ചെങ്ങോടുമല കുടിവെള്ള ടാങ്ക്; ഹൈക്കോടതി വിധി നടപ്പിലാക്കണം.

നടുവണ്ണൂർ: ചെങ്ങോടു മലയിൽ ക്വാറി മാഫിയ തകർത്ത കുടിവെള്ള ടാങ്ക് പുന:സ്ഥാപിക്കണമെന്ന ഹൈക്കോടതി വിധി നടപ്പിലാക്കാൻ കോട്ടൂർ ഗ്രാമപഞ്ചായത്ത് തയ്യാറാകണമെന്ന് യൂത്ത് കോൺഗ്രസ് കോട്ടൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഹൈക്കോടതി വിധി വന്നിട്ട് ഒന്നര വർഷം പിന്നിട്ടിരിക്കുകയാണ്.  ടാങ്ക് നിർമിക്കാൻ നിരവധി അവസരങ്ങൾ ഉണ്ടായിട്ടും ക്വാറി മാഫിയക്ക് സൗകര്യമൊരുക്കുന്ന നിലപാടാണ് പഞ്ചായത്തിന്റെ ഭാഗത്തു നിന്നും ഉണ്ടായിട്ടുള്ളതെന്ന് യൂത്ത് കോൺഗ്രസ് ആരോപിച്ചു. അവിടെ ടാങ്ക് നിർമിച്ചിരുന്നെങ്കിൽ ക്വാറി ഭീഷണി ഒരിക്കലും നിലനിൽക്കില്ലായിരുന്നു. ടാങ്കിനു വേണ്ടി രണ്ട് സ്വകാര്യ വ്യക്തികൾ നൽകിയ സ്ഥലം ബാലുശ്ശേരി ബ്ലോക്ക് പഞ്ചായത്ത് ഏറ്റെടുക്കുന്നതിൽ വലിയ വീഴ്ച്ച വരുത്തിയതാണ് ടാങ്ക് പൊളിക്കുന്നതിലേക്ക് വഴിവെച്ചത്. ടാങ്കിന്റെ സ്ഥലം ഇനിയും ഏറ്റെടുക്കാൻ അവസരമുണ്ടെന്നിരിക്കെ ബ്ലോക്ക് പഞ്ചായത്ത് ഒളിച്ചുകളിക്കുകയാണെന്നും യൂത്ത് കോൺഗ്രസ് ആരോപിച്ചു. രജീഷ് കൂട്ടാലിട  അധ്യക്ഷത വഹിച്ചു. സിറാജ് കാളിയത്ത്, ടി. കെ. അനുമോദ്, വി. പി.സുവീൻ , അർജ്ജുൻ പൂനത്ത്,ബി. എസ്. മിഥുൻ, കെ. അഖിൽ,ഇ. ആദർശ്, എസ്. എം. അർജ്ജുൻ എന്നിവർ സംസാരിച്ചു.

Related posts

Leave a Comment