ചെമ്പകച്ചുവട്ടിലെ നറുമണം – ഭദ്ര ; ചെറുകഥ വായിക്കാം

എഴുത്തുകാരിയെ പരിചയപ്പെടാം

ഭദ്ര, എഴുത്തുകാരി

ചെമ്പകച്ചുവട്ടിലെ നറുമണം

നാട്ടിലേക്കുള്ള വിമാന ടിക്കറ്റ് കൈയിൽ കിട്ടിയപ്പോൾ മനസ്സിലേക്കൊരു തണുപ്പ് പടരും പോലെയാണ് ഹരിക്ക് തോന്നിയത്…നീണ്ട നാല് വർഷത്തെ പ്രവാസ ജീവിതം…

ഏതൊരു പ്രവാസിയേയും പോലെ താനും ഒരുപാട് സ്വപ്നങ്ങളും മോഹങ്ങളും നെയ്ത് കൂട്ടിക്കൊണ്ട് തന്നെയാണ് ഈ മരുഭൂമിയിലേയ്ക്ക് വന്നിറങ്ങിയത്…

ചേച്ചിയുടെ കല്യാണം , അനുജന്റെ വിദ്യാഭ്യാസം , കയറിക്കിടക്കാനൊരു വീട്, തലയ്ക്കു ചുറ്റും നിൽക്കുന്ന കടം….
എല്ലാം ബാധ്യതകളാണ്…

കിട്ടിയ ജോലിയുടെ സത്യാവസ്ഥയറിയിയാതെ പോവുന്നതിൽ വീട്ടുകാർക്ക് താല്പര്യമില്ലായിരുന്നു…
എങ്കിലും അച്ഛന്റെ ബുദ്ധിമുട്ട് കണ്ടപ്പോൾ
ഒന്നുമാലോചിക്കാൻ തോന്നിയില്ല…
പോകാൻ തന്നെ തീരുമാനിച്ചു..

കാരണം അച്ഛനാലാവുന്നതിലും കൂടുതൽ കഷ്ടപ്പെട്ട് തന്നെയാണ് തങ്ങളെ ഇത്രത്തോളമാക്കിയത്… എന്നിട്ടും സ്വന്തം വീടെന്ന അച്ഛന്റെ സ്വപ്നം ഇനിയും അവശേഷക്കുകയാണ്…ആ സ്വാപ്നത്തിലേക്കുള്ള ഒരു കൈത്താങ്ങാണീ ജോലി..

വന്നിറങ്ങിയ മാസങ്ങൾ എല്ലാരേയും പോലെ എനിക്കും പാടായിരുന്നു…. പേടിച്ചത് പോലെ പറഞ്ഞ ജോലി പോയിട്ട് തന്റെ വിദ്യാഭ്യാസത്തിനൊത്ത ജോലിയും കിട്ടിയില്ല…. കൂട്ടത്തിൽ പട്ടിണിയും…

അതൊന്നും വീട്ടുകാരെ അറിയിക്കാതെ കിട്ടിയ ജോലിക്ക് പോകുവാൻ തുടങ്ങി…
ഡെലിവറി ബോയ്ക്ക്‌
ശമ്പളമായി കിട്ടുന്ന ആയിരം ദിർഹവും പിന്നെ ഓരോ ഡെലിവറിക്കും കിട്ടുന്ന സർവീസ് തുകയും മൊത്തം കൂട്ടിയാൽ മാസം ഒരു ആയിരത്തി അഞ്ഞൂറോളം കിട്ടും…. ആവശ്യങ്ങൾ കൂടുതലായതുകൊണ്ട് രാത്രികളിൽ കാറുകൾ കഴുകൽ കൂടി തുടങ്ങിയപ്പോൾ അത്യാവശ്യം കാശ് കിട്ടി തുടങ്ങി…

അങ്ങനെ നീണ്ട നാല് വർഷം, അതിനിടയിൽ ഓരോ സ്വപ്നങ്ങൾ നിറവേറ്റി… അവസാനം അച്ഛന്റെ സ്വപ്ന വീടും…

ഇന്ന് ഞാൻ പോകുകയാണ്…
എന്റെ വീട്ടിലേയ്ക്ക്
എല്ലാരേയും ഒരു നോക്ക് കാണുവാൻ.

ഓർക്കുമ്പോൾ തന്നെ മനസ്സിലെന്തൊരു സന്തോഷമാണെന്നോ…

വീട്ടിലേയ്ക്ക് പോകുമ്പോൾ കൂടെയെന്റെ സുഹൃത്ത് രാമുവുമുണ്ട്..
എന്റെ വീട്ടിലെ കാര്യങ്ങൾ കേട്ടപ്പോൾ തൊട്ട് വീട്ടിൽ വരണം, എല്ലാരേയും കാണാമെന്ന് പറഞ്ഞ് നടക്കുവായിരുന്നു..
ഇന്ന് ഞാനെന്റെ വീട് കാണുമ്പോൾ തന്നെ അവനെയും കൂട്ടാൻ പറ്റിയതിലെനിക്കൊരുപാട് സന്തോഷമുണ്ട് ..

വീട്ടിലേയ്ക്ക് പോകുവാൻ വണ്ടിയിൽ കയറിപ്പോൾതൊട്ട് ആകെ ഒരു വല്ലായ്മയും ആകാംഷയുമായിരുന്നു … എല്ലാരേയും കണ്ടിട്ട് ഒരുപാടായില്ലേ..
പിന്നെ ഞാൻ കാണാത്ത രണ്ട്‌ അംഗങ്ങൾ കൂടി ഉണ്ടല്ലോ അവിടെ …അളിയനും…
അനന്തരവൾ ആമി കുട്ടിയും…
ഓരോന്നോർക്കുമ്പോൾ സന്തോഷമാണോ…
സങ്കടമാണോ തോന്നുന്നതെന്ന് തിരിച്ചറിയാൻ പറ്റാത്തൊരവസ്ഥ…

രാമു എന്തോ പറഞ്ഞപ്പോഴാണ് ഞാൻ ചുറ്റും നോക്കുന്നത് ..

വീടിന്റെ പരിസരത്ത് എത്തിയിരിക്കുന്നു…

ഗേറ്റിനോട് ചേർന്നുള്ള മതലിൽ “ഹരി നിവാസ് ” എന്ന് കൊത്തിയിരിക്കുന്നു …
അച്ഛന്റെ നിർബന്ധമായിരുന്നു അത്…

ഗേറ്റ് തുറന്ന് വണ്ടി വീടിന്റെ മുറ്റത്തെത്തിയപ്പോൾ അച്ഛനും അനുജനും അളിയനും നിൽക്കുന്നത് കണ്ടു…
ഒരു നിമിഷം ഞാൻ വേറെ ഏതോ ലോകത്ത് എത്തിയ പോലെ തോന്നി…
വണ്ടിയിൽ നിന്നിറങ്ങിയ രാമുവിനോട് എല്ലാരും സംസാരിക്കുന്നുണ്ട്..
എന്നെ നോക്കുന്നുണ്ട്..
ഞാൻ ഇറങ്ങാൻ വൈകിയത് കൊണ്ടാവാം…

അച്ഛൻ എന്നെ ഒന്ന് നോക്കി…

അടുത്ത് വന്നു…
കെട്ടിപ്പിടിച്ചു ഒരു ഉമ്മയും തന്നു…
അച്ഛന്റെ കണ്ണ് നിറയുന്നുണ്ടായിരുന്നു…അവരെന്നെ ഉമ്മറത്തേക്ക് കയറ്റുമ്പോൾ ..അവിടെ അമ്മയും ചേച്ചിയും എന്റെ ആമിക്കുട്ടിയും ഇരിക്കുന്നുണ്ടായിരുന്നു…
എല്ലാരുടെയും കണ്ണുകൾ നിറഞ്ഞു തുളുമ്പുന്നുണ്ട്..
കുറേ നാളായില്ലേ കണ്ടിട്ട് അതാവാം…

ഉമ്മറത്ത് വിരിച്ച വാഴയിലയിൽ കത്തിച്ച നിലവിളക്കിന് മുന്നിൽ എന്നെ കിടത്തി….

അച്ഛന്റെ സ്വപ്ന വീട്ടിലെ എന്റെ ആദ്യമായും അവസാനമായുമുള്ള നിമിഷങ്ങൾ …

കർമ്മങ്ങൾ ഓരോന്നായി നടന്ന് കൊണ്ടേയിരുന്നു…..

ഒടുവിൽ… വീടിന്റെ തെക്കേ പറമ്പിൽ..
എനിക്കേറെ പ്രിയപ്പെട്ട ചെമ്പകമരത്തിന്റെ ചുവട്ടിൽ.. എനിക്കായൊരുക്കി വച്ച ആറടി മണ്ണിൽ… നനവാർന്ന മണ്ണിന്റെ പുതപ്പും പുതച്ചു ഒരിക്കലും ഉണരാത്ത നിദ്രയയിലേയ്ക്കാണ്ടു ഞാൻ…

ഇന്നുമെനിക്ക്‌ കാണാം മിഴി തോരാത്ത നാലു കണ്ണുകൾ വീടിന്റെ ഉമ്മറപ്പടിയിലിരുന്നെന്നെ നോക്കുന്നത്…

Related posts

Leave a Comment