ്ദേഹത്തിന് തോന്നിയെങ്കില്‍ അതാണ് ചര്‍ച്ച ചെയ്യപ്പെടേണ്ടത്. രാജ്യത്ത് സി പി എമ്മിന്റെ സ്ഥാനം ഒരു കുട്ടയില്‍ ഒതുങ്ങിയിരിക്കുന്നുവെന്നാണ് അര്‍ത്ഥം. ഒപ്പം സിപിഎമ്മിന്റെ നയവും ശീലവും ചിന്താശേഷിയുള്ളവരുടെ വ്യക്തിത്വം മുരടിപ്പിക്കുമെന്നും പറയാന്‍ കഴിയും. മനസ്സാക്ഷിയെ മറന്നുകൊണ്ടാണ് സിപിഎമ്മിനെ 20 വര്‍ഷം ന്യായീകരിക്കേണ്ടി വന്നതെന്ന ഫിലിപ്പിന്റെ വെളിപ്പെടുത്തല്‍ ഇനിയും ആപാര്‍ട്ടിയെ താലോലിക്കുന്നവര്‍ ശ്രദ്ധിച്ചിട്ടുണ്ടാകണം.
വ്യക്തിത്വം പണയപ്പെടുത്തിയാല്‍ അവിടെനില്‍ക്കാം എന്നാണെങ്കില്‍ ആ പാര്‍ട്ടിയിലുള്ളവരെ ആലോചിച്ച് സമയം കളയേണ്ടതില്ല.
ഇരുപത് വര്‍ഷം രാഷ്ട്രീയത്തില്‍ വലിയ ഇടവേളയല്ല. 45 വര്‍ഷത്തെ കോണ്‍ഗ്രസ്സ് പ്രവര്‍ത്തനം ചെറിയാന്‍ ഫിലിപ്പിനുണ്ട്. അവിടെ ഇരുപത് എന്നത് ഒന്നുമല്ല. ആ കാലം പാഴായിപ്പോയെന്നും പറയേണ്ടിവരില്ല. കാരണം സി പി എമ്മിന് ഒരു മുഖപടം ഉണ്ടെന്ന് രേഖപ്പെടുത്താന്‍ സഹായകമാകുന്ന സത്യങ്ങള്‍ ചെറിയാന്‍ ഫിലിപ്പ് എന്ന ചരിത്രമെഴുത്തുകാരന് ലഭ്യമായിരിക്കുന്നു. മുഖ്യധാര രാഷ്ട്രീയത്തിലേക്ക് വരാനും ദേശീയതയെ ആശ്ലേഷിക്കാനുംകോണ്‍ഗ്രസാണ് വേണ്ടതെന്നും കമ്യൂണിസ്റ്റുകള്‍ അല്ലെന്നുമുള്ള ചെറിയാന്റെ നിഗമനം രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ ഗവേഷണ വിഷയമാക്കേണ്ടതാണ്.
ചെറിയാന്‍ ഫിലിപ്പിനെ ഉള്‍ക്കൊണ്ട് നിലനിര്‍ത്താന്‍ എന്തു കൊണ്ട് ആ പാര്‍ട്ടിക്ക് സാധിക്കാതെ പോയി?
മോഹങ്ങളുമായി സിപിഎമ്മിലേക്ക് പോകുന്നവര്‍ ഓര്‍ക്കേണ്ടത് നിങ്ങള്‍ക്ക് വ്യക്തിത്വമുണ്ടെങ്കില്‍ അവിടെ ഇടമില്ല എന്ന് തന്നെയാണ്.

Related posts

Leave a Comment