സി.ബി.എസ്.ഇ ചോദ്യപേപ്പർ സ്ത്രീവിരുദ്ധം ; മോദി മാപ്പ് പറ‍യണമെന്ന് സോണിയ ഗാന്ധി

ന്യൂഡൽഹി: സി.ബി.എസ്.ഇ പരീക്ഷയിലെ ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമെന്ന് ആക്ഷേപിച്ച്‌ പ്രതിപക്ഷം സോണിയാഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങി.സി.ബി.എസ്.ഇ പത്താം ക്ലാസ് ചോദ്യപേപ്പറിലെ ചോദ്യത്തിലാണ് വിവാദമായ പരാമർശങ്ങൾ ഉള്ളത്. സ്​ത്രീ സ്വാത​ന്ത്ര്യവും സ്​ത്രീ പുരുഷ സമത്വവും കുടുംബങ്ങളിൽ കുട്ടികളുടെ അച്ചടക്കം ഇല്ലാതാക്കിയെന്ന പത്താം ക്ലാസ് ആദ്യ ടേം ഇംഗ്ലീഷ് പരീക്ഷയുടെ ചോദ്യപേപ്പറാണ് വിവാദമായത്.

ഡി.എം.കെ, മുസ്ലിം ലീഗ്, എൻ.സി.പി എന്നീ പാർട്ടികളാണ് കോൺഗ്രസ് പ്രസിഡൻറ് സോണിയ ഗാന്ധിയുടെ നേതൃത്വത്തിൽ സഭ വിട്ടിറങ്ങിയത്. സീറോ അവറിലാണ് സോണിയ ഗാന്ധി വിഷ‍യം ഉന്നയിച്ചത്. ചോദ്യപേപ്പർ തികച്ചും സ്ത്രീവിരുദ്ധമാണെന്നും വിഷയത്തിൽ മോദി സർക്കാർ മാപ്പ് പറയണമെന്നും സോണിയ ഗാന്ധി ആവശ്യപ്പെട്ടു.വിവാദമായ ചോദ്യം ഉടൻ തന്നെ പിൻവലിക്കണമെന്നും ഇത്തരമൊരു ചോദ്യം ചോദ്യപേപ്പറിൽ ഉൾപ്പെട്ടു എന്നതിനെക്കുറിച്ച്‌ അന്വേഷിക്കണമെന്നും അവർ പറഞ്ഞു.നിലവാരം കുറഞ്ഞതും വെറുപ്പുണ്ടാക്കുന്നതുമായ നടപടിയെന്നാണ് രാഹുൽ ഗാന്ധി ഇതിനെ വിശേഷിപ്പിച്ചത്. യുവജനങ്ങളുടെ ഭാവി തകർക്കുന്നതിനുവേണ്ടിയുള്ള ആർ.എസ്.എസ്-ബി.ജെ.പി പദ്ധതിയാണിതെന്നും രാഹുൽ ട്വിറ്ററിൽ കുറിച്ചു.

Related posts

Leave a Comment