നിയമസഭ കയ്യാങ്കളി കേസ്: സ്‌പെഷൽ പ്രോസിക്യൂഷൻ വേണമെന്ന് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭയിൽ മുൻ ധനമന്ത്രി കെ.എം മാണിയുടെ ബജറ്റ് പ്രസംഗത്തിനിടെ നടന്ന അക്രമവുമായി ബന്ധപ്പെട്ട കേസിൽ സ്‌പെഷൽ പ്രോസിക്യൂഷൻ വേണമെന്ന ആവശ്യവുമായി രമേശ് ചെന്നിത്തല കോടതിയിൽ. കേസ് നീതിപൂർണമായി നടക്കണമെങ്കിൽ സ്‌പെഷൽ പ്രോസിക്യൂഷനെ നിയമിക്കണമെന്നാണ് ചെന്നിത്തല നൽകിയ ഹർജിയിലെ ആവശ്യം. നേരത്തെ, കയ്യാങ്കളി കേസിൽ കക്ഷി ചേർക്കണം എന്ന ആവശ്യവുമായി രമേശ് ചെന്നിത്തലയും ബിജെപി അനുകൂല അഭിഭാഷക സംഘടനയും നൽകിയ ഹർജികളുടെ വിധി പിന്നീട് കോടതി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഇതിനു ശേഷമേ വിദ്യാഭ്യാസമന്ത്രി അടക്കമുള്ള ഇടതു നേതാക്കൾ നൽകിയ വിടുതൽ ഹർജിയിൽ കോടതി വാദം പരിഗണിക്കൂ. കേസിൽനിന്നും ഒഴിവാക്കണം എന്ന് ആവശ്യപ്പെട്ട് പ്രതികൾ നൽകിയ ഹർജി സുപ്രീം കോടതി തള്ളിയിരുന്നു. ഇതോടെ കേസിലെ മുഴുവൻ പ്രതികളും വിചാരണ നേരിടും. മന്ത്രി വി. ശിവൻകുട്ടി, കെ.ടി. ജലീൽ എംഎൽഎ, മുൻ എംഎൽഎമാരായ ഇ.പി.ജയരാജൻ, കെ.അജിത്, കെ.കുഞ്ഞഹമ്മദ്, സി.കെ.സദാശിവൻ എന്നിവരാണ് കേസിലെ പ്രതികൾ.
2015 മാർച്ച് 13 ന് അന്നത്തെ ധനമന്ത്രി കെ.എം.മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാൻ ആക്രമണം നടത്തി 2.20  ലക്ഷം രൂപയുടെ നഷ്ടം വരുത്തി എന്നാണ് പൊലീസ്  കേസ്.

Related posts

Leave a Comment