ചുരുളിയിലെ തെറി; വിശദീകരണവുമായി സെൻസർ ബോർഡ്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം ഒ.ടി.ടിയിൽ റിലീസ് ചെയ്ത ചുരുളി സിനിമയിലെ അശ്ലീല പരാമർശങ്ങളെ ചൊല്ലി വിവാദം ചൂടുപിടിക്കുന്നതിനിടെ വിശദീകരണവുമായി സെൻസർ ബോർഡ്. ‍‍ലിജോ ജോസ് പെല്ലിശേരി സംവിധാന ചെയ്ത് ഒ.ടി.ടി പ്ലാറ്റ്ഫോമിൽ പ്രദർശിപ്പിക്കുന്ന ചുരുളി എന്ന ചിത്രം സെൻസർ ബോർഡിന്റെ അംഗീകാരത്തോടെയുള്ളതല്ലെന്നാണ് വിശദീകരണം. നേരത്തെ, ഈ ചിത്രത്തിലെ അശ്ലീല പരാമർശങ്ങൾ കട്ട് ചെയ്ത ശേഷമാണ് സെൻസർ ബോർഡ് ചിത്രത്തിന് എ സർട്ടിഫിക്കറ്റ് നൽകിയത്. എന്നാൽ, പിന്നീട് കട്ട് ചെയ്യാത്ത രംഗങ്ങൾ ഉൾപ്പെടെ ഒ.ടി.ടിയിൽ റിലീസ് ചെയ്യുകയായിരുന്നു. ഒ.ടി.ടി പ്ലാറ്റ്ഫോമിലെ റിലീസിന് സെൻസർ സർട്ടിഫിക്കറ്റ് നിർബന്ധമില്ലാത്തതിനാൽ സെൻസർ ബോർഡിന് ഇടപെടാൻ കഴിയില്ലെന്ന സാങ്കേതികത്വവു നിലനിൽക്കുകയാണ്. സെൻസർ ബോർഡിന്റെ വിശദീകരണം വന്നതോടെ വിവാദം കൂടുതൽ കൊഴുക്കുമെന്നാണ് സൂചന.

കഴിഞ്ഞവർഷം കേരളത്തിൽ നടന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ ചുരുളി പ്രദർശിപ്പിക്കപ്പെട്ടപ്പോൾ ഇത്രത്തോളം അശ്ലീല പരാമർശങ്ങളും അസഭ്യ പ്രയോഗങ്ങളും ഉണ്ടായിരുന്നില്ലെന്നാണ് ചിത്രത്തിനെതിരെ പരാതി നൽകിയവർ ചൂണ്ടിക്കാട്ടുന്നത്.
സെൻസർ ബോർഡിന്റെ വിശദീകരണം ഇങ്ങനെയാണ്: ഒ.ടി.ടിയില്‍ കാണിക്കുന്ന സിനിമ സെൻസര്‍ ചെയ്‍ത പതിപ്പല്ല. ചുരുളി മലയാളം  സിനിമയ്‍ക്ക് സിനിമാട്ടോഗ്രാഫ് ആക്ട് 1952, സിനിമാട്ടോഗ്രാഫ് സര്‍ട്ടിഫിക്കേഷന്‍ റൂള്‍സ് -1983, ഇന്ത്യാ ഗവണ്‍മെന്റ്  പുറപ്പെടുവിച്ച മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവക്ക് അനുസൃതമായി സിബിഎഫ്സി മുതിര്‍ന്നവര്‍ക്കുള്ള എ സര്‍ട്ടിഫിക്കറ്റ് തന്നെയാണ് ലഭ്യമാക്കിയിട്ടുള്ളത്. 2021 നവംബര്‍ 18നാണ് സര്‍ട്ടിഫിക്കറ്റ് നമ്പര്‍  DIL/3/6/2021-THI പ്രകാരം അനുയോജ്യമായ മാറ്റങ്ങളോടെ മുതിര്‍ന്നവര്‍ക്കുള്ള ‘എ’ സര്‍ട്ടിഫിക്കറ്റ് ലഭ്യമാക്കിയത്. മാധ്യമങ്ങളിലും, വിശേഷിച്ച് സമൂഹ മാധ്യമങ്ങളിലും ചുരുളി  സര്‍ട്ടിഫിക്കേഷനെ സംബന്ധിച്ച് ഊഹാപോഹങ്ങളും വസ്‍തുതാപരമായി തെറ്റായ റിപ്പോര്‍ട്ടുകളും വ്യാപകമാവുന്നതായി പൊതുജനങ്ങളില്‍ നിന്നും ലഭിച്ച പരാതികളിലൂടെ ബോധ്യപ്പെട്ടതായും സിബിഎഫ്‍സി റീജിയണല്‍ ഓഫീസര്‍ പാർവതി അറിയിച്ചു.

ജല്ലിക്കട്ടിനു ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്‍ത ചിത്രമാണ് ചുരുളി. കഴിഞ്ഞ ഐഎഫ്എഫ്‍കയില്‍ മത്സരവിഭാഗത്തില്‍ പ്രദര്‍ശിപ്പിച്ച ചിത്രം ഡയറക്ട് ഒടിടി റിലീസായി പ്രേക്ഷകർക്ക് മുന്നിലെത്തി. ഒരുവിഭാഗം ആള്‍ക്കാര്‍ ചിത്രത്തെ ഏറ്റെടുത്തപ്പോള്‍ മറുവിഭാഗം സംഭാഷണങ്ങളില്‍ അസഭ്യ വാക്കുകള്‍ ചൂണ്ടിക്കാട്ടി രൂക്ഷമായി വിമര്‍ശിച്ചു. കഥാ സന്ദർഭത്തിന് അനുസരിച്ചുള്ള പദ പ്രയോഗങ്ങൾ മാത്രമേ ചിത്രത്തിലുള്ളൂവെന്നാണ് ഒരുവിഭാഗം പറയുന്നത്. എന്നാൽ, ടെലിവിഷനിലെ ഒ.ടി.ടി പ്ലാറ്റ്ഫോമിൽ ചിത്രം പ്രദർശിപ്പിക്കുന്നതിനാൽ കുട്ടികൾ ഉൾപ്പെടെ ഇത് കാണുന്നുണ്ടെന്നും തിയേറ്ററിലാണെങ്കിൽ ആവശ്യക്കാർ മാത്രം കണ്ടാൽ മതിയായിരുന്നുവെന്നും മറുവിഭാഗം പറയുന്നു.

കാടിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. എസ് ഹരീഷാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയത്. സോണി ലൈവിലൂടെയാണ് ചിത്രം റിലീസ് ചെയ്‍തത്. വിനയ് ഫോർട്ട്, ജോജു ജോർജ്,  ചെമ്പൻ വിനോദ്,  തുടങ്ങിയവരാണ്  പ്രായപൂര്‍ത്തിയായവര്‍ക്ക് മാത്രം എന്ന അറിയിപ്പോടെ പ്രദര്‍ശനത്തിനെത്തിയ ചുരുളിയിലെ പ്രധാനതാരങ്ങൾ.

Related posts

Leave a Comment