സമരം തീർക്കാൻ കർഷകരുടെ കാലുപിടിച്ച് കേന്ദ്ര സർക്കാർ, ആവശ്യങ്ങളെല്ലാം അം​ഗീകരിക്കും

ന്യൂഡൽഹി: കാർഷികോത്പന്നങ്ങൾക്കുള്ള താങ്ങുവിലയ്ക്ക് നിയമസംരക്ഷണം നല്കുന്നതിലടക്കം കർഷകർ മുന്നോട്ടു വച്ച മുഴുവൻ ആവശ്യങ്ങളും അം​ഗീകരിക്കാൻ കേന്ദ്ര സർക്കാർ. സംയുക്ത കിസാൻ മോർച്ച നേതാക്കൾ ആഭ്യന്തര മന്ത്രി അമിത് ഷായുമായി നടത്തിയ മധ്യസ്ഥ സംഭാഷണത്തിലാണ് ഇതു സംബന്ധിച്ച സൂചന നൽകിയത്. ഏതുവിധേനയും സമരം പിൻവലിക്കണമെന്നാണ് കേന്ദ്ര സർക്കാർ മുന്നോട്ടു വയ്ക്കുന്ന ഉപാധി. ആറ് ആവശ്യ‌ങ്ങളാണ് കർഷകർ മുന്നോട്ടു വച്ചിരിക്കുന്നത്.
കർഷക സമരവുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലും വിവിധ പൊലീസ് സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന മുഴുവൻ കേസുകളും പിൻവലിക്കും. ആത്മഹത്യ ചെയ്തവരും മോശം കാലാവസ്ഥയിൽ പെട്ട് മരിച്ചവരുമായ സമരഭടന്മാരുടെ ആശ്രിതർക്ക് നഷ്ടപരിഹാരം നൽകുന്നതിലടക്കമുള്ള കാര്യങ്ങളിൽ ചർച്ച ചെയ്യാമെന്നും ആഭ്യന്തര മന്ത്രി ഉറപ്പ് നൽകിയതായി പ്രതിനിധികൾ വ്യക്തമാക്കി. സർക്കാരുമായി ചർച്ച നടത്താൻ കിസാൻ മോർച്ച നിയോഗിച്ച അഞ്ചംഗ സമിതിയുമായി കൃഷി മന്ത്രാലയ വൃത്തങ്ങളും ആശയ വിനിമയം നടത്തി. നാളെ യോഗം നടന്നേക്കുമെന്നാണ് വിവരം.
കർഷകരുമായി ചർച്ചക്ക് തയാറാണെന്ന് അറിയിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കഴിഞ്ഞ ദിവസം യുദ്ധ് വീർ സിങ്ങിനെ ഫോണിൽ വിളിച്ച് അറിയിച്ചിരുന്നു. കർഷകർക്കെതിരെ എടുത്ത കേസുകൾ പിൻവലിക്കുന്നതിൽ അനുഭാവപൂർവമായ നടപടി എടുക്കാമെന്നും ഉറപ്പ് നൽകിയിട്ടുണ്ട്.

Related posts

Leave a Comment