കാര്‍ട്ടൂണിസ്റ്റ് യേശുദാസന്‍ അന്തരിച്ചു, സംസ്കാരം നാളെ ചിറ്റൂര്‍ റോഡ് പള്ളിയില്‍

കൊച്ചി: ജനപ്രിയ കാര്‍ട്ടൂണിസ്റ്റ് സി.ജെ. യേശുദാസന്‍ അന്തരിച്ചു. 83 വയസായിരുന്നു. കോവിഡ് ബാധിതനായി ചികിത്സയിലിരിക്കെ, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെ നാലു മണിക്ക് ഹൃ‌ദയാഘാത്തെ തുടര്‍ന്നായിരുന്നു അന്ത്യം. സംസ്കാരം നാളെ രാവിലെ പതിനൊന്നിന് എറണാകുളം ചിറ്റൂര്‍ റോഡ് സെന്‍റ് മേരീസ് പള്ളി സെമിത്തേരിയില്‍. മൃതദേഹം രാവിലെ എട്ട് മുതല്‍ എട്ടര വരെ ചങ്ങമ്പുഴ പാര്‍ക്കിലെ വസതിയിലും ഒന്‍പതു മുതല്‍ പത്തര വരെ കളമശേരി മുനിസിപ്പല്‍ ഹാളിലും പൊതു ദര്‍‌ശനത്തിനു വയ്ക്കും.

രാഷ്‌ട്രീയ കാര്‍ട്ടൂണുകള്‍ കൊണ്ട് ദേശീയ പ്രശസ്തി നേടിയ യേശുദാസന്‍ പ്രഥമ പ്രധാനമന്ത്രി പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹറു, ഇന്ദിരാ ഗാന്ധി. രാജീവ് ഗാന്ധി എന്നിവരെ നേരിട്ടു കണ്ട് കാര്‍ട്ടൂണുകള്‍ വരച്ചിട്ടുണ്ട്. മലയാളത്തിലെ ആദ്യത്തെ പോക്കറ്റ് കാര്‍ട്ടൂണിസ്റ്റാണ്. വരകളില്‍ ചിരിവസന്തം വിരിയിച്ച ഈ മഹാപ്രതിഭ ആറു പതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ കാര്ട്ടൂണ്‍ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ചു.

ജനയുഗം, ശങ്കേഴ്സ് വീക്കിലി, മലയാള മനോരമ, ദേശാഭിമാനി, മെട്രൊ വാര്‍ത്ത തുടങ്ങിയ ദിനപത്രങ്ങളില്‍ കാര്‍ട്ടൂണിസ്റ്റ് ആയി പ്രവര്‍ത്തിച്ചു. കട്ട് കട്ട്, അസാധു, ടക്-ടക് തുടങ്ങിയ പ്രസിദ്ധീകരണങ്ങള്‍ തുടങ്ങുകയും ചെയ്തു. രാഷ്‌ട്രീയമായിരുന്നു ഇഷ്ട വിഷയമെങ്കിലും സമൂഹിക പ്രശ്നങ്ങളിലെല്ലാം അതിശക്തമായിത്തന്നെ ഇടപെട്ടു കാര്‍ട്ടൂണ്‍ വരച്ചു. ഇ.കെ. നായനാര്‍, കെ. കരുണാകരന്‍ എന്നിവരുടെ ഏറ്റവും അടുപ്പക്കാരനും വിമര്‍ശകനുമായിരുന്നു. യേശുദാസന്‍റെ വരകളിലൂടെ ഇവര്‍ വിമര്‍ശിക്കപ്പെട്ടപ്പോഴും പരസ്പരമുള്ള സൗഹൃദം ദൃഢമായിരുന്നു. താന്‍ വരയ്ക്കുന്ന ആളുകളുടെ ശരീരാകൃതിയും മാനറിസവും അവയവങ്ങളുടെ പ്രത്യേകതകള്‍ പോലും വളരെ സൂക്ഷ്മമായി നിരീക്ഷിച്ചും വിലയിരുത്തിയുമായിരുന്നു അദ്ദേഹത്തിന്‍റെ രചനകള്‍. വരകളിലെ ലാളിത്യവും ആക്ഷേപ ഹാസ്യത്തിന്‍റെ മൂര്‍ച്ചയും യേശുദാസന് പ്രത്യേകമായ ഒരിപ്പിടം തന്നെ നേടിക്കൊടുത്തു. അമേരിക്കന്‍ പ്രസിഡന്‍റ് ജോര്‍ജ് ബുഷിനെയും മുഖ്യമന്ത്രി ഇകെ നായനാരെയും വരെ വരെ ഒരേ ക്യാന്‍വാസിലിരുത്തി അദ്ദേഹം മലയാളികളെ ചിരിപ്പിച്ചു.

കാര്‍ട്ടൂണ്‍ കഥകളെ ആസ്പദമാക്കിവരയിലെ നായനാര്‍, ലീഡര്‍, പ്രഥമ ദൃഷ്ടി, അണിയറ, പോസ്റ്റ്മോര്‍ട്ടം തുടങ്ങിയ കൃതികളും രചിച്ചു. പഞ്ചവടിപ്പാലം എന്ന ചലച്ചിത്രത്തിനു സംഭാഷ‌ണവും രചിച്ചു. കേരള കാര്‍ട്ടൂണ്‍ അക്കാഡമി, ലളിതകലാ അക്കാദമി എന്നിവയുടെ സ്ഥാപക ചെയര്‍മാനാണ്. ആറു പതിറ്റാണ്ട് നീണ്ട കാര്‍ട്ടൂണ്‍ ജീവിതത്തിലെ അനുഭവങ്ങള്‍ ഉള്‍പ്പെടുത്തി ആഴത്തിലുള്ള ആത്മകഥയുടെ പണിപ്പുരയിലായിരുന്നു അവസാന നാളുകളില്‍. മാധ്യമ പ്രവര്‍ത്തകര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ ഏറ്റവും വലിയ പുരസ്കാരമായ സ്വദേശാഭിമാനി-കേസരി പുരസ്കാരത്തിന് ഈ വര്‍ഷം തെരഞ്ഞെടുത്തിരുന്നു. പുരസ്കാര ദാനത്തിനുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അദ്ദേഹത്തിന്‍റെ അന്ത്യം. ഒരു ഡസണോളം ഇതര പുരസ്കാരങ്ങളും നേടി.

ആലപ്പുഴ മാവേലിക്കര ഭരിണിക്കാവ് കുന്നേല്‍ ജോണ്‍ മത്തായിയുടെയും മറിയമ്മയുടെയും മകനാണ്. മേഴ്സിയാണു ഭാര്യ. മക്കള്‍ഃ സോനു വൈ ദാസ്, സേതു വൈ ദാസ്, സുകു വൈ ദാസ്.

Related posts

Leave a Comment