പ്രവര്‍ത്തകരെ  കള്ളക്കേസില്‍ കുടുക്കുന്നത് നോക്കി നില്‍ക്കാനാവില്ല ; ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ന​ടത്തി കോണ്‍ഗ്രസ്

പാലാ:  കോണ്‍ഗ്രസ് പ്രവര്‍ത്തകരെ  കള്ളക്കേസില്‍ കുടുക്കുന്നതും  അവരുടെ കുടുംബാംഗങ്ങളെ നീചമായ രീതിയില്‍ വ്യക്തിഹത്യ ചെയ്യുന്നതും കയ്യുംകെട്ടി നോക്കി നില്‍ക്കാനാവില്ലെന്ന് കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
അധികാരത്തില്‍ ഉള്ളവര്‍ക്ക് വേണ്ടി   പോലീസ് വിടുപണി ചെയ്യുന്ന സാഹചര്യം ദൗര്‍ഭാഗ്യകരമാണ്.  ജീവിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ പ്രതിരോധിക്കുവാന്‍ പാര്‍ട്ടി നിര്‍ബന്ധിതമാകുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.  കോണ്‍ഗ്രസ് പാലാ നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ നടന്ന ഡിവൈഎസ്പി ഓഫീസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു  നാട്ടകം സുരേഷ്.
പോലീസ് നീതിയുക്തമായി  ഇടപെടുന്നതിനു പകരം ഏകപക്ഷീയമായി  ആരെയെങ്കിലും പ്രീണിപ്പിക്കുവാന്‍  വേണ്ടി  പ്രവര്‍ത്തിക്കുന്നത് സമൂഹത്തിന് അപകടകരമാണ്.  സ്ത്രീത്വത്തെ ഉള്‍പ്പെടെ അപമാനിക്കുന്ന,  രാഷ്ട്രീയ വിരോധം ഉള്ളവരുടെ പിഞ്ചു കുഞ്ഞുങ്ങളെ പോലും സാമൂഹ്യമാധ്യമങ്ങളില്‍ ആക്ഷേപിക്കുന്ന സൈബര്‍ ഗുണ്ടകള്‍  സ്വതന്ത്രരും രാഷ്ട്രീയ വിമര്‍ശനം ഉന്നയിക്കുന്നവര്‍ പ്രതികളും ആകുന്ന സാഹചര്യം  സംജാതമാകുന്നത് അധികാര ദുര്‍വിനിയോഗത്തിന്റെ  പ്രത്യക്ഷമായ ഉദാഹരണമാണ്.  ഇത് അനുവദിക്കാന്‍ സാധിക്കുകയില്ല.  ഈ സമരം വെറും സൂചനയാണ്,   പോലീസ് നീതി നടപ്പാക്കിയില്ലെങ്കില്‍ ഇതിന്റെ പേരില്‍ തുടര്‍ സമരപരമ്പരകള്‍ തന്നെ ഉണ്ടാകും എന്നും ഡി സി സി പ്രസിഡന്റ് വ്യക്തമാക്കി. കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പ്രൊഫ.സതീശ് ചൊള്ളാനി അദ്ധ്യക്ഷത വഹിച്ചു.

Related posts

Leave a Comment