ചികിത്സയില്ലാതെ പതിനൊന്നു വയസുകാരി മരിച്ച കേസ്; ഉസ്താദും പിതാവും അറസ്റ്റില്‍

കണ്ണൂർ: പനി ബാധിച്ച്‌ പതിനൊന്നു വയസുകാരി മരിച്ച സംഭവത്തിൽ കുട്ടിയുടെ പിതാവിനെയും ഉസ്താദിനെയും അറസ്റ്റ് ചെയ്തു.
നാലുവയൽ ഹിദായത്ത് വീട്ടിൽ സത്താർ പള്ളിയിലെ ഉസ്താദായ ഉവൈസ് എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരേ ചുമത്തിയിരിക്കുന്നത്. ബാലനീതി വകുപ്പ് പ്രകാരവും കേസെടുത്തിട്ടുണ്ട്.

പനി ബാധിച്ച്‌ ഗുരുതരാവസ്ഥയിലായ ഫാത്തിമ എന്ന കുട്ടിക്ക് ചികിത്സ നൽകാതെ മതപരമായ പ്രാർത്ഥനയിലൂടെ സൗഖ്യപ്പെടുത്താൻ ശ്രമിച്ചതാണ് കുട്ടിയുടെ മരണത്തിന് കാരണമായത് എന്നാണ് പ്രാഥമിക നിഗമനം.

മരണപ്പെട്ട ഫാത്തിമയെ ആശുപത്രിയിൽ കൊണ്ടു പോകാനോ ഏന്തെങ്കിലും ഡോക്ടറെ കാണിക്കാനോ മരുന്നുകൾ നൽകാനോ കുട്ടിയുടെ കുടുംബം തയ്യാറായില്ല. കുട്ടിക്ക് പനി തുടങ്ങി ഗുരുതരാവസ്ഥയിലായെങ്കിലും നാല് ദിവസത്തോളം ഒരു തരത്തിലുള്ള ചികിത്സയും ലഭിച്ചില്ല.

പനി ബാധിച്ചപ്പോൾ ജപിച്ച്‌ ഊതിയ വെള്ളം നൽകിയതായി ഉസ്താദും കുട്ടിയുടെ പിതാവും മൊഴി നൽകിയിട്ടുണ്ട്. ഞായറാഴ്ചയാണ് കണ്ണൂർ സിറ്റി നാലുവയൽ ദാറുൽ ഹിദായത്ത് വീട്ടിൽ സത്താറിന്റെ മകൾ എം.എ. ഫാത്തിമ പനി ബാധിച്ച്‌ മരിച്ചത്.

കുട്ടിക്ക് കൃത്യസമയത്ത് ചികിത്സ നടത്താതിരുന്നതും വ്യാജ ചികിത്സ നടത്തിയതുമാണ് മരണത്തിന് കാരണമെന്ന് ആരോപണമുയർന്നിരുന്നു. ഇതോടെയാണ് പോലീസ് കേസെടുത്തത്. സംഭവത്തിൽ സംസ്ഥാന ബാലാവകാശ കമ്മിഷനും കേസെടുത്തിരുന്നു.

Related posts

Leave a Comment