ചെങ്ങറ-അരിപ്പ ഭൂസമര പ്രക്ഷോഭം ശക്തമാകുന്നു; സെക്രട്ടറിയേറ്റ് പടിക്കൽ 101 മണിക്കൂർ സത്യഗ്രഹം

തിരുവനന്തപുരം: ചെങ്ങറ-അരിപ്പ  ഭൂസമര പ്രക്ഷോഭവുമായി ബന്ധപ്പെട്ട ദലിത്-ആദിവാസി ഭൂരഹിതര്‍ക്ക് ഭൂമി ലഭിക്കുന്നതിന് വേണ്ടി 101 മണിക്കൂര്‍ നീണ്ടു നില്‍ക്കുന്ന സത്യഗ്രഹസമരം നാളെ ആരംഭിക്കും. രാവിലെ ഒമ്പതിന്  എൻ.കെ പ്രേമചന്ദ്രൻ എംപി ഉദ്ഘാടനം ചെയ്യും. മറ്റന്നാൾ രാവിലെ പത്തിന് സമരത്തോട് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ സമരപ്പന്തലിലെത്തും. ജനുവരി ഏഴിന് ഉച്ചയ്ക്ക് രണ്ടിന് സമാപന സമ്മേളനം വി.എം സുധീരൻ ഉദ്ഘാടനം ചെയ്യും.
ചെങ്ങറ ഭൂസമരത്തില്‍ പങ്കാളികളായിരുന്ന 1495 ഭൂരഹിത ദലിത്-ആദിവാസി കുടുംബങ്ങള്‍ക്ക് 2010-ല്‍ ഭൂമി വാഗ്ദാനം ചെയ്തിരുന്ന പാക്കേജിന്റെ ഭാഗമായി  പട്ടയം കിട്ടിയ കുടുംബങ്ങള്‍  വഞ്ചിക്കപ്പെട്ട പശ്ചാത്തലത്തിലാണ്  ദലിത്-ആദിവാസി സംഘടനകളുടെ സംയുക്തവേദിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം പുനരാരംഭിക്കുന്നത്. കാസര്‍ഗോഡ്, ഇടുക്കി, അട്ടപ്പാടി തുടങ്ങിയ മേഖലകളിലാണ് പട്ടയവിതരണം നടത്തിയിരുന്നതെങ്കിലും 120 കുടുംബങ്ങള്‍ക്കു മാത്രമേ വാസയോഗ്യവും, കൃഷിയോഗ്യവുമായ ഭൂമി ലഭിച്ചിരുന്നുള്ളൂ. മഹാഭൂരിപക്ഷം പട്ടയ ഉടമകളും വഞ്ചിക്കപ്പെട്ടു. സര്‍ക്കാരിന്റെ വാഗ്ദാനലംഘനത്തിനെതിരെ ആദിവാസി-ദലിത് മുന്നേറ്റ സമിതി കേരള ഹൈക്കോടതിയില്‍സമര്‍പ്പിച്ച കേസില്‍ പട്ടയ ഉടമകള്‍ക്കും ഭരഹിതര്‍ക്കും ഭൂമി നല്‍കേണ്ട ബാദ്ധ്യത സര്‍ക്കാരിനുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.
എന്നാല്‍, ഭൂരഹിതരായ പട്ടയ ഉടമകളുടെ കൃത്യമായ വിവരം കോടതിയില്‍ സമര്‍പ്പിക്കാതെ ഉത്തരവാദിത്വത്തില്‍ നിന്നും ഒഴിഞ്ഞു മാറുന്ന നടപടിയാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴയിലുള്ള അരിപ്പയില്‍ ഒരു ദശകത്തോളമായി  ആദിവാസി-ദലിത് മുന്നേറ്റ സമിതിയുടെ നേതൃത്വത്തില്‍ നടന്നു വരുന്ന  ഭൂരഹിതരുടെ പ്രക്ഷോഭത്തോടും നിഷേധാത്മകമായ സമീപനമാണ് സര്‍ക്കാര്‍ കൈക്കൊള്ളുന്നത്.  സമരഭൂമിയിലുള്ള ഭൂരഹിതരുടെ സ്ഥിതിവിവരം കണക്കാക്കല്‍ വിവിധ ഘട്ടങ്ങളിലായി റവന്യൂ ഉദ്യോഗസ്ഥര്‍ ശേഖരിക്കുകയും സര്‍ക്കാരിനു മുന്നില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നെങ്കിലും ഭൂവിതരണം നടത്താന്‍ നാളിതുവരെ തയ്യാറായിട്ടില്ല. കോവിഡ് കാലത്ത്   ഭക്ഷ്യകിറ്റ് വിതരണം നടത്താനോ, സൗജന്യ റേഷന്‍ വിതരണം നടത്താനോ സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്ന് മാത്രമല്ല ചതുപ്പുനിലം കൃഷിയോഗ്യമാക്കി മാറ്റി നെല്‍കൃഷി ചെയ്തു വന്നിരുന്ന ഒരു നടപടി വിധ്വംസക പ്രവര്‍ത്തനമാണെന്ന് ആരോപിച്ച് കാര്‍ഷികവൃത്തി നിരോധിക്കുന്ന നടപടിയാണ്  സര്‍ക്കാര്‍ ചെയ്തു വരുന്നതെന്ന് സമരസമിതി ആരോപിച്ചു.
അഞ്ചുലക്ഷത്തിലേറെ ഏക്കര്‍ ഭൂമി വ്യാജരേഖകളിലൂടെ കൈവശം വെച്ചു വരുന്ന കോര്‍പ്പറേറ്റുകളില്‍ നിന്നും ഭൂമി ഏറ്റെടുക്കുന്നതിനു പകരം വന്‍കിട വിമാന താവളങ്ങള്‍ക്കും  ഭൂമാഫിയാകള്‍ക്കും ഭൂമി കൈമാറി റിയല്‍ എസ്റ്റേറ്റ് വ്യാപാരത്തെ പ്രോത്സാഹിപ്പിക്കുന്ന സമീപനമാണ് സര്‍ക്കാര്‍ തുടര്‍ന്നു വരുന്നതെന്നും ഈ പശ്ചാത്തലത്തിലാണ് സെക്രട്ടറിയേറ്റ് പടിക്കൽ സത്യഗ്രഹ സമരത്തിന് ഇറങ്ങുന്നതെന്നും ആദിവാസി -ദലിത് മുന്നേറ്റ സമിതി പ്രസിഡന്റ് ശ്രീരാമൻ കൊയ്യോൻ, ആലംകോട് സുരേന്ദ്രൻ എന്നിവർ അറിയിച്ചു. സമരത്തിൽ സി.പി. ജോണ്‍, ഹമീദ് വാണിയമ്പലം, എം. ഗീതാനന്ദന്‍, സണ്ണി എം. കപിക്കാട്, കെ.അംബുജാക്ഷന്‍, കെ.കെ.സുരേഷ്, പി.എം.വിനോദ്, സി.എസ്. മുരളി,  ഐ.ആര്‍. സദാനന്ദന്‍, സുരേഷ് കക്കോട് തുടങ്ങി വിവിധ ദലിത്-ആദിവാസി-പൗരാവകാശ -രാഷ്ട്രീയ, സംഘടനാ നേതാക്കളും പങ്കെടുക്കും.

Related posts

Leave a Comment