പൂച്ച പ്രസവിക്കുന്ന ഖജനാവ് ; വീക്ഷണം എഡിറ്റോറിയൽ


കൊറോണയും പ്രളയവും സൃഷ്ടിച്ച കെടുതികള്‍ക്ക് പുറമെ സര്‍ക്കാര്‍ സൃഷ്ടിച്ച കടക്കെടുതികളും കേരളത്തിന് കൂനിന്മേല്‍ കുരുവായി തീര്‍ന്നിരിക്കയാണ്. സര്‍ക്കാരിന്റെ അമിത ചെലവുകളും ധാരാളിത്തവും കാരണം സംസ്ഥാനം ദീവാളി കുളിച്ചിരിക്കയാണ്. തുമ്പിയെക്കൊണ്ട് കല്ല് അല്ല സര്‍ക്കാര്‍ എടുപ്പിക്കുന്നത്. വലിയ പാറക്കല്ലുകളാണ്. ദുര്‍വ്യയത്തിന് ആരോടും ഉത്തരം പറയേണ്ടതില്ല എന്ന തരത്തില്‍ പൊതുഖജനാവ് കുത്തിച്ചോര്‍ത്തുകയും പൊതുകടം വര്‍ദ്ധിക്കുകയുമാണ്. സാമ്പത്തിക രംഗം നാഥനില്ലാ കളരിയായി മാറിയിരിക്കുന്നു. അഞ്ചര വര്‍ഷങ്ങള്‍ക്ക് മുമ്പ് യു ഡി എഫ് സര്‍ക്കാര്‍ അധികാരമൊഴിയുമ്പോള്‍ സംസ്ഥാനത്തിന്റെ പൊതുകടം 1,57,370 കോടിരൂപയായിരുന്നു. 2016-ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ അധികാരവാഴ്ച തുടരുന്ന വേളയില്‍ പൊതുകടം നാലുലക്ഷം കോടി രൂപ കവിഞ്ഞിരിക്കുന്നു. അതായത് ഇരട്ടിയിലധികം വര്‍ധനവ്. തത്വദീക്ഷയും ദീര്‍ഘവീക്ഷണവുമില്ലാത്ത കടംവാങ്ങലും ചെലവിടലും സംസ്ഥാനത്തെ ഓരോ പൗരനെയും ഒരുലക്ഷം രൂപയുടെ കടക്കാരനാക്കി മാറ്റിയിരിക്കയാണ്. അഞ്ചുവര്‍ഷം ഭരിച്ച് കേരളത്തെ മുടിച്ച സര്‍ക്കാരിന് തുടര്‍ഭരണത്തിനുള്ള അവസരം ലഭിച്ചത് ചെലവ് ചുരുക്കാനല്ല, കൂടുതല്‍ ദുര്‍വ്യയം ചെയ്യാനാണ് അവരെ പ്രേരിപ്പിക്കുന്നത്. എന്തൊക്കെ കെടുതികളും തകര്‍ച്ചകളും ഉണ്ടായാലും ഒരു കിറ്റ് നല്‍കി ജനഹിതത്തെ അട്ടിമറിക്കാന്‍ സാധിക്കുമെന്നാണ് ഇടതുമുന്നണിയുടെ ന്യായം. സാധാരണഗതിയില്‍ കേരളത്തില്‍ ഓരോ മന്ത്രിസഭയും അധികാരം കൈമാറുമ്പോള്‍ കാലിയായ ഖജനാവായിരിക്കണം പിന്‍ഗാമികള്‍ക്ക് തുറന്നുവെയ്ക്കുക. എന്നാല്‍ 2016-ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അധികാരമൊഴിഞ്ഞപ്പോള്‍ 1,643 കോടി രൂപ മിച്ചമുള്ള ഖജനാവാണ് ഇടത് സര്‍ക്കാരിന് കൈമാറിയത്. ഡോ തോമസ് സ്വന്തം പാര്‍ട്ടിക്കാരനായ ബാലഗോപാലിന് നല്‍കിയത് പൂച്ച പ്രസവിച്ച് കിടക്കുന്ന ഖജനാവായിരുന്നു. അയ്യായിരം കോടി രൂപ ട്രഷറിയിലുണ്ടെന്ന തോമസ് ഐസക്കിന്റെ അവകാശവാദം പരോക്ഷമായി പിന്‍ഗാമി ബാലഗോപാലനും തള്ളിക്കളഞ്ഞിരിക്കയാണ്. അതുകൊണ്ടായിരുന്നു ഭരണത്തിന്റെ മധുവിധു മായുംമുമ്പെ ധനമന്ത്രിക്ക് പിച്ചപ്പാളയുമായി കടംവാങ്ങാന്‍ ഇറങ്ങേണ്ടിവന്നത്. തോമസ് ഐസക് പറഞ്ഞ അയ്യായിരം കോടിയില്‍ നാലായിരം കോടിയും കടംവാങ്ങിയതായിരുന്നു. ഭാവിയില്‍ കിട്ടാനുള്ള രണ്ടായിരംകോടിയും ചേര്‍ത്താണ് കാലിയല്ലാത്ത ഖജനാവെന്ന് മുന്‍ ധനമന്ത്രി പറഞ്ഞത്. സെപ്തംബര്‍ മാസത്തെ മാത്രം ശമ്പളവും പെന്‍ഷനും നല്‍കാന്‍ പുതിയ ധനമന്ത്രി കടമെടുത്തത് 3500 കോടി രൂപയാണ്. സാധാരണഗതിയില്‍ ആറുശതമാനം പലിശക്ക് പകരം 7.06 ശതമാനം പലിശക്കാണ് ഈ കടമെടുപ്പ്. ജനിക്കാനിരിക്കുന്ന കുട്ടിയുടെ മേലും കടബാധ്യത കയറ്റിവെച്ച സര്‍ക്കാരിന് കടമെടുക്കലാണ് ധനകാര്യ വൈദഗ്ദ്ധ്യമെന്ന ധാരണയാണുള്ളത്. സംസ്ഥാനത്തിന്റെ മൊത്തം വാര്‍ഷിക വരുമാനത്തിന്റെ 18.35 ശതമാനവും നാം പലിശയായി നല്‍കുകയാണ്. ശമ്പളത്തിനും പെന്‍ഷനും 48.46 ശതമാനവും ചെലവിടുന്നു. പിന്നെ ശേഷിക്കുന്ന 33.19 ശതമാനത്തില്‍ നിന്നുവേണം ക്ഷേമപദ്ധതികളും വികസന പ്രവര്‍ത്തനങ്ങളും നടത്താന്‍. നികുതി വരുമാനത്തില്‍ അടിക്കടിയുണ്ടാകുന്ന ഇടിവും റവന്യൂ ചെലവിലെ അമിത വര്‍ദ്ധനയും ചരിത്രത്തിലില്ലാത്ത സാമ്പത്തിക പ്രതിസന്ധിയിലേക്കാണ് കേരളത്തെ തള്ളിവിടുന്നത്.
കോവിഡും പ്രളയവും സര്‍ക്കാരിന്റെ അമിതചെലവും പ്രതിസന്ധി രൂക്ഷമാക്കി. കേരളം ഇപ്പോള്‍ പുകയുന്ന അഗ്നിപര്‍വ്വതത്തിന് മുകളിലാമ് നിലയുറപ്പിച്ചിട്ടുള്ളത്. ഏതുസമയവും സ്‌ഫോടനം പ്രതീക്ഷിക്കാം. ഡോ തോമസ് ഐസക് വലിയ ധനകാര്യ വിദഗ്ധനാണെന്നായിരുന്നു സി പി എമ്മിന്റെ പ്രചാരണവും അദ്ദേഹത്തിന്റെ ഭാവവും. തോമസ് ഐസക് അവതരിപ്പിച്ച എല്ലാ ബജറ്റുകളിലും 30 ശതമാനം നികുതി വളര്‍ച്ച ലക്ഷ്യമിടുമായിരുന്നു. എന്നാല്‍ സാധാരണയില്‍ കവിഞ്ഞ യാതൊരു നികുതി വര്‍ദ്ധനയുമുണ്ടാക്കാന്‍ ധനവകുപ്പിന് സാധിച്ചില്ല. തോമസ് ഐസകും ധനവകുപ്പ് ഉദ്യോഗസ്ഥരും കാര്യക്ഷമതയില്ലായ്മയുടെ ഒരു കൂട്ടായ്മ മാത്രമായിരുന്നു. ധനമന്ത്രി മിടുക്കനാണെങ്കില്‍ തന്റെ കീഴിലുള്ള ഉദ്യോഗസ്ഥന്മാരെ സക്രിയരായി മാറ്റാന്‍ സാധിക്കും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഊമപ്പെണ്ണിന് ഉരിയാടാപയ്യന്‍ എന്ന നിലയിലായിരുന്നു. ധനമന്ത്രിയുടെ വൈദഗ്ധ്യം അദ്ദേഹത്തിന്റെ കുര്‍ത്തയിലും താടിയിലുമൊതുങ്ങി. നികുതി വെട്ടിപ്പുകാരുടെയും കരിഞ്ചന്തക്കാരുടെയും സുവര്‍ണകാലമായിരുന്നു തോമസ് ഐസക്കിന്റെ ധനമന്ത്രിക്കാലം. വിലക്കയറ്റം കേരളത്തെ ഒരുവശത്തേക്ക് പിടിച്ചുവലിച്ചപ്പോള്‍ നികുതി വരുമാന വര്‍ധനവ് ഒട്ടുമുണ്ടായില്ല. ധനവകുപ്പിന്റെ പ്രാഥമിക കര്‍ത്തവ്യമായ നികുതിപിരിവുപോലും കാര്യക്ഷമമായി നടന്നില്ല എന്ന് ധനവകുപ്പ് ഉദ്യോഗസ്ഥര്‍തന്നെ സാക്ഷ്യപ്പെടുത്തുന്നു. ജി എസ് ടി നിയമം ഫലപ്രദമായി നടപ്പിലാക്കാന്‍ കേന്ദ്രസര്‍ക്കാരിനും സംസ്ഥാന സര്‍ക്കാരിനും ഇച്ഛാശക്തിയില്ലാതെപോയതാണ് കേരളത്തിന്റെ സാമ്പത്തിക തകര്‍ച്ചയുടെ മറ്റൊരു പ്രധാന കാരണം. നായക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയതുപോലെയാണ് കേന്ദ്രവും കേരളവും ജി എസ് ടി കൈകാര്യം ചെയ്യുന്നത്. ധനവകുപ്പിന്റെ കാര്യക്ഷമതയില്ലായ്മയും പുതിയ ധനമന്ത്രിയുടെ അനുഭവ പരിചയക്കുറവും പ്രതിസന്ധി കുറയുകയല്ല, രൂക്ഷമാക്കുകയേ ഉള്ളൂ.

Related posts

Leave a Comment