വൈദ്യുതി ബോർഡിന്റെ അനാസ്ഥ: പോസ്റ്റ് വീണ് ബൈക്ക് യാത്രികൻ മരിച്ചു

കോഴിക്കോട് : അശ്രദ്ധയോടെ വൈദ്യുത പോസ്റ്റ് മാറുന്നതിനിടെയുണ്ടായ അപകടത്തിൽ യുവാവ് കൊല്ലപ്പെട്ടതിൽ പ്രതിഷേധം ശക്തമാകുന്നു. വൈദ്യുതി ബോർഡിന്റെ അനാസ്ഥയാണ് അപകടത്തിനു കാരണമെന്ന് നാട്ടുകാർ പറയുമ്പോൾ കരാറുകാരുടെ ചുമലിൽ പഴി ചാരി ബോർഡ് സ്വയം രക്ഷാ കവചം തീർക്കുന്നു. അതേ സമയം, കോഴിക്കോട് വൈദ്യുതി പോസ്റ്റ്‌ വീണ് മരിച്ച ബൈക്ക് യാത്രക്കാരന്റെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് മന്ത്രി കെ കൃഷ്ണൻ കുട്ടി. സംഭവത്തിൽ അന്വേഷണത്തിന് കെഎസ്ഇബി ചെയർമാനെ ചുമതലപ്പെടുത്തിയതായും മന്ത്രി അറിയിച്ചു.
ഉപയോഗശൂന്യമായ പോസ്റ്റ് മാറ്റുന്നതിനിടെ ഇന്നു പോസ്റ്റ് വീണുണ്ടായ അപകടത്തിൽ ബേപ്പൂർ സ്വദേശി അർജുൻ ആണ് മരിച്ചത്. സംഭവത്തിൽ കുറ്റകരമായ നരഹത്യക്ക് ബേപ്പൂർ പൊലീസ് കേസെടുത്തിട്ടുണ്ട്. മതിയായ സുരക്ഷാ സംവിധാനം ഇല്ലാതെയാണ് പോസ്റ്റ് നീക്കിയതെന്നാണ് പൊലീസ് പറയുന്നത്. പോസ്റ്റ് മാറ്റുന്നതിനിടെ കെഎസ്ഇബി ഉദ്യോഗസ്ഥർ വേണ്ടത്ര ജാഗ്രത പുലർത്തിയില്ലെന്നും ഉദ്യോഗസ്ഥരുടെ അനാസ്ഥയാണ് അപകടത്തിന് കാരണമായതെന്നുമാണ് ആക്ഷേപം. സംഭവത്തിൽ പ്രതിഷേധിച്ച് നാട്ടുകാർ കോഴിക്കോട്-ബേപ്പൂർ പാത ഉപരോധിച്ചു. എന്നാലിതിന് കരാറുകാരനാണ് ഉത്തരവാദിയെന്നാണ് കെഎസ്ഇബി ഡിവിഷണൽ എക്സിക്യൂട്ടീവ് എൻജിനീയർ ഷാജി സുധാകരൻ പ്രതികരിച്ചത്. പൊലീസിൽ പരാതി കൊടുത്തിട്ടുണ്ടെന്നും കെഎസ്ഇബി അറിയാതെയാണ് കരാറുകാരൻ പഴയ പോസ്റ്റ് നീക്കിയതെന്നും ഷാജി സുധാകരൻ പറയുന്നു. മരിച്ച ആളുടെ കുടുംബത്തിന് പത്ത് ലക്ഷം രൂപ നഷ്ടപരിഹാരം ലഭ്യമാക്കാൻ ശുപാർശ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related posts

Leave a Comment