കാപ്പെക്‌സ് അഴിമതി സി പി എമ്മിന്റെ കൊല്ലത്തെ ഉന്നത നേതാക്കളെ പ്രതിയാക്കി വിജിലന്‍സ് കേസ് എടുക്കണമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ്

കൊല്ലം: കാപ്പെക്‌സ് അഴിമതി സി പി എമ്മിന്റെ ജില്ലയിലെ ഉന്നത നേതാക്കളെ പ്രതിയാക്കി വിജിലന്‍സ് കേസ് എടുക്കണമെന്ന് ഡി സി സി പ്രസിഡന്റ് പി. രാജേന്ദ്രപ്രസാദ് ആവശ്യപ്പെട്ടു. കാപ്പെക്‌സിന്റെ മുന്‍ ചെയര്‍മാന്‍മാരായിരുന്ന ഇപ്പോഴത്തെ സി പി എം ജില്ലാ സെക്രട്ടറിയും ജില്ലാ സെക്രട്ടറിയേറ്റ് അംഗവും വിജിലന്‍സ് കേസ് എടുത്താല്‍ ഒന്നും രണ്ടും പ്രതികള്‍ ആവുമെന്നുള്ളത് കൊണ്ടാണ് സി പി എം സംസ്ഥാന നേതൃത്വം ഇടപെട്ട് വിജിലന്‍സ് കേസ് എടുപ്പിക്കാത്തതെന്നും ഡി സി സി പ്രസിഡന്റ് ചൂണ്ടിക്കാട്ടി. വിജിലന്‍സ് അന്വേഷണം നടത്താത്തത് കാപ്പെക്‌സ് എന്ന പൊതുമേഖലാ സ്ഥാപനം സി പി എമ്മിന്റെ അഴിമതി നടത്താനുള്ള കറവ പശു ആയതിനാലാണെന്നും വിജിലന്‍സ് അന്വേഷണത്തില്‍ മുന്‍കാല അഴിമതികളും പുറത്ത് കൊണ്ട് വരുമെന്ന് ഉള്ളതിനാലാണെന്നും അദ്ദേഹം ആരോപിച്ചു. സംസ്ഥാന ധനകാര്യ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ തന്നെ കോടികണക്കിന് രൂപയുടെ അഴിമതിയാണ് പുറത്ത് വന്നിരിക്കുന്നത്. കൊല്ലത്തെയും കണ്ണൂരിലെയും പാവപ്പെട്ട കശുവണ്ടി തൊഴിലാളികളെ മറയാക്കി സി പി എം കാലാകാലങ്ങളായി നടത്തുന്ന അഴിമതി കോണ്‍ഗ്രസ് പുറത്ത് കൊണ്ടുവരുമെന്നും വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭ പരിപാടികള്‍ ആരംഭിക്കുമെന്നും ഡി സി സി പ്രസിഡന്റ് അറിയിച്ചു. നാടന്‍ തോട്ടണ്ടി എന്ന പേരില്‍ ആഫ്രിക്കയില്‍ നിന്നും വില കുറഞ്ഞ തോട്ടണ്ടി വാങ്ങിയതില്‍ സി പി എംന് കോടി കണക്കിന് രൂപയാണ് കമ്മീഷന്‍ ലഭിച്ചിരിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
,
,

Related posts

Leave a Comment