അറ്റ്‌ലാന്റിക്കിലും സാന്നിധ്യം ഉറപ്പിക്കാൻ ചൈനയുടെ ശ്രമം ; പ്രതിരോധിക്കാൻ അമേരിക്ക

ഗിനിയ: ആഫ്രിക്കയിലെ കൊച്ചു രാജ്യമായ ഇക്വിറ്റോറിയൽ ഗിനിയയിൽ സൈനിക സാന്നിധ്യമുറപ്പിക്കാൻ ചൈന ശ്രമിക്കുന്നതായി വെളിപ്പെടുത്തൽ.ഇതോടെ അറ്റ്ലാന്റിക് സമുദ്രത്തിലും ചൈനയ്ക്ക് ആധിപത്യം ഉറപ്പിക്കാനാകും. ഗിനിയയിൽ സ്ഥിരമായ സൈനിക സാന്നിധ്യം ഉറപ്പാക്കാനുള്ള നീക്കത്തിലാണു ചൈനയെന്ന് യുഎസ് മാധ്യമമായ ‘ദ് വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ കിഴക്കൻ തുറമുഖത്തിന്റെ നേരെ എതിർ ദിശയിൽ ചൈനീസ് യുദ്ധക്കപ്പലുകൾ നങ്കൂരമിടുന്ന സാഹചര്യത്തെ വൈറ്റ് ഹൗസും പെന്റഗനും അതീവ ജാഗ്രതയോടെയാണു കാണുന്നത്.
ചൈനീസ് നീക്കം ദുർബലപ്പെടുത്താൻ യുഎസ് പ്രിൻസിപ്പൽ ഡപ്യൂട്ടി സുരക്ഷാ ഉപദേഷ്ടാവ് ഒക്ടോബറിൽ ഇക്വിറ്റോറിയൽ ഗിനിയ സന്ദർശിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു. തുറമുഖ നഗരമായ ബാറ്റ കേന്ദ്രീകരിച്ച് സൈനികത്താവളം കെട്ടിപ്പടുക്കാനുള്ള ശ്രമത്തിലാണു ചൈന എന്നതാണു റിപ്പോർട്ടിലെ പ്രധാന ആരോപണം.
യുഗാൻഡയിലെ എന്റബേ വിമാനത്താവളത്തിന്റെ നിയന്ത്രണം ചൈന ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങൾ വ്യാപകമായി പ്രചരിച്ചതിനു പിന്നാലെ ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ കോടിക്കണക്കിനു ഡോളറുകൾ വിലമതിക്കുന്ന ചൈനീസ് നിക്ഷേപങ്ങളെക്കുറിച്ച് ലോകമാകെ ചർച്ചയായിരുന്നു.

Related posts

Leave a Comment