വിസ്മയമാരുടെ ദുരന്തം മുന്നില്‍ക്കണ്ട മഹായോഗി

  • ഇന്നു ചട്ടമ്പി സ്വാമി ജയന്തി

ഡോ. ശൂരനാട് രാജശേഖരന്‍

മ്മുടെയെല്ലാം മനസുകളില്‍ വിസ്മയ വി നായര്‍ എന്ന യുവ ഡോക്റ്ററുടെ ചിത എരിയുകയാണ്, ഇപ്പോഴും. സ്ത്രീധനത്തിന്‍റെ പേരില്‍ ഭര്‍തൃവീട്ടില്‍ ജീവന്‍ നഷ്ടമായ പെണ്‍കുട്ടി. സ്ത്രീധനമാണു വിസ്മയയുടെ മരണകാരണമെങ്കിലും സ്ത്രീത്വത്തിന്‍റെ ദൗര്‍ബല്യമാണ് അങ്ങനെയൊരു ദാരുണ സംഭവത്തിലേക്കു വഴി തുറന്നത്. രണ്ടു നൂറ്റാണ്ടു മുന്‍പേ ഇത്തരം ദുരന്തങ്ങള്‍ മുന്നില്‍ കാണുകയും അതിനു പരിഹാരംകാണാന്‍ പരിശ്രമിക്കുകയും ചെയ്ത പരമ ഭട്ടാരക ചട്ടമ്പി സ്വാമി തിരുവടികളെ സ്മരിക്കുകയാണിന്നു കേരളം. അദ്ദേഹത്തിന്‍റെ 168-മതു ജന്മദിനത്തില്‍.

ലിംഗഭേദവും ജാതിവൈജാത്യങ്ങളുമാണ് പൊതുസമൂഹത്തിലെ രണ്ടു വലിയ പുഴുക്കുത്തുകളെന്ന് അദ്ദേഹം തിരിച്ചറിഞ്ഞു. രണ്ടു സമ്പ്രദായങ്ങളും എതിര്‍ക്കപ്പെടേണ്ടതാണെന്ന് സമൂഹത്തെ ബോധ്യപ്പെടുത്താനും രണ്ടിനെയും ചെറുത്തു തോല്പിക്കാനുമായിരുന്നു ഒരു പുരുഷായുസ് മുഴുവന്‍ അദ്ദേഹം പരിശ്രമിച്ചത്. ലിംഗഭേദത്തിലൂടെ സ്ത്രീത്വത്തെ അടിച്ചമര്‍ത്തുകയും പ്രബലമായ ഒരു വിഭാഗത്തെ അബലകളാക്കി അടുക്കളകളില്‍ തളച്ചിടുക‌യും ചെയ്ത പുരുഷ മേധാവിത്വത്തിനെതിരേ സ്വാമി നടത്തിയിട്ടുള്ള പോരാട്ടങ്ങള്‍ ചരിത്രത്തിന്‍റെ ഭാഗം തന്നെയാണ്. പത്തൊന്‍പതാം നൂറ്റാണ്ടിന്‍റെ അവസാനകാലത്ത് ഏറെ സജീവമായിരുന്ന എറണാകുളം സ്ത്രീ സമാജത്തില്‍ സ്വാമി നടത്തിയിട്ടുള്ള പ്രസംഗങ്ങള്‍  പില്‍ക്കാലത്തുണ്ടായിട്ടുള്ള വനിതാ മുന്നേറ്റങ്ങളുടെയെല്ലാം പ്രചോദനമായിരുന്നു.

 വേദങ്ങളും ഉപനിഷത്തുകളും ഉദ്ധരിച്ചു പ്രാചീന ഭാരതം സ്ത്രീകള്‍ക്കു നല്‍കിയ ബഹുമതിയും സമത്വവും അദ്ദേഹം അന്നത്തെ യോഗങ്ങളില്‍ വിശദമാക്കി. വേദങ്ങളെ അടിസ്ഥാനമാക്കി രചിക്കപ്പെട്ട നിരവധി കൃതികളിലൂടെ, പുരുഷന്‍റെ അധീശത്വത്തില്‍ പ്രബലയാ പെണ്ണിനെ അബലയാക്കി മാറ്റിയ സാമ്പ്രദായിക രീതികളെ അദ്ദേഹം അതി നിശിതമായി വിമര്‍ച്ചു. പ്രാചീന കേരളം എന്ന നിരൂപണാധിഷ്ഠിത കൃതിയിലും ഇത്തരത്തില്‍ പല പരാമര്‍ശനങ്ങളുണ്ട്. ആയുധബലം കൊണ്ടല്ല, ആത്മബലം കൊണ്ടാണ് സ്ത്രീകള്‍ കരുത്തു നേടേണ്ടതെന്നായിരുന്നു അദ്ദേഹത്തിന്‍റെ ഉദ്ബോധനം. ആത്മബലമുള്ള സ്ത്രീ ഒരിടത്തും പരാജിതയാകില്ലെന്ന് അദ്ദേഹം സമര്‍ഥിച്ചു. എവിടെയൊക്കെ സ്ത്രീകള്‍ ആത്മബലം പുറത്തെടുക്കുന്നുവോ, അവിടെയെല്ലാം വിജയം അവര്‍ക്കൊപ്പമെന്നും പ്രവചിച്ചു. ഇത്തരത്തില്‍ ആത്മബലം പുറത്തെടുത്ത എത്രയെത്ര വനിതാ രത്നങ്ങള്‍ ജീവിതവിജയം നേടുന്നതിനു നമ്മള്‍ സാക്ഷികളാണ്. അത്തരത്തില്‍ ആത്മബലം പ്രകടിപ്പിക്കാതെ പോയതല്ലെ, വിസ്മയ എന്ന പെണ്‍കുട്ടിയുടെ ജീവനെടുത്തതിനു പിന്നിലെന്നു ന്യായമായും കരുതാം.

എല്ലാ പെണ്‍കുട്ടികളും ഇത്തരത്തില്‍ ആത്മബലം വളര്‍ത്തിയെടുക്കണമെന്ന് അവരുമായും അവര്‍ക്കു വേണ്ടിയും സംവദിച്ചപ്പോഴെല്ലാം സ്വാമി ഉറപ്പിച്ച് ആവശ്യപ്പെട്ടിരുന്നു.  തിരുവിതാംകൂറില്‍ നിലനിന്നിരുന്ന ദേവദാസി സമ്പ്രദായത്തിന് 1930ല്‍ അന്ത്യം കുറിക്കാന്‍ അന്നത്തെ ചിത്തിര തിരുനാള്‍ ബാലരാമ വര്‍മ മഹാരാജാവ് തീരുമാനിച്ചതിനു പിന്നിലും ചട്ടമ്പി സ്വാമിയുടെ ഈ ഉത്പതിഷ്ണുതയുടെ പിന്‍ബലമുണ്ടായിരുന്നു എന്നാണു ചരിത്രകാരന്മാര്‍ വിലയിരുത്തുന്നത്.  

  • വേദാധികാര നിരൂപണവും

ജാതിവിവേചനവും

ചാതുര്‍വര്‍ണ്യത്തിലൂടെ ഹിന്ദു വിഭാഗങ്ങളെ പകുത്തു മാറ്റി, അടിമത്തത്തിന് ബീജാവാപം ചെയ്ത കുടില തന്ത്രത്തെയാണ് വേദാധികാര നിരൂപണം എന്ന മഹദ്ഗ്രന്ഥത്തിലൂടെ ചട്ടമ്പി സ്വാമി വിമര്‍ശിക്കുന്നത്. കീഴ്ജാതിക്കാര്‍ക്ക് വേദപഠനം നിഷേധിച്ച്, വേദങ്ങളുടെയും പുരാണങ്ങളുടെയും ഉപനിഷത്തുക്കളുടെയും അന്തസത്ത അവര്‍ക്കന്യമാക്കിയതാണ് അദ്ദേഹത്തെ ചൊടിപ്പിച്ചത്. എന്നാല്‍ സാധാരണക്കാര്‍ക്കു പോലും എളുപ്പത്തില്‍ മനസിലാകുന്ന തരത്തില്‍ വേദങ്ങളെയും ഉപനിഷത്തുക്കളെയും അദ്ദേഹം മലയാളത്തിലേക്കു മൊഴിമാറ്റി നല്‍കി. അതില്‍ പ്രധാനമാണ് വേദാധികാര നിരൂപണം.

ശൈവാദ്വൈത സിദ്ധാന്തവും അഹിംസയും ജീവിതത്തില്‍ പ്രാവര്‍ത്തികമാകുമ്പോള്‍ മനുഷ്യര്‍ തമ്മില്‍ വേര്‍തിരിയലിന്‍റെ വേലികളുണ്ടാവില്ലെന്ന് അദ്ദേഹം ഈ കൃതിയിലൂടെ സമര്‍ഥിച്ചു. സ്ഥിതിസമത്വ വാദത്തിലൂടെ സമ്പത്തിന്‍റെ വിന്യാസവും വിനിമയവും സുതാര്യമാക്കണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു. മത-വര്‍ഗ-വര്‍ണ-ഭാഷാ വ്യത്യാസങ്ങള്‍ക്കപ്പുറത്തുള്ള ഏക മാനവികതയിലേക്കു മനുഷ്യര്‍ മാറിയാല്‍ എല്ലാ മനുഷ്യരും ഒന്നാകുമെന്ന് അദ്ദേഹം ദര്‍ശിച്ചു.  

അതിക്രൂരമായ ജാതി വ്യവസ്ഥ മറികടക്കണമെന്നായിരുന്നു സ്വാമിയുടെ വിപ്ലവകരമായ ചിന്ത. അക്കാലത്തു നിലനിന്ന അന്ധവിശ്വാസങ്ങളും അനാചാരങ്ങളുമൊന്നും വേദങ്ങളുടെ സൃഷ്ടിയല്ലെന്നും വ്യാഖ്യാതാക്കളുടെ സ്ഥാപിത താത്പര്യങ്ങളാണെന്നും സ്വാമി സമര്‍ഥിച്ചു. 1893ല്‍ ഏറ്റുമാനൂര്‍ ഭജനമഠത്തില്‍ ശ്രീനാരായണ ഗുരുദേവനോടൊപ്പം താമസിച്ച കാലത്ത് ഏക മാനവികതയെക്കുറിച്ചും മനുഷ്യന്‍റെ ഏകത്വത്തെക്കുറിച്ചും സ്വാമി ഏറെ ദൃഢതയോടെ സംവദിച്ചു. ചട്ടമ്പി സ്വാമിയെ തന്‍റെയും ഗുരുവായി അംഗീകരിക്കാന്‍ ഗുരുദേ‌വനെ പ്രേരിപ്പിച്ചത് ഏക മതത്തിലും ഏക ദൈവത്തിലും അധിഷ്ഠിതമായി, ഏകമാനവികതയിലൂന്നിയുള്ള ചട്ടമ്പി സ്വാമിയുടെ ദീര്‍ഘദര്‍ശനമായിരുന്നു. അരുവിക്കര പ്രതിഷ്ഠയടക്കമുള്ള നവോത്ഥാന കേരളത്തിന്‍റെ അടയാളപ്പെടുത്തലുകള്‍ക്കു പിന്നിലും വേദാധികാര നിരൂപണത്തിന്‍റെ സ്വാധീനം കാണാന്‍ കഴിയും.

 സ്വാമി സമാധിയായി പതിറ്റാണ്ടുകള്‍ക്കു ശേഷം, ഈ കൃതി വായിക്കാനിടയായ സ്വാമി നിത്യ ചൈതന്യ യതി, അതു നടരാജ ഗുരുവിനു സമ്മാനിച്ചു. അതു വായിച്ച ശേഷം നടരാജ ഗുരുവിന്‍റെ പ്രതിരണം ഇങ്ങനെയായിരുന്നു, ഇതിലെ ഓരോ അക്ഷരവും അഗ്നിസ്ഫുലിംഗങ്ങളാണ്. ഇതു വീണ്ടെടുക്കാന്‍ കഴിഞ്ഞത് നമ്മുടെ മഹാഭാഗ്യം! ചാതുര്‍വര്‍ണ്യത്തിന്‍റെ ചങ്ങലക്കെട്ടുകള്‍ പൊട്ടിച്ചെറിഞ്ഞു, കീഴ്ജാതിക്കാരുടെ അവകാശ പ്രഘോഷണങ്ങള്‍ക്ക് ഊര്‍ജം പകരാന്‍ വേദാധികാര നിരൂപണത്തിലെ വാക്കുകള്‍ക്കു കഴിഞ്ഞിട്ടുണ്ടെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

  • അവധൂതന്‍റെ ആത്മാംശങ്ങള്‍

ഔപചാരിക വിദ്യാഭ്യാസങ്ങള്‍ക്കപ്പുറത്തായിരുന്നു, കുഞ്ഞന്‍ പിള്ളയെന്ന പൂര്‍വാശ്രമത്തിലെ ചട്ടമ്പി സ്വാമിയുടെ ബാല്യം. പറഞ്ഞു കേട്ടും കേട്ടുപഠിച്ചും നടത്തിയ പ്രാഥമിക വിദ്യാഭ്യാസത്തെ സല്‍സംഗങ്ങളിലൂടെയാണ് അദ്ദേഹം പരിപോഷിപ്പിച്ചത്. താന്‍ കൂടി കല്ലും മണ്ണും മണലും ചുമന്നു നിര്‍മിച്ച തിരുവനന്തപുരത്തെ ഹജൂര്‍ കച്ചേരിയില്‍ ജോലി നേടാനായിട്ടും സര്‍വസംഗ പരിത്യാ‌ഗിയായ സഞ്ചാരിയാകാനായിരുന്നു അദ്ദേഹത്തിനിഷ്ടം.

 നൂറോളം കൃതികളെങ്കിലും അദ്ദേഹത്തിന്‍റേതായി ഉണ്ടായിട്ടുണ്ടെന്നാണ് കരുതുന്നത്. എഴുതുന്നത് എഴുതുന്നിടത്ത് ഉപേക്ഷിച്ചു പോകുന്ന ശീലക്കാരനായതിനാല്‍ അവയില്‍ പകുതിയും നഷ്ടമായി. വീണ്ടെടുക്കപ്പെട്ടവ തന്നെ, മാനവികതയ്ക്കു വേണ്ടിയുള്ള നിലയ്ക്കാത്ത ആത്മപ്രവാഹമായിരുന്നു. വേദാധികാര നിരൂപണമെന്ന കൃതി മാത്രം മതി, മഹാപ്രവാഹത്തിന്‍റെ ആഴവും പരപ്പും ബോധ്യപ്പെടുത്താന്‍. ഈ കൃതികളിലെ മുഖ്യാംശങ്ങളില്‍ നിന്നാണ് 1936ലെ ക്ഷേത്ര പ്രവേശന വിളംബരത്തിനുള്ള പ്രചോദനം ശ്രീ ചിത്തിര തിരുനാള്‍ ബാല രാമവര്‍മ മഹാരാജാവ് ഉള്‍ക്കൊണ്ടതെന്നു ചരിത്രകാരന്മാര്‍ വിലയിരുത്തുന്നു. വേദവ്യാസനും ആദിശങ്കരനും ഏകത്വത്തില്‍ ലയിച്ച അത്ഭുത തേജസാണ് നമ്മുടെ ഗുരു എന്നു ശ്രീനാരായണ ഗുരുദവനെക്കൊണ്ട് പറയിച്ചതും അസാധാരണമായ അദ്ദേഹത്തിന്‍റെ കൃതികളും അതിലടങ്ങിയിട്ടുള്ള ആശയങ്ങളുമാണ്. മത, സാമുദായിക, സാമൂഹിക, രാഷ്‌ട്രീയ, സാമ്പത്തിക വിഷയങ്ങളിലെല്ലാം പില്‍ക്കാലത്ത് കേരളത്തിലുണ്ടായ മിക്കവാറും മുന്നേറ്റങ്ങളുടെയെല്ലാം മുന്നില്‍ത്തന്നെയുണ്ട്, ചട്ടമ്പി സ്വാമിയുടെ സ്വാധീനം. അദ്ദേഹത്തിന്‍റെയും ശ്രീനാരായണ ഗുരുദേവന്‍റെയും മഹാത്മാ അയ്യങ്കാളിയുടെയുമൊക്കെ ആശയങ്ങളും ദര്‍ശനങ്ങളും നടപ്പാക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍ കേരളത്തോളം സമുജ്വല സംസ്കാരമുള്ള ഒരു ജനത ലോകത്തു തന്നെ വിരളമാകുമായിരുന്നു.

Related posts

Leave a Comment