ഇന്നറിയാം ചാമ്പ്യന്മാരെ; ഐ പി എൽ ഫൈനലിൽ ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും

ദുബായ്: ഐ.പി.എൽ 14 -ാം സീസണ്‍ ഫൈനലിൽ ഇന്ന് ചെന്നൈ സൂപ്പർ കിങ്‌സ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ നേരിടും. കലാശക്കൊട്ടിന് ദുബായ് അന്താരാഷ്ര സ്റ്റേഡിയമൊരുങ്ങി. ലോകത്തിലെ ഏറ്റവും വലിയ ഫ്രാഞ്ചൈസി ലീഗായ ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ പുതിയ ജേതാക്കളെ അറിയാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. എംഎസ് ധോണിയുടെ ചെന്നൈ സൂപ്പര്‍ കിങ്‌സും ഇംഗ്ലീഷ് ക്യാപ്റ്റന്‍ ഒയ്ന്‍ മോര്‍ഗന്റെ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സും കൊമ്പുകോർക്കുമ്പോൾ പ്രവചനം ദുഷ്‌കരം. മൂന്നു കിരീടങ്ങളുടെ കരുത്തില്‍ ചെന്നൈ ഇറങ്ങുമ്പോൾ മറുവശത്ത്‌ മൂന്നാം കിരീടം ലക്ഷ്യമിട്ടാണ് കൊൽക്കത്ത.

ചെന്നൈയുടെ കഴിഞ്ഞ മൂന്നു കിരീടങ്ങളും ധോണിക്കു കീഴില്‍ തന്നെയായിരുന്നു. കൊൽക്കത്ത നേരത്തേ ഗൗതം ഗംഭീറിന്റെ ക്യാപ്റ്റന്‍സിയിലാണ് രണ്ടു തവണ ജേതാക്കളായത്. കെകെആറിന്റെ എലൈറ്റ് ക്യാപ്റ്റന്‍മാരുടെ നിരയിലേക്കു തന്റെ പേരും എഴുതിച്ചേര്‍ക്കാനുള്ള അവസരമാണ് മോര്‍ഗനു ലഭിച്ചിരിക്കുന്നത്.

2010, 11, 18 സീസണുകളിലാണ് ചെന്നൈ നേരത്തേ ഐപിഎല്ലില്‍ ചാംപ്യന്‍മാരായിട്ടുള്ളത്. കൊല്‍ക്കത്തയാവട്ടെ 2012, 14 സീസണുകളിലാണ് ജേതാക്കളായത്. ചെന്നൈയ്ക്കു ഇതു ഒമ്പതാം ഫൈനലാണ്. ഏറ്റവുമധികം തവണ ഫൈനല്‍ കളിച്ചിട്ടുള്ളതും അവര്‍ തന്നെയാണ്. ഐപിഎല്ലില്‍ ഇതു രണ്ടാം തവണയാണ് ഫൈനലില്‍ ചെന്നൈയും കൊല്‍ക്കത്തയും നേര്‍ക്കുനേര്‍ വരുന്നത്. നേരത്തേ 2012ലും ഇവര്‍ തമ്മിലായിരുന്നു അങ്കം. അന്നു ചെന്നൈയെ അഞ്ചു വിക്കറ്റിനു തകർത്തു കൊല്‍ക്കത്ത കന്നിക്കിരീടം കൈക്കലാക്കുകയായിരുന്നു.

കൊല്‍ക്കത്തയാവട്ടെ ഇതു മൂന്നാം തവണയാണ് ടൂര്‍ണമെന്റിന്റെ ഫൈനലില്‍ കളിക്കുന്നത്. നേരത്തേ മാറ്റുരച്ച രണ്ടു കലാശക്കളിയിലും ജയിക്കാന്‍ അവര്‍ക്കായിട്ടുണ്ട്. കണക്കുകളിലേക്കു വന്നാല്‍ കൊല്‍ക്കത്തയ്‌ക്കെതിരേ ചെന്നൈയ്ക്കാണ് മേല്‍ക്കൈ. ഇതുവരെ 24 മല്‍സരങ്ങളില്‍ 16ലും വിജയം ചെന്നൈയ്ക്കായിരുന്നു. എട്ടു കളികളിലാണ് കെകെആറിനു ജയിക്കാനായത്. മാത്രമല്ല അവസാനത്തെ ആറു മല്‍സരങ്ങളില്‍ അഞ്ചിലും ചെന്നൈ ജയിച്ചിട്ടുണ്ട്. ഈ സീസണില്‍ നേരത്തേ നടന്ന ലീഗ് ഘട്ടത്തില്‍ രണ്ടു പാദങ്ങളിലും കൊല്‍ക്കത്തയെ ചെന്നൈ തോല്‍പ്പിച്ചിരുന്നു.

ദുബായ് രാജ്യാന്തര സ്റ്റേഡിയത്തിൽ രാത്രി 7.30 നാണ് മത്സരം.

Related posts

Leave a Comment