നടിയെ ആക്രമിച്ച കേസ്; ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ വിധി ഇന്ന്

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള ഹർജിയിൽ വിധി ഇന്ന്. പ്രോസിക്യൂഷൻ നൽകിയ ഹർജിയിൽ വിചാരണക്കോടതിയാണ് വിധി പറയുക. ജാമ്യവ്യവസ്ഥകൾ തുടർച്ചയായി ലംഘിച്ചുവെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിന്റെ ജാമ്യം റദ്ദാക്കാൻ പ്രോസിക്യൂഷൻ ആവശ്യപ്പെടുന്നത്. കേസ് അട്ടിമറിക്കുന്നതിന് പ്രതിയുടെ ഭാഗത്തു നിന്നു നീക്കമുണ്ടായെന്നും പ്രോസിക്യൂഷൻ ആരോപിക്കുന്നു.

അഭിഭാഷകരുടെ നിർദ്ദേശമനുസരിച്ച് ദിലീപ് പത്തിലേറെ സാക്ഷികളെ സ്വാധീനിച്ചെന്നും തെളിവുകൾ നശിപ്പിച്ചെന്നും പ്രോസിക്യൂഷൻ കോടതിയിൽ വാദിച്ചു. ഇതുമായി ബന്ധപ്പെട്ട് സാക്ഷിമൊഴികളും, ഡിജിറ്റൽ രേഖകളും ഹാജരാക്കിയിട്ടുണ്ട്. ദിലീപിന്റെ മൊബൈൽ ഫോണിലെ തെളിവുകൾ സൈബർ വിദഗ്ധനെ ഉപയോഗിച്ചു നശിപ്പിച്ചതും അന്വേഷണ സംഘം ചൂണ്ടിക്കാട്ടിയിരുന്നു.പ്രോസിക്യൂഷൻ വിവാദങ്ങളിൽ കഴമ്പില്ലെന്നാണ് ദിലീപിന്റെ വാദം. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല. പുകമറ സൃഷ്ടിക്കാനാണ് പ്രോസിക്യൂഷൻ ശ്രമിക്കുന്നത്. സംവിധായകൻ ബാലചന്ദ്രകുമാറിന്റെ തിരക്കഥ അനുസരിച്ചാണ് പ്രോസിക്യൂഷന്റെ പുതിയ ഹർജി നൽകിയിരിക്കുന്നതെന്നും ദിലീപ് കോടതിയിൽ വാദിച്ചു.കേസിലെ എട്ടാം പ്രതിയാണ് ദിലീപ്. നീണ്ടവാദ പ്രതിവാദങ്ങൾക്കൊടുവിലാണ് ജാമ്യം റദ്ദാക്കണമെന്ന ഹർജിയിൽ ഇന്ന് കോടതി വിധി പറയുന്നത്.

Related posts

Leave a Comment