പച്ചക്കാനം ഗവിയില്‍ ഇന്നു ചെന്നിത്തലയുടെ ഗാന്ധിസ്മൃതി

പത്തനംതിട്ട: മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ഗാന്ധിഗ്രാമം പരിപാടി ഇന്ന് (ഒക്ടോബർ 2)പത്തനംതിട്ട ജില്ലയിലെ ഗവിയിൽ നടക്കും. കെപിസിസി പ്രസിഡന്‍റായിരിക്കെ അദ്ദേഹം തുടങ്ങിവച്ച ഹരിജന്‍- ആദിവാസി പിന്നാക്ക സൗഹൃദ സമ്പര്‍ക്ക പരിപാടിയുടെ ഒന്‍പതാം വാര്‍ഷികമാണിന്ന്.

രാവിലെ 9 ന് ഗവി നിവാസികൾ രമേശ് ചെന്നിത്തലയെ സ്വീകരിക്കും. ഗവിനിവാസികൾക്കൊപ്പം പ്രഭാതഭക്ഷണം കഴിച്ചശേഷം പരിപാടിക്ക് ആരംഭമാകും.പരിപാടിയുടെ ഭാഗമായി എസ്.എസ്.എൽ.സി., ഹയർ സെക്കൻഡറി പരീക്ഷകളിൽ ഉന്നതവിജയം നേടിയവരെ അഭിനന്ദിക്കും. ഗവിയിലെ മുഴുവൻ കുടുംബങ്ങൾക്കും ഭക്ഷ്യക്കിറ്റുകൾ വസ്ത്രങ്ങൾ,62 വൃദ്ധജനങ്ങൾക്ക് കമ്പിളിപ്പുതപ്പുകൾ, വിദ്യാർത്ഥികൾക്ക് പഠനോപകരണങ്ങൾ എന്നിവ വിതരണം ചെയ്യും.ഗാന്ധിഗ്രാമം പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു നൽകുന്ന വീടിൻ്റെ ശിലാസ്ഥാപനം നിർവ്വഹിക്കും. ഒരു വർഷം നീണ്ടു നിൽക്കുന്ന ഗാന്ധിഗ്രാമം പരിപാടിയുടെ പ്രഖ്യാപനവും നടത്തും.

രമേശ് ചെന്നിത്തല കെ.പി.സി.സി.പ്രസിഡൻറായിരിക്കുമ്പോഴാണ് ഗാന്ധിഗ്രാമം പരിപാടിക്ക് തുടക്കമിടുന്നത്. 2012 ജൂണിൽ അട്ടപ്പാടി ആദിവാസി ഊരുകളിൽ നടത്തിയ സന്ദർശനമാണ് ഇത്തരമൊരു പരിപാടിക്കു പ്രേരകമായത്.
2012 ഒക്ടോബർ 2 ന് മാളയിലെ ദളിത് കോളനിയിൽ ആയിരുന്നു ഗാന്ധിഗ്രാമം പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നടന്നത്.തുടർന്ന് 14 ജില്ലകളിലെ 14 പട്ടികജാതി കോളനികൾ സന്ദർശിച്ച് കോളനി നിവാസികളുടെ പ്രശ്നങ്ങൾ നേരിട്ടു മനസ്സിലാക്കുകയും, കോളനികളുടെ വികസനത്തിന് കോടിക്കണക്കിനു രൂപയുടെ സർക്കാർസഹായം ലഭ്യമാക്കുകയും ചെയ്തു. വീടുനിർമ്മാണത്തിനും, വിദ്യാഭ്യാസത്തിനും, ചികിത്സയ്ക്കും മറ്റും ഗാന്ധിഗ്രാമം ഫണ്ടിൽനിന്ന് ധനസഹായം അനുവദിച്ചു. നിരവധി പേർക്ക് ജോലി ഉറപ്പാക്കി. ഒട്ടേറെ വികസന – ക്ഷേമപരിപാടികൾ യാഥാർത്ഥ്യമാക്കി.ഗാന്ധിഗ്രാമം പരിപാടി തുടർന്നുകൊണ്ടിരിക്കുകയാണ്.

Related posts

Leave a Comment