പരാതി നൽകാനെത്തിയ യുവാക്കളെ പോലീസ് മർദിച്ച കേസ്; എസ്.പി മറുപടി നൽകണമെന്ന് ഹൈക്കോടതി

ആലപ്പുഴ: നൂറനാട് പൊലീസ് സ്റ്റേഷനിൽ പരാതി പറയാനെത്തിയ യുവാക്കളെ മർദിച്ചെന്നും കള്ളക്കേസിൽ കുടുക്കിയെന്നുമുള്ള പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി. ആലപ്പുഴ എസ്.പി ബുധനാഴ്ചയ്ക്കകം മറുപടി നൽകണമെന്നാണ് ഹൈക്കോടതി നിർദേശം. ഹരജിയിൽ ഉന്നയിച്ചിരിക്കുന്ന പൊലീസിനെതിരായ ആരോപണങ്ങൾ ഗൗരവതരമാണ്. നിയമസംവിധാനത്തെ പരിഹസിക്കുന്നതിന് തുല്യമാണിതെന്നും കോടതി കുറ്റപ്പെടുത്തി. സിവിൽ തർക്കവുമായി ബന്ധപ്പെട്ടാണ് കഴിഞ്ഞ ദിവസം രണ്ട് സഹോദരങ്ങൾ നൂറനാട് പൊലീസ് സ്റ്റേഷനിലെത്തിയത്. ഇവരെ കള്ളക്കേസിൽ കുടുക്കിയ പൊലീസ് മർദിക്കുകയും ചെയ്തു. യുവാക്കളുടെ മൊബൈൽ ഫോണിൽ പതിഞ്ഞ മർദന ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നടപടി ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹരജി സമർപ്പിച്ചത്. മൊബൈൽ ഫോൺ ദൃശ്യങ്ങൾ പരിശോധിക്കണമെന്ന ആവശ്യവും യുവാക്കൾ കോടതിയിൽ ഉന്നയിച്ചിട്ടുണ്ട്. ബുധനാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related posts

Leave a Comment