ചാൻസലർ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയാറാകണമെന്നു വി.ഡി. സതീശൻ

തിരുവനന്തപുരം: ചാൻസലർ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയാറാകണമെന്നു വി.ഡി. സതീശൻ ആവശ്യപ്പെട്ടു. സെക്രട്ടേറിയറ്റ് നടയിൽ മാധ്യമങ്ങളോടു സംസാരിക്കുകയായ്രുന്നു അദ്ദേഹം. സർക്കാരും ഗവർണറും തമ്മിൽ ഒത്തുതീർപ്പിൽ എത്തിയോ എന്നതല്ല പ്രതിപക്ഷത്തിന്റെ പ്രശ്‌നം. കണ്ണൂർ വി.സി നിയമനത്തിൽ ഉൾപ്പെടെ ഗവർണറും സർവകലാശാലയും സർക്കാരും ചേർന്ന് നിയമവിരുദ്ധമായ നിലപാട് സ്വീകരിച്ചു. ഉന്നത വിദ്യാഭ്യാസ മന്ത്രി നിയമവിരുദ്ധമായി എഴുതിയ രണ്ടു കത്തുകൾക്ക് ഗവർണർ കൂട്ടു നിന്നു കൊണ്ടാണ് കണ്ണൂർ വി.സിക്ക് പുനർനിയമനം നടത്തിയത്. പിന്നീടത് നിയമവിരുദ്ധമായിരുന്നെന്ന് ഗവർണർ പറഞ്ഞു. നിയമവിരുദ്ധവും ക്രമരഹിതവുമായിരുന്നു നിയമനമെന്ന് ബോധ്യമുണ്ടെങ്കിൽ ഗവർണർ അത് റദ്ദാക്കാൻ തയാറാകണം. അല്ലെങ്കിൽ വി.സിയോട് രാജി വയ്ക്കാനോ രാജി വച്ചില്ലെങ്കിൽ പുറത്താക്കാനോ തയാറാകണം. പ്രതിപക്ഷം ഇതു പറഞ്ഞപ്പോൾ, ഉപദേശിക്കാൻ വരേണ്ടെന്നാണ് ഗവർണർ പറഞ്ഞത്. പ്രതിപക്ഷം ഗവർണറെ ഉപദേശിച്ചതല്ല. ഗവർണറും സർക്കാരും ഒന്നിച്ചാണ് വി.സിക്ക് പുനർ നിയമനം നൽകിയത്. ഗവർണറും സർക്കാരും ഇപ്പോൾ വീണ്ടും ഒന്നിച്ചിരിക്കുകയാണ്. സൗന്ദര്യ പിണക്കമാണ് ഇരുവരും തമ്മിലുണ്ടായിരുന്നത്. നിയമഭേദഗതി വരുത്താത്ത സാഹചര്യത്തിൽ ചാൻസലർ പദവിയുടെ ഉത്തരവാദിത്തം നിറവേറ്റാൻ ഗവർണർ തയാറാകണമെന്നതാണ് പ്രതിപക്ഷ നിലപാട്. കണ്ണൂർ വി.സിയെ പുറത്താക്കുകയാണ് ചാൻസലർ പദവിയിൽ ഇരുന്നുകൊണ്ട് ഗവർണർ ആദ്യം ചെയ്യേണ്ടതെന്നും സതീശൻ പറഞ്ഞു.

  • രാജ്യ താൽപര്യമാണോ ചൈനയുടെ താൽപര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ സി.പി.എമ്മിനെ നിയന്ത്രിക്കുന്നത്?

ചൈനയിൽ മഴ പെയ്താൽ തിരുവനന്തപുരത്ത് കുടപിടിക്കുന്നവരാണ് കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ എന്നൊരു ആക്ഷേപം പണ്ടേയുണ്ട്. അതിന് അടിവരയിടുന്ന നിലപാടാണ് സി.പി.എം പി.ബി അംഗം എസ് രാമചന്ദ്രൻ പിള്ള സ്വീകരിച്ചിരിക്കുന്നത്. നമ്മുടെ അതിർത്തിയിൽ നിരന്തരമായ സംഘർഷമാണ് ചൈന ഉണ്ടാക്കുന്നത്. അരുണാചൽ പ്രദേശിന്റെ വലിയൊരു ഭാഗം ചൈന കൈയ്യേറിയിട്ടുണ്ട്. ഇത്തരത്തിൽ സംഘർഷം നിലനിൽക്കുന്ന സാഹചര്യത്തിൽ രാജ്യ താൽപര്യത്തേക്കാൾ കൂടുതൽ ചൈനയുടെ താൽപര്യം ഉയർത്തിപ്പിടിക്കാനുള്ള സി.പി.എമ്മിന്റെ നീക്കം പ്രതിഷേധാർഹമാണ്. അമേരിക്കൻ സാമ്രാജ്യത്വത്തിന് സമാനമായ രീതിയിലാണ് ചൈനയുടെ വിദേശകാര്യ നയം. ഇന്ത്യയ്ക്ക് ചുറ്റുമുള്ള ശത്രുരാജ്യങ്ങളുമായി മറ്റു ബന്ധങ്ങളിൽ ഏർപ്പെടുന്ന ചൈന, നമ്മുടെ സുരക്ഷിതത്വത്തിന് പോലും ഭീഷണി ഉയർത്തുകയാണ്. ഇന്ത്യ- ചൈന യുദ്ധകാലത്ത് ഇ.എം.എസ് പറഞ്ഞതു പോലെ, ‘ചൈന ചൈനയുടേതെന്നും ഇന്ത്യ ഇന്ത്യയുടേതെന്നും പറയുന്ന ഭൂ പ്രദേശം’ എന്ന വിവാദ പ്രസ്താവനയ്ക്ക് സമാനമായ ഒരു നീക്കമാണ് സി.പി.എം നേതൃത്വം നടത്തുന്നത്. ചൈനയുടെ കാര്യത്തിൽ പാർട്ടി നയം എന്താണെന്ന് സി.പി.എം വ്യക്തമാക്കണം. രാജ്യ താൽപര്യമാണോ ചൈനയുടെ താൽപര്യമാണോ വലുത്? ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടിയാണോ ഇന്ത്യയിലെ സി.പി.എമ്മിനെ നിയന്ത്രിക്കുന്നതെന്നും വ്യക്തമാക്കണം.

  • കെ- റെയിൽ വിരുദ്ധ സമരവുമായി മുന്നോട്ടു പോകും; വൻ തുക കൊള്ളയടിക്കാനുള്ള തട്ടിക്കൂട്ട് പദ്ധതിയുമായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുന്നു

കെ- റെയിൽ സംബന്ധിച്ച് പ്രതിപക്ഷം ഉന്നയിച്ച ചോദ്യങ്ങൾക്ക് മുഖ്യമന്ത്രി ഇതുവരെ മറുപടി നൽകിയിട്ടില്ല. നിയമവിരുദ്ധമായി കല്ലുപാകിയാൽ പിഴുതെറിയുമെന്നാണ് കെ.പി.സി.സി അധ്യക്ഷൻ പറഞ്ഞത്. കെ- റെയിൽ എന്ന പേരിൽ കല്ലിടരുതെന്ന് ഹൈക്കോടതിയും നിർദ്ദേശിച്ചിട്ടുണ്ട്. നിയമവിരുദ്ധമായാണ് കല്ലിട്ടതെന്ന പ്രതിപക്ഷ വാദത്തെയാണ് ഹൈക്കോടതിയും ശെരിവച്ചിരിക്കുന്നത്. കെ.റെയിൽ അധികൃതരോട് റെയിൽവേ ബോർഡ് പ്രതിനിധികൾ ഉന്നയിച്ച ചോദ്യങ്ങൾ തന്നെയാണ് പ്രതിപക്ഷവും ചോദിച്ചത്.

530 കിലോ മീറ്റർ കെ- റെയിൽ പണിയുമ്പോൾ എത്ര ടൺ കല്ലും മണ്ണും വേണ്ടി വരുമെന്ന് സർക്കാർ വ്യക്തമാക്കണം. ഒരു പാലം പണിയുമ്പോൾ പോലും കൃത്യമായ എസ്റ്റിമേറ്റ് ഉണ്ടായിരിക്കും. ചോർത്തക്കിട്ടിയിരിക്കുന്ന ഡി.പി.ആറിൽ പറയുന്നത് പദ്ധതിക്ക് ആവശ്യമായ പ്രകൃതിവിഭവങ്ങൾ മധ്യ കേരളത്തിൽ നിന്നും ലഭ്യമാകുമെന്നാണ്. അവിടെ എവിടെയാണ് ഇത്രയും പ്രകൃതിവിഭവങ്ങൾ ഇരിക്കുന്നത്? മറ്റു സംസ്ഥാനങ്ങളിൽ നിന്നും ട്രെയിനിൽ കൊണ്ടു വരുമെന്നാണ് കെ- റെയിൽ എം.ഡി കഴിഞ്ഞ ദിവസം പറഞ്ഞത്. 75 ലക്ഷം ടൺ പാറ വേണ്ട വിഴിഞ്ഞം പദ്ധതിക്ക് 13 ടൺ പാറ മാത്രമെ ലഭിച്ചിട്ടുള്ളൂ. വിഴിഞ്ഞം പദ്ധതി ഇതുവരെ പൂർത്തിയാകാത്തതിനു കാരണം പാറിയില്ലാത്തതാണെന്ന് അദാനി ഗ്രൂപ്പും സർക്കാരും വ്യക്തമാക്കിയിട്ടുണ്ട്. ഇത്രമാത്രം ക്ഷാമം നിലനിൽക്കുമ്പോൾ കെ- റെയിലിനു വേണ്ടി എങ്ങനെ പ്രകൃതി വിഭവങ്ങൾ കണ്ടെത്തും? സിൽവർ ലൈൻ കടന്നു പോകുന്ന 292 കിലോ മീറ്റർ ദൂരം പ്രളയ നിരപ്പിനേക്കാൾ ഒരു മീറ്റർ മുതൽ ഒൻപത് മീറ്റർ വരെ ഉയരത്തിൽ 30 മുതൽ 50 അടി ഉയരത്തിലാണ് എംബാങ്ക്മെന്റ് സ്ഥാപിക്കുന്നത്. ബാക്കി സ്ഥലത്ത് ഇരുവശവും മതിൽ കെട്ടിയുയർത്തും. ഇതിന് എത്ര ടൺ പ്രകൃതി വിഭവങ്ങൾ വേണമെന്ന കണക്കു പോലും സർക്കാരിന്റെ കൈയ്യിലില്ല. ജപ്പാനിൽ നിന്നും വായ്പ സംഘടിപ്പിച്ച് വൻ തുക കൊള്ളയടിക്കാനുള്ള തട്ടിക്കൂട്ടിയ പദ്ധതിയുമായി സർക്കാർ ജനങ്ങളെ കബളിപ്പിക്കുകയാണ്. ഈ പദ്ധതിയെ യു.ഡി.എഫ് എതിർക്കും. സമരവുമായി മുന്നോട്ടു പോകും.

കോവിഡ് നിയന്ത്രണങ്ങൾ സി.പി.എം സമ്മേളനങ്ങൾ കഴിഞ്ഞേ കേരളത്തിൽ നിലവിൽ വരൂ. കോവിഡ് ടെസ്റ്റ് നിരക്കും സർക്കാർ അതിനു ശേഷമെ ഉയർത്തൂ. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് അഞ്ച് പേരെ വച്ച് യു.ഡി.എഫ് സമരം നടത്തിയപ്പോൾ പൊലീസ് കേസെടുത്തു. സി.പി.എമ്മുകാർ 500 പേരായാലും കേസില്ല. കോവിഡ് മാനദണ്ഡങ്ങൾ പറഞ്ഞ് യു.ഡി.എഫിനെ ഭയപ്പെടുത്താൻ നോക്കേണ്ട. കെ- റെയിലിനെതിരായ സമരവുമായി മുന്നോട്ടു പോകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

Related posts

Leave a Comment