ചെറിയാൻ ഫിലിപ്പ് കോൺഗ്രസിൽ ചേർന്നു; കെ. സുധാകരനിൽ നിന്നും അംഗത്വം സ്വീകരിച്ചു

കഴിഞ്ഞ ദിവസം കോൺഗ്രസിലേക്കു തിരിച്ചു വന്ന ഇടതു സഹയാത്രികൻ ചെറിയാൻ ഫിലിപ്പ് പാർട്ടി അംഗത്വം എടുത്തു. കെ പി സി സി ആസ്ഥാനത്ത്‌ നടന്ന ചടങ്ങിൽ കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ അംഗത്വം നൽകി സ്വീകരിച്ചു.

സിപിഎം വിട്ടു വന്നത് സ്വന്തം അനുഭവത്തിന്റെ പശ്ചാത്തലത്തിലാണ്. കോൺഗ്രസിന്റെ മഹത്വം സിപിഎമ്മിൽ പോയി സ്വന്തം അനുഭവത്തിലൂടെ നിന്നും തിരിച്ചറിഞ്ഞ വ്യക്തിയാണ് ചെറിയാൻ ഫിലിപ്പ് എന്ന് കെ. സുധാകരൻ പറഞ്ഞു. തിരികെ വന്ന ചെറിയാൻ ഫിലിപ്പിനെ രണ്ടു കയ്യും നീട്ടി കോൺഗ്രസിലേക്ക് സ്വീകരിക്കുന്നു. കോൺഗ്രസ്‌ ശക്തമായ പ്രതിസന്ധിയിലൂടെ കടന്നു പോകുമ്പോൾ കൈത്താങ്ങായി ചെറിയാൻ ഫിലിപ്പ് നിൽക്കുമെന്ന് കെ സുധാകരൻ കൂട്ടിച്ചേർത്തു.

‘ഇവിടെനിന്നും പൊട്ടികരഞ്ഞു കൊണ്ടാണ് ഇറങ്ങി പോയത്. ഇന്ന് പൊട്ടിച്ചിരിച്ചുകൊണ്ട് മടങ്ങി എത്തിയിരിക്കുന്നു’, അംഗത്വം സ്വീകരിച്ചു കൊണ്ട് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു. 20 വർഷകാലം തറവാട്ടിൽ ഉണ്ടായിരുന്നില്ല. സിപിഎം പാർട്ടിയുടെ സഹയാത്രികൻ ആയിരുന്നെങ്കിലും അവിടെ സ്വാതന്ത്ര്യമില്ലായിരുന്നു. നിലപാട് മാറ്റക്കാരനായി ചിത്രീകരിക്കപ്പെടുമോ എന്ന ഭയത്തിലാണ് സിപിഎമ്മിൽ കഴിഞ്ഞത്. കോൺഗ്രസിന്റെ പാരമ്പര്യം ഇന്ത്യയുടെ ആത്മാവുമായി ബന്ധപ്പെട്ട പ്രസ്ഥാനം ആണ്. അത് തകരില്ല. ഇവിടെ കോൺഗ്രസിന് ഒന്നും സംഭവിച്ചിട്ടില്ല. അഹങ്കാരത്തിൽ പെട്ടു പോയ സിപിഎം ചില്ലു കൊട്ടാരം പോലെ തകരും. അധികാരം വെട്ടിപിടിക്കാനല്ല വന്നത്. കെപിസിസി നൽകുന്ന ഏതു ചെറിയ സ്ഥാനവും ഏൽക്കുമെന്ന് ചെറിയാൻ ഫിലിപ്പ് കൂട്ടിച്ചേർത്തു.

Related posts

Leave a Comment