ചലച്ചിത്ര അക്കാദമി പുസ്തക പ്രകാശനം നാളെ

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മലയാള സിനിമയുടെ നവതിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ ഫെലോഷിപ്പിന്റെ ഭാഗമായി സമർപ്പിക്കപ്പെട്ട പ്രബന്ധങ്ങളുടെ പുസ്തകരൂപത്തിന്റെ പ്രകാശനം നാളെ സാംസ്കാരിക മന്ത്രി സജി ചെറിയാൻ നിർവഹിക്കും. തിരുവനന്തപുരം പ്രസ്ക്ലബിൽ ഉച്ചയ്ക്ക് 12.30ന് നടക്കുന്ന ചടങ്ങില്‍ ശ്രീകുമാരന്‍ തമ്പി, കെ. ജയകുമാര്‍ എന്നിവര്‍ പുസ്തകങ്ങള്‍ ഏറ്റുവാങ്ങും.
പി.എസ്.രാധാകൃഷ്ണന്‍ എഴുതിയ ‘വടക്കന്‍പാട്ടു സിനിമകള്‍: ചരിത്രം, സംസ്കാരം, രാഷ്ട്രീയം’, കെ.രാജന്‍ എഴുതിയ ‘പ്രേതം, വില്ലന്‍, സര്‍പ്പസുന്ദരി: മലയാള സിനിമയിലെ തിന്മയുടെ ചരിത്രപരിണാമങ്ങള്‍’ എന്നീ പുസ്തകങ്ങളാണ് പ്രകാശനം ചെയ്യുന്നത്. ജെ.സി ഡാനിയേല്‍ അവാര്‍ഡ് ജേതാവായ ശ്രീകുമാരന്‍ തമ്പിയെക്കുറിച്ച് കേരള സംസ്ഥാന ചലച്ചിത്ര അക്കാദമി നിര്‍മ്മിച്ച ‘ഋതുരാഗം’ എന്ന ഡോക്യുമെന്ററിയുടെ യുട്യൂബ് റിലീസ് സാംസ്കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി റാണി ജോര്‍ജ് നിര്‍വഹിക്കും.

Related posts

Leave a Comment