ഇ-മൊബിലിറ്റി വീണ്ടും പൊടി തട്ടിയെടുക്കുന്നതിനെതിരെ രമേശ് ചെന്നിത്തല

തിരുവനന്തപുരം: പ്രതിപക്ഷം നേരത്തെ അഴിമതി പിടികൂടിയതിനെത്തുടർന്ന്  നിർത്തി വച്ച ഈ മൊബിലിറ്റി പദ്ധതി പിൻവാതിലുടെ നടപ്പിലാക്കാനുള്ള സർക്കാർ നീക്കത്തിനെതിരെ രമേശ് ചെന്നിത്തല മുഖ്യമന്ത്രിക്ക് കത്ത് നൽകി.
പദ്ധതിയുടെ കൺസൾട്ടന്റായ  കരിമ്പട്ടികയിൽ പെട്ട വിവാദ കമ്പനി പ്രൈസ് വാട്ടർ കൂപ്പറുമായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന ചർച്ച ദുരൂഹത വർദ്ധിപ്പിക്കുന്നു എന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അഴിമതി നടത്തുന്നതിനാണ് ഈ പദ്ധതി വീണ്ടും പൊടി തട്ടിയെടുത്തിരിക്കുന്നത്. ചട്ടങ്ങളും മാനദണ്ഡങ്ങളുമെല്ലാം കാറ്റിൽ പറത്തിയുള്ള  നീക്കമാണ് നടത്തുന്നത്. ഹെസ്സ് എന്ന വിദേശ കമ്പനിയെ വഴിവിട്ട് സഹായിക്കാനും കമ്മീഷനടിക്കുന്നതിനുമുള്ള പദ്ധതിയാണിത്. പ്രതിപക്ഷം അഴിമതി കണ്ടു പിടിച്ചതിനെത്തുടർന്ന് ഉപേക്ഷിച്ചു എന്ന ആശ്വസത്തിൽ പൊതുജനം ഇരിക്കുമ്പോഴാണ് ആ പദ്ധതി വീണ്ടും പൊടി തട്ടി എടുക്കുന്നത്. കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെ സാന്നിദ്ധ്യത്തിൽ നടന്ന് ചർച്ചയുടെ മിനിട്‌സ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ട രമേശ് ചെന്നിത്തല പദ്ധതി സംബന്ധിച്ച ഒൻപത് ചോദ്യങ്ങളും ഉന്നയിച്ചു.

പദ്ധതിക്കെതിരെ ഒൻപത് ചോദ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകി

  1. ഏത് നടപടിക്രമങ്ങൾ അനുവർത്തിച്ചാണ് HESS എന്ന കമ്പനിയെ ഇ-ബസ് നിർമ്മാണത്തിനായി സർക്കാർ തെരഞ്ഞെടുത്തത്?
  2. ആരാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കൺസൾട്ടാന്റായി തെരെഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി  തെരഞ്ഞെടുത്തത്?
  3. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വർ നിർമ്മിക്കുന്നതിനും ധാരണാപത്രത്തിൽ ഏർപ്പെടുന്നതിനും സർക്കാർ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുൻകൈ എടുത്തത്?
  4. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
  5. ജോയിന്റ് വെൻച്ച്വറിൽ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സർക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
  6. 6000 കോടി രൂപ മുതൽമുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടർ ക്ഷണിക്കാതിരുന്നത്?
  7. ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
  8. ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിംഗിൽ ഹെസ് കമ്പനിയുടെ പ്രതിനിധികൾ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
  9. കരാർകമ്പനിയെ മുൻകൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണോ?

 കത്തിന്റെ പൂർണ്ണരൂപം

സ്വിറ്റ്സർലാന്റ് ആസ്ഥാനമായ ഹെസ് കമ്പനിയുമായി ചേർന്നുള്ള ഇ-മൊബിലിറ്റി പദ്ധതിയുടെ നിർവ്വഹണപ്രവർത്തനങ്ങളുമായി സംസ്ഥാന സർക്കാർ വീണ്ടും മുന്നോട്ട് നീങ്ങുന്നതായുള്ള റിപ്പോർട്ടുകൾ ശ്രദ്ധയിൽപ്പെട്ടു. കൂടാതെ ഈ പദ്ധതിയുടെ തുടർ നടപടികൾ ആലോചിക്കുന്നതിനായി താങ്കളുടെ അദ്ധ്യക്ഷതയിൽ 02.11.2021 ന് ഒരു മീറ്റിംഗ് നടന്നതായും മനസ്സിലാക്കുന്നു. ഒട്ടേറെ ആരോപണങ്ങളുടേയും ക്രമക്കേടുകളുടേയും പശ്ചാത്തലത്തിൽ ഈ പദ്ധതി സർക്കാർ ഉപേക്ഷിച്ചു എന്ന ആശ്വാസമാണ് പൊതുസമൂഹത്തിനുണ്ടായിരുന്നത്. എന്നാൽ ഈ വിവാദ പദ്ധതിയുമായി മുന്നോട്ട് നീങ്ങാനുള്ള സർക്കാരിന്റെ തീരുമാനം തികച്ചും പ്രതിഷേധാർഹമാണ്. നിരവധി ക്രമക്കേടുകളാണ് ഈപദ്ധതിയുടെ നിർവ്വഹണവുമായി തുടക്കം മുതൽ തന്നെ നടന്നിട്ടുള്ളത്. സെബി നിരോധിച്ച  പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന വിവാദ കമ്പനിയെയാണ്  ഇ-മൊബിലിറ്റി പദ്ധതിയുടെ ഭാഗമായ ഇ- ബസ് പദ്ധതിയുടെ കൺസൾട്ടൻസിയായി സർക്കാർ തെരഞ്ഞെടുത്തത്. സെബിയുടെ നിരോധനം മറികടക്കുന്നതിന് ഈ കമ്പനി സ്വീകരിച്ചിട്ടുള്ള വളഞ്ഞ വഴികളും, നിയമത്തിന്റെ പഴുതുകൾ മറികടക്കാനെടുത്ത കുതന്ത്രങ്ങളും പൊതുസമൂഹത്തിൽ നിരവധി തവണ ചർച്ചചെയ്തിട്ടുള്ളതാണ്. കൂടാതെ പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിന് ഈ പദ്ധതിയുടെ കൺസൾട്ടൻസി നൽകുന്നതിനെതിരെ  ഇന്ത്യയിലെ മികച്ച നിയമജ്ഞരായ ജസ്റ്റിസ് എ.പി ഷായും, അഡ്വ. പ്രശാന്ത് ഭൂഷണും അടക്കമുള്ളവർ ഉയർത്തിയ എതിർപ്പുകളും, വിമർശനങ്ങളും, താങ്കൾക്ക് അവർ നൽകിയ കത്തുകളും ഈ അവസരത്തിൽ വീണ്ടും താങ്കളുടെ ശ്രദ്ധയിൽപ്പെടുത്തുകയാണ്.  ഈ എതിർപ്പുകളേയും, മുന്നറിയിപ്പുകളേയും അവഗണിച്ചുകൊണ്ട് പ്രസ്തുത പദ്ധതിയുടെ നിർവ്വഹണപ്രവർത്തനങ്ങളുമായി  മുന്നോട്ട് നീങ്ങുന്നതിന്റെ ആവശ്യവും ചേതോവികാരവും എന്തെന്ന്  സർക്കാർ വ്യക്തമാക്കണം.  ഇ-മെബിലിറ്റി പദ്ധതിയുടെ ഭാഗമായി കെ.എസ്.ആർടിസിക്ക് ഇ-ബെസുകൾ നിർമ്മിച്ചു നൽകാൻ സ്വിറ്റ്സർലെൻഡ് ആസ്ഥാനമായ HESS എന്ന കമ്പനിയെ സർക്കാർ തെരഞ്ഞെടുത്തതിലും വലിയ ദുരൂഹത നിലനിൽക്കുന്നുണ്ട്. National Informatics Cetnre Services Inc. (NICSI  (നിക്സി) എം-പാനൽ കമ്പനിയായതുകൊണ്ടാണ് ടെണ്ടർ ഇല്ലാതെ നൽകിയതെന്ന താങ്കളുടെ വാദങ്ങൾക്ക് യാതൊരുവിധ അടിസ്ഥാനവുമില്ല എന്ന കാര്യം മുൻപ് നിരവധി തവണ ഞാൻ വ്യക്തമാക്കിയിട്ടുള്ളതാണ്. ഒരു കമ്പനിയെ സർക്കാർ കൺസൾട്ടന്റായി തെരഞ്ഞെടുക്കേണ്ടത് എങ്ങനെയാണ് എന്നത് സംബന്ധിച്ച വിശദമായ മാർഗ്ഗനിർദേശങ്ങൾ നിക്സി പുറപ്പെടുവിച്ചിട്ടുണ്ട്. അത് പ്രകാരം ഒരു പ്രത്യേക കമ്പനിയെ കൺസൾട്ടന്റായി നിശ്ചയിക്കാൻ തീരുമാനിച്ചാൽ ആ വിവരം നിക്സിയെ അറിയിക്കണം. പിന്നീട് നിക്സി അവരുമായി കരാറിൽ ഏർപ്പെടണം. നിക്സി എംപാനൽ ചെയത കമ്പനികൾക്ക് ടെണ്ടർ ഒഴിവാക്കി കരാർ നൽകാമെന്ന് കേരളം  ക്യാബിനറ്റ് തീരുമാനമെടുത്തിട്ടുണ്ടെങ്കിൽ പ്രസ്തുത തീരുമാനത്തിന്റെ പകർപ്പ് കേരള സമൂഹത്തിന് മുന്നിൽ വയ്ക്കണമെന്ന് ഞാൻ നിരവധി തവണ താങ്കളോട് ആവശ്യപ്പെട്ടിരുന്നതാണ്. എന്നാൽ ഇതിൽ നിന്നും സൗകര്യപൂർവ്വം ഒഴിഞ്ഞുമാറുന്ന സമീപനമാണ് താങ്കൾ സ്വീകരിച്ചത്. 2013 ൽ പുറത്തിറക്കിയ കേന്ദ്രസർക്കാർ പദ്ധതിയായ നാഷണൽ മൊബിലിറ്റി മിഷൻ പ്ലാൻ 2020 പ്രകാരമാണ് കേരളത്തിലും ഇ- മൊബിലിറ്റി പദ്ധതി കൊണ്ടുവരുന്നതിനുള്ള നടപടികൾക്ക് സർക്കാർ തുടക്കമിടുന്നത്. ഈ പദ്ധതി തികച്ചും സുതാര്യമായി നടത്താൻ സാധിക്കും എന്നിരിക്കേ സ്വിസർലെൻഡ് ആസ്ഥാനമായ HESS എന്ന കമ്പനിയെ വഴിവിട്ടു സഹായിക്കുന്നതിനുള്ള നീക്കമാണ് സർക്കാർ നടത്തുന്നത്. 2018 മുതൽ പ്രസ്തുത കമ്പനിയുമായി വിവിധ തരത്തിലുള്ള ചർച്ചകൾ സർക്കാർ നടത്തിയിരുന്നു. ഈ കമ്പനിയുടെ നിർദേശപ്രകാരമാണ് കേരള ഓട്ടോമൊബൈൽ ലിമിറ്റഡുമായി ചേർന്ന് ഒരു ജോയിന്റ് വെഞ്ച്വർ തുടങ്ങാൻ സർക്കാർ മുൻപ് ആലോചന നടത്തിയത്. എന്നാൽ ഇവരുമായി ഏകപക്ഷീയമായി ധാരണാപത്രം ഒപ്പിടാനുള്ള ശ്രമം അന്നത്തെ ചീഫ് സെക്രട്ടറിയുടേയും, ധനകാര്യവകുപ്പ് ഉദ്യോഗസ്ഥരുടേയും എതിർപ്പിനെ തുടർന്നാണ് നടക്കാതെ പോയത്. ഇക്കാര്യത്തിൽ മുൻപ് പല തവണ പല സന്ദർഭങ്ങളായി ഉന്നയിച്ചിരുന്ന ചോദ്യങ്ങൾ ഞാൻ വീണ്ടും ആവർത്തിക്കുകയാണ്.

  1. ഏത് നടപടിക്രമങ്ങൾ അനുവർത്തിച്ചാണ് HESS എന്ന കമ്പനിയെ ഇ-ബസ് നിർമ്മാണത്തിനായി സർക്കാർ തെരഞ്ഞെടുത്തത്?
  2. ആരാണ് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്പനിയെ ഇതിനായി കൺസൾട്ടാന്റായി തെരെഞ്ഞെടുത്ത്. എന്ത് മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ ഇതിനായി  തെരഞ്ഞെടുത്തത്?
  3. ഹെസ് എന്ന കമ്പനിയെ മാത്രം മുൻനിറുത്തി ഇങ്ങനെ ഒരു ജോയിന്റ് വെഞ്ച്വർ നിർമ്മിക്കുന്നതിനും ധാരണാപത്രത്തിൽ ഏർപ്പെടുന്നതിനും സർക്കാർ തീരുമാനമെടുത്തത് ഏത് മാനദണ്ഡത്തിന്റേയും ചട്ടങ്ങളുടേയും അടിസ്ഥാനത്തിലാണ്.ആരാണ് ഇതിന് മുൻകൈ എടുത്തത്?
  4. ഈ പദ്ധതിയുടെ ഭാഗമായി നിർമ്മിക്കപ്പെടുന്ന 3000 ബസുകളുടെ വില എന്ത് അടിസ്ഥാനത്തിലാണ് തീരുമാനിച്ചിട്ടുള്ളത്?
  5. ജോയിന്റ് വെൻച്ച്വറിൽ സ്വകാര്യ കമ്പനിയായ ഹെസ്സിന് 51 ശതമാനം ഓഹരിയും സർക്കാരിന് 49 ശതമാനം ഓഹരിയും എന്ന അനുപാതം എപ്രകാരമാണ് / ഏത് അടിസ്ഥാനത്തിലാണ് നിശ്ചയിച്ചത്?
  6. 6000 കോടി രൂപ മുതൽമുടക്ക് കണക്കാക്കുന്ന ഈ പദ്ധതിക്ക് എന്തുകൊണ്ടാണ് ആഗോള ടെണ്ടർ ക്ഷണിക്കാതിരുന്നത്?
  7. ചീഫ് സെക്രട്ടറിയുടെ ധനകാര്യവകുപ്പും ഉന്നയിച്ച തടസ്സവാദങ്ങളെ മറികടന്ന് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ വിശദമായ പദ്ധതി രേഖ തയ്യാറാക്കാൻ ചുമതലപ്പെടുത്തിയത് എന്ത് കാരണത്തിന്റെ അടിസ്ഥാനത്തിലാണ്?
  8. ഡീറ്റയിൽഡ് പ്രോജക്ട് റിപ്പോർട്ട് തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സുമായുളള ചീഫ് സെക്രട്ടറിതല മീറ്റിംഗിൽ ഹെസ് കമ്പനിയുടെ പ്രതിനിധികൾ പങ്കെടുത്തത് ഈ ക്രമക്കേടുകളുടെ ഏറ്റവും വലിയ തെളിവല്ലേ?
  9. കരാർകമ്പനിയെ മുൻകൂട്ടി നിശ്ചയിച്ച് പദ്ധതിയുടെ പ്രായോഗിക പഠനത്തിനായി പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സിനെ നിയോഗിച്ചത് നിലവിലുള്ള ഏത് ചട്ടങ്ങളുടേയും, മാനദണ്ഡങ്ങളുടേയും അടിസ്ഥാനത്തിലാണ്?
    ഈ ചോദ്യങ്ങൾക്ക് താങ്കളിൽ നിന്നും കൃത്യവും, വ്യക്തവുമായ ഉത്തരം പൊതുസമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
    കെ.എസ്.ആർ.ടിക്ക് പുതിയ വൈദ്യുതി ബസ്സുകൾ ലഭ്യമാക്കുന്നതിനോ,  കാലോചിതമായ നവീകരണ പ്രവർത്തനങ്ങളും, ആധുനിക പരിഷ്‌കാരങ്ങളും നടത്തുന്നതിനോ ആരും എതിരല്ല. എന്നാൽ വളഞ്ഞ വഴിയിലുടേയും, അഴിമതി മുന്നിൽകണ്ടും നടത്തുന്ന യാതൊരു നടപടിയേയും പൊതുസമൂഹം ശക്തിയുക്തം എതിർത്ത് തോൽപ്പിക്കും. കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ ശമ്പളത്തിനും, പെൻഷനും ആവശ്യമായ ഫണ്ട് പോലും കൃത്യമായി ലഭ്യമാക്കാൻ സാധിക്കാത്ത സർക്കാരാണ് ഒരു വിദേശ കമ്പനിക്ക് ആയിരക്കണക്കിന് കോടി രൂപയുടെ ഫണ്ട് യാതൊരു മാനദണ്ഡവും  പാലിക്കാതെ  നൽകാൻ ശ്രമിക്കുന്നത്.  കെ.എസ്.ആർ.ടി.സിക്ക് ഈ കരാർ വൻസാമ്പത്തിക ബാധ്യത വരുത്തിവയ്ക്കുമെന്ന കാര്യത്തിൽ ഒരു തർക്കവുമില്ല. ഇക്കാര്യത്തിൽ ജീവനക്കാർക്കും, യൂണിയനുകൾക്കും വലിയ ആശങ്കയുണ്ട്. ഈ ഇടപാടിലൂടെ കെ.എസ്.ആർ.ടി.സിക്ക് 540 കോടി രൂപയുടെ വാർഷിക നഷ്ടം ഉണ്ടാകുമെന്ന വാർത്തകളും പുറത്തുവന്നിട്ടുണ്ട്. അടിമുടി ക്രമക്കേടുകളും, ദുരൂഹതകളും നിറഞ്ഞതും കെ.എസ്.ആർടിക്ക് വലിയ സാമ്പത്തികബാധ്യതയും, നഷ്ടവും വരുത്തിവയ്ക്കുന്നതുമായ ഈ പദ്ധതിയുമായി ഇന്നത്തെ നിലയിൽ ഇപ്രകാരം തന്നെ മുന്നോട്ട് പോകേണ്ടതുണ്ടോ എന്ന കാര്യത്തിൽ സർക്കാർ പുനരാലോചന നടത്തണം.
    ഇ-മൊബിലിറ്റിപദ്ധതിക്കോ, ഇ-ബസ് നിർമ്മാണത്തിനോ ആരും എതിരല്ല എന്നാൽ സുതാര്യവും, സത്യസന്ധവുമായ കൂടിയാലോചനകളിലൂടെയും, ടെണ്ടർ നടപടിക്രമങ്ങൾ പാലിച്ചും മാത്രമേ ഇതുമായി ബന്ധപ്പെട്ട തുടർ നടപടികളുമായി സർക്കാർ മുന്നോട്ട് നീങ്ങാവൂ എന്ന് ഞാൻ വീണ്ടും ആവശ്യപ്പെടുകയാണ്. കൂടാതെ ഇ-മൊബിലിറ്റി പദ്ധതിയുമായി ബന്ധപ്പെട്ട് താങ്കളുടെ  അദ്ധ്യക്ഷതയിൽ ഇന്നലെ (02.11.2021) ചേർന്ന യോഗത്തിന്റെ മിനിട്സ് കൂടി അടിയന്തിരമായി പുറത്തുവിടണമെന്നും താൽപര്യപ്പെടുന്നു.
    വിശ്വസ്തതയോടെ

രമേശ് ചെന്നിത്തല

ശ്രീ. പിണറായി വിജയൻ
ബഹു. മുഖ്യമന്ത്രി

Related posts

Leave a Comment