കാർട്ടൂൺ വിവാദം നിർഭാഗ്യകരം: കേരള കാർട്ടൂൺ അക്കാദമി

കേരള ലളിതകലാ അക്കാദമിയുടെ ഈ വർഷത്തെ ഓണറബിൾ മെൻഷൻ അവാർഡ് നേടിയ കാർട്ടൂണിനെച്ചൊല്ലി ഉയർന്ന വിവാദം വളരെ നിർഭാഗ്യകരമെന്ന് കേരള കാർട്ടൂൺ അക്കാദമി പ്രതികരിച്ചു. വിമർശന കലയാണ് കാർട്ടൂൺ. ഭരണാധികാരികളും പ്രതിപക്ഷവും ഒക്കെ കാർട്ടൂണിൽ വിമർശിക്കപ്പെടാറുണ്ട്. ജനകീയമായതിനാൽ അവ ശ്രദ്ധിക്കപ്പെടുന്നു. ചർച്ച ചെയ്യപ്പെടുന്നു. കൈയ്യടികളും വിമർശനവുമെല്ലാം സ്വാഭാവികം. പക്ഷേ അതിരുവിട്ട ആക്ഷേപങ്ങളും സൈബർ ആക്രമണവും തീർത്തും അപലപനീയമാണ്. അന്നത്തെ വാർത്തകളെ ആസ്പദമാക്കിയാണ് എല്ലാ കാർട്ടൂണിസ്റ്റുകളും വരയ്ക്കുന്നത്.

വിവാദത്തിന് ആസ്പദമായ കാർട്ടൂൺ 2020 മാർച്ച് 5 ന് വരച്ച് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്തതാണ്. 2019- 2020 വർഷത്തെ അവാർഡുകൾക്ക് കേരള ലളിതകലാ അക്കാദമി, 2020 ഒക്ടോബറിലാണ് എൻട്രികൾ ക്ഷണിച്ചത്.കോവിഡ് സാഹചര്യത്തിൽ അവാർഡ് നിർണയം നീണ്ടു പോയി.ഇപ്പോൾ അത് നടന്നു. വസ്തുതകൾ ഇതായിരിക്കെ ഇത് മനസിലാക്കാതെയാണ് ചിലർ ആക്ഷേപം ഉന്നയിക്കുന്നത്. അക്കാലത്ത് ഇത്തരം നിരവധി കാർട്ടൂണുകൾ ദേശീയ മാധ്യമങ്ങളിലും വന്നിട്ടുണ്ട്. ഇതെല്ലാം ഇൻ്റർനെറ്റിൽ ലഭ്യവുമാണ്.

രാജഭരണത്തെപ്പോലും തുള്ളലിലൂടെ കളിയാക്കിയ കുഞ്ചൻ നമ്പ്യാരുടെയും ഇന്ത്യൻ കാർട്ടൂൺ കുലപതി ശങ്കറിൻ്റെയും നാടായ കേരളത്തിന് ഈ വിവാദം അപമാനമാണ്. ആവിഷ്കാരസ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവുമെല്ലാം ജനാധിപത്യത്തിൻ്റെ അടിസ്ഥാന ശിലകളാണ് എന്ന് നാം ഓർമിക്കണമെന്ന് അക്കാദമി പത്രക്കുറിപ്പിൽ അറിയിച്ചു.

Related posts

Leave a Comment