Dubai
മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം റദ്ദാക്കിയതിൽ
ദുരൂഹതയെന്ന് കെ സുധാകരൻ എംപി

തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയന്റെ യുഎഇ സന്ദർശനം കേന്ദ്രസർക്കാർ റദ്ദാക്കിയതു സംബന്ധിച്ച് ദുരൂഹത നിലനില്ക്കുന്നതിനാൽ ഇക്കാര്യത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ വ്യക്തത വരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു. സാധാരണഗതിയിൽ കേന്ദ്രം ഇത്തരമൊരു നിലപാട് സ്വീകരിച്ചാൽ ശക്തമായി രംഗത്തുവരുന്ന മുഖ്യമന്ത്രി നിശബ്ദനാണ്. മുഖ്യമന്ത്രിയുടെ വിദേശയാത്രയെ മതിയായ കാരണങ്ങളില്ലാതെയാണ് കേന്ദ്രം തടഞ്ഞതെങ്കിൽ അതു കേരളത്തിനെ അപമാനിക്കുന്നതിനു തുല്യമായതിനാൽ കേന്ദ്രവും ഇക്കാര്യത്തിൽ വ്യക്തത വരുത്തണം. കേരളത്തിന്റെ ചരിത്രത്തിൽ ഇതാദ്യമായി ഒരു മുഖ്യമന്ത്രിക്ക് വിദേശയാത്രാനുമതി നിഷേധിച്ചതിനു മതിയായ കാരണങ്ങൾ കാണുമെന്ന് കരുതുന്നവരുണ്ട്.
2016 ഡിസംബറിലെ ദുബായ് യാത്രയിൽ അദ്ദേഹം ഒരു ബാഗ് മറുന്നുവയ്ക്കുകയും അത് പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ യുഎഇ തിരുവനന്തപുരം കോൺസുലേറ്റിലെ സ്വപ്‌ന സുരേഷിന്റെ സഹായത്തോടെ എത്തിച്ചു കൊടുക്കുകയും ചെയ്തിരുന്നു. ഈ ബാഗ് സ്‌കാൻ ചെയ്തപ്പോൾ അതിൽ നിറയെ കറൻസിയായിരുന്നെന്ന് കണ്ടെത്തിയിട്ടുണ്ട്. കേന്ദ്ര ഏജൻസികൾ ഇതു സംബന്ധിച്ച അന്വേഷണം നടത്തി വരുകയുമാണ്. രാജ്യത്തുനിന്ന് കറൻസി കടത്തിയതും സ്വർണം കൊണ്ടുവന്നതുമായ നിരവധി ആക്ഷേപങ്ങളിലാണ് അന്വേഷണം നടക്കുന്നത്. സംസ്ഥാന സർക്കാരിന്റെ ആശീർവാദത്തോടെ നടന്ന കേരളത്തിലെ സ്വർണക്കടത്തിനെക്കുറിച്ച് പ്രധാനമന്ത്രി കഴിഞ്ഞ മാസത്തെ കേരള സന്ദർശനവേളയിൽ പരാമർശിക്കുകയും ചെയ്തിരുന്നു. ഇതാണോ മുഖ്യമന്ത്രിയുടെ യുഎഇ സന്ദർശനം തടയാൻ കാരണമെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കണം.
യുഎഇ സർക്കാർ നിക്ഷേപം സംഗമം നടത്തി അവരുടെ രാജ്യത്ത് നിക്ഷേപകരെ ആകർഷിക്കുന്നതിനിടയ്ക്ക് മുഖ്യമന്ത്രി എങ്ങനെ കേരളത്തിലേക്ക് നിക്ഷേപകരെ ആകർഷിക്കുമെന്നത് വ്യക്തമല്ല. യുഎഇ സർക്കാർ നടത്തുന്ന നിക്ഷേപസംഗമത്തിൽ മുഖ്യമന്ത്രി പങ്കെടുക്കുന്നത് മറ്റു ചില നിക്ഷേപ അജൻഡകളുമായാണെന്ന് സംശയമുയരുന്നു. എഐ ക്യാമറ, കെഫോൺ ഉൾപ്പെടെയുള്ള നിരവധി ഇടപാടുകളിൽ മുഖ്യമന്ത്രിയുടെ ബന്ധുക്കൾ വരെ ഉൾപ്പെട്ട സാഹചര്യമാണ് നിലവിലുള്ളത്. അവരിൽ പലർക്കും ഗൾഫുമായി അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രിക്കും കുടുംബത്തിനും അറബ് രാജ്യങ്ങൾ കേന്ദ്രീകരിച്ച് ഒരുപാട് പ്ലാനും പദ്ധതിയുമുണ്ടെന്ന് സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിക്ക് അനുമതി നിഷേധിച്ചത് ഇതുമായി കൂട്ടിവായിക്കാം.
അനുമതി കിട്ടാത്ത നിക്ഷേപസംഗമ യാത്രയയ്ക്ക് സംസ്ഥാന സർക്കാർ ഒന്നേകാൽ കോടി രൂപ ഇതിനോടകം ചെലവഴിച്ചു കഴിഞ്ഞു. ഇതിനൊക്കെ ആരു സമാധാനം പറയുമെന്ന് സുധാകരൻ ചോദിച്ചു.
Dubai
ഖത്തറിലെ വധശിക്ഷ: ഇന്ത്യയുടെ അപ്പീലിന് അനുമതി

ദോഹ: ചാരവൃത്തി ആരോപിക്കപ്പെട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെ ഖത്തറിൽ വധശിക്ഷക്ക് വിധിച്ച സംഭവത്തിൽ ഇന്ത്യയുടെ അപ്പീൽ ഖത്തർ കോടതി അംഗീകരിച്ചു. എട്ട് ഇന്ത്യൻ മുൻ നാവിക സേന ഉദ്യോഗസ്ഥരെയാണ് കഴിഞ്ഞ മാസം വധശിക്ഷക്ക് വിധിച്ചത്. വധശിക്ഷയ്‌ക്കെതിരായ അപ്പീൽ പരിശോധിച്ച ശേഷം ഖത്തർ കോടതി വാദം കേൾക്കുന്ന തീയതി നിശ്ചയിക്കുമെന്ന് വൃത്തങ്ങൾ അറിയിച്ചു. 2022 ഓഗസ്റ്റിലാണ് ചാരപ്രവർത്തനത്തിന് എട്ട് പേരെ ഖത്തറിന്റെ രഹസ്യാന്വേഷണ ഏജൻസി അറസ്റ്റ് ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നത്.
ഇവർക്കെതിരെയുള്ള കുറ്റങ്ങൾ ഖത്തർ അധികൃതർ ഇതുവരെ പരസ്യമാക്കിയിട്ടില്ല. ഇവരുടെ ജാമ്യാപേക്ഷ പലതവണ തള്ളുകയും ഇവർക്കെതിരായ വിധി ഖത്തറിലെ ഫസ്റ്റ് ഇൻസ്റ്റൻസ് കോടതി കഴിഞ്ഞ മാസം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. കമാൻഡർ പൂർണേന്ദു തിവാരി, കമാൻഡർ സുഗുണാകർ പകല, കമാൻഡർ അമിത് നാഗ്പാൽ, കമാൻഡർ സഞ്ജീവ് ഗുപ്ത, ക്യാപ്റ്റൻ നവതേജ് സിംഗ് ഗിൽ, ക്യാപ്റ്റൻ ബീരേന്ദ്ര കുമാർ വർമ, ക്യാപ്റ്റൻ സൗരഭ് വസിഷ്ത്, നാവികൻ രാഗേഷ് ഗോപകുമാർ എന്നിവരാണ് അറസ്റ്റിലായ ഇന്ത്യൻ നാവികസേനാംഗങ്ങൾ.
Dubai
പുതുപ്പള്ളിക്ക് ആദ്യ ദുഃഖഞായർ, കല്ലറയിലേക്ക് ഇന്നും ജനപ്രവാഹം

കോട്ടയം: ഇന്നത്തെ ഞായറിന് പുതുപ്പള്ളിക്കാർക്ക് നിരവധി പ്രത്യേകതകളുണ്ട്. ഓർമവച്ച നാൾ മുതൽ തങ്ങളുടെ കുഞ്ഞൂഞ്ഞ് ഇല്ലാത്ത ആദ്യത്തെ ഞായർ. കരോട്ട് വള്ളിക്കാല വീട് തിരക്കി വരുന്നവരെ സ്വീകരിക്കാൻ ഉമ്മൻ ചാണ്ടി എന്ന നേതാവില്ലാത്ത ഞായർ. എന്നിട്ടും പുതുപ്പള്ളി കവലയിൽ ഇന്നും അപരിചിതർ ബസിറങ്ങി. കരോട്ടെ വീടല്ല, പുതുപ്പള്ളി പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള വഴിയാണ് അവർ തെരഞ്ഞെത്. പുതുപ്പള്ളിക്കാർക്ക് ഇന്ന് ‘ദുഃഖ ഞായർ’ ആയിരുന്നു. പ്രിയപ്പെട്ട കുഞ്ഞൂഞ്ഞ് ഇല്ലാത്ത ഒരു ഞായറാഴ്ച എന്നത് പുതുപ്പള്ളി പള്ളിയിലെ ഇടവകക്കാർക്കും നാട്ടുകാർക്കും ഉൾക്കൊള്ളാനായിട്ടില്ല. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി വിടവാങ്ങിയ ശേഷമുള്ള ആദ്യ ഞായറാഴ്ച, പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ അദ്ദേഹത്തിന്റെ കബറിടത്തിൽ നിരവധിപ്പേരാണ് ആദരാഞ്ജലി അർപ്പിക്കാനെത്തുന്നത്. മെഴുകുതിരികളും പൂക്കളുമായി എത്തുന്ന അവരെ പ്രിയ നേതാവിന്റെ ശൂന്യത വല്ലാതെ അലട്ടുന്നു.
1980ലാണ് ഉമ്മൻ ചാണ്ടി തിരുവനന്തപുരത്തേക്കു താമസം മാറ്റുന്നത്. അന്നു പുതുപ്പള്ളിക്കാർക്കു കൊടുത്ത വാക്കാണ് എല്ലാ ഞായറാഴ്ചയും പുതുപ്പള്ളിയിൽ എത്തുമെന്നത്. 40 വർഷം മുടങ്ങാതെ ആ പതിവ് തുടർന്നു. പുതുപ്പള്ളിയെന്ന നാട് ഉമ്മൻ ചാണ്ടിയുടെ വികാരമായിരുന്നെങ്കിൽ പുതുപ്പള്ളി പള്ളി ഉൾപ്പെടെയുള്ള ആരാധനാലയങ്ങൾ എക്കാലവും ഉമ്മൻ ചാണ്ടിക്കു പ്രിയപ്പെട്ടവയായിരുന്നു. ലോകത്തെവിടെയാണെങ്കിലും ഞായറാഴ്ച പുലർച്ചെ പുതുപ്പള്ളി പള്ളിയിൽ കുർബാനയ്ക്ക് എത്തുന്നതായിരുന്നു ശീലം.
ദേവാലയത്തിൽ എത്തുമ്പോൾ ഉമ്മൻ ചാണ്ടിക്കു മുഖ്യമന്ത്രിയുടെയോ എംഎൽഎയുടെയോ രാഷ്ട്രീയക്കാരന്റെയോ മേൽവിലാസം ഇല്ലായിരുന്നു. തീർത്തും സാധാരണക്കാരൻ. പള്ളിയുടെ പിൻഭാഗത്തെയോ വശത്തെയോ വാതിലിനോടു ചേർന്നാണു നിന്നിരുന്നത്. പള്ളിയുടെ നടയിൽ ഉമ്മൻ ചാണ്ടി ഇരിക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പല തവണ പ്രചരിച്ചിരുന്നു. ജീവിതത്തിലെ നിർണായക ഘട്ടങ്ങളിലും തീരുമാനങ്ങൾ എടുക്കേണ്ട അവസരങ്ങളിലും പള്ളിയിലോ പള്ളിക്കു മുന്നിലെ കുരിശിൻചുവട്ടിലോ എത്തി പ്രാർഥിക്കുന്നതു പതിവാണ്.
കഴിഞ്ഞ വർഷം നവംബർ രണ്ടിനു ബുധനാഴ്ചയാണ് ഉമ്മൻചാണ്ടി അവസാനമായി ഇവിടെ പ്രാർഥിക്കാനെത്തിയത്. ജർമനിയിലേക്കു ചികിത്സയ്ക്കു പോകുന്നതിനു മുൻപായിരുന്നു ആ വരവ്. ഒക്ടോബർ 31ന് അദ്ദേഹത്തിന്റെ പിറന്നാളായിരുന്നു. പിറന്നാൾ ദിനത്തിൽ പുതുപ്പള്ളി പള്ളിയിലെത്തുന്ന പതിവുണ്ട്. അന്നു പള്ളിയിൽ പോകാൻ കഴിയാതിരുന്നതുകൊണ്ടു കൂടിയാണു നവംബർ രണ്ടിന് എത്തിയത്.
പുതുപ്പള്ളി പള്ളിക്കും നാടിനും നൽകിയ സേവനത്തിനും നല്ല നിമിഷങ്ങൾക്കുമുള്ള ആദരസൂചകമായി ഉമ്മൻ ചാണ്ടിക്ക് പള്ളിയിൽ പ്രത്യേക കബറിടമാണ് ഒരുക്കിയത്. പള്ളിമുറ്റത്തു വൈദികരുടെ കബറിടത്തിനു സമീപത്തായാണ് ഉമ്മൻ ചാണ്ടിയുടെ കബറിടം. സംസ്കാര ചടങ്ങുകൾ കഴിഞ്ഞതു മുതൽ ഇവിടെ ജനത്തിരക്കാണ് അനുഭവപ്പെടുന്നത്. ജനങ്ങൾക്കിടയിൽ ജീവിച്ച നേതാവിന്റെ ജനസമ്പർക്കം അദ്ദേഹത്തിന്റെ കല്ലറയിലേക്കും നീളുന്നു.
Britain
സ്നേഹജനമേ വിട, ഇനി ഞാൻ ഉറങ്ങട്ടെ..

- VEEKSHANAM WEB TEAM
പുതുപ്പള്ളി (കോട്ടയം): പുതുപ്പള്ളിയുടെ സ്വന്തം കുഞ്ഞൂഞ്ഞ് മടങ്ങി, പുതുപ്പള്ളിയുടെ മണ്ണിലേക്ക്. കഴിഞ്ഞ 79 വർഷമായി ഓരോ ആഴ്ചയിലും മുടങ്ങാതെയെത്തിയ സെന്റ് ജോർജ് വലിയ പള്ളി സെമിത്തേരിയിൽ ഇടയാന്മാരുടെ കുഴിമാടങ്ങൾക്കരികെ, വിശുദ്ധന്റെ പരിശുദ്ധിയോടെ ഉമ്മൻ ചാണ്ടി ഖബറടങ്ങി. എന്നും ജനങ്ങൾക്കിടയിൽ മാത്രം ഉറങ്ങി ശീലമുള്ള ഉമ്മൻ ചാണ്ടി ഇതാദ്യമായി തനിച്ചുറങ്ങി.
പള്ളിയിലും മുറ്റത്തും കോട്ടയം മുതലുള്ള രാജ വീഥികളും തിങ്ങിനിറഞ്ഞു നിന്ന ജന ലക്ഷങ്ങളുടെ ഹൃദയം നുറുങ്ങുന്ന തേങ്ങലുകളും നിസ്വനങ്ങളും കേട്ട് , ആരും അടുത്തില്ലാതെ അവരുടെ പ്രിയങ്കരനായ ഉമ്മൻ ചാണ്ടി സാർ കല്ലറയിൽ അന്ത്യ നിദ്രയിലായി. ഇനി ഒരിക്കലും മടങ്ങി വരില്ലെന്നറിയാമായിരുന്നിട്ടും ജനസഞ്ചയം ചങ്കു പൊട്ടി വിളിച്ചു പറഞ്ഞുകൊണ്ടേയിരുന്നു, ഇല്ലായില്ല മരിച്ചിട്ടില്ല, ഉമ്മൻ ചാണ്ടി മരിച്ചിട്ടില്ല, ആരു പറഞ്ഞു മരിച്ചെന്ന്.

കേരളം ഇന്നോളം കണ്ടിട്ടുള്ള ഏറ്റവും വലിയ വിലാപയാത്രയ്ക്കൊടുവിലാണ് ഉമ്മൻ ചാണ്ടിയെന്ന ജനനായകൻ മണ്ണോടു ചേർന്നത്. മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ മാർത്തോമ്മ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ ചരമ ശുശ്രൂഷകൾക്ക് നേതൃത്വം നൽകി. സഭയിലെ പത്തോളം ബിഷപ്പുമാരും ആയിരത്തോളം വൈദികരും അസംഖ്യം കൈക്കാരും ജനലക്ഷങ്ങളും ചടങ്ങുകൾക്ക് സാക്ഷ്യം വഹിച്ചു. മലങ്കര
കത്തോലിക്കാ സഭാ മേധാവി മാർ ജോർജ് ആലഞ്ചേരി അടക്കം സഹോദര സഭകളിൽ നിന്ന് അസംഖ്യം ഇടയന്മാരും സന്യസ്തരും സെന്റ് ജോർജ് പള്ളിയിൽ സന്നിഹിതരായിരുന്നു.
രാത്രി 10.30ന് അന്തിമ ശുശ്രൂഷകൾക്കു തുടക്കം കുറിച്ചു. പരിശുദ്ധ കാതോലിക്കാ ബാവ റീത്ത് വച്ച് പ്രാർഥന ചൊല്ലി. 40 മിനിറ്റോളം ചടങ്ങുകൾ നീണ്ടു. 11:30 മണി കഴിഞ്ഞ് മൃതദേഹം കുഴിമാടത്തിലേക്കെടുത്തു. കൃത്യം 12 മണിക്ക് ചടങ്ങുകൾ പൂർത്തിയായി. വിദ്യാർഥി നേതാവായും യുവജന സംഘാടകനും നേതാവായും എംഎൽഎ ആയും മന്ത്രിയായും പ്രതിപക്ഷ നേതാവായും യുഡിഎഫ് കൺവീനറായും മുഖ്യമന്ത്രിയായും ഇതൊന്നുമല്ലാതെയും പുതുപ്പള്ളിയുടെ മണ്ണിലൂടെ കാലുറപ്പിച്ചു നടന്നും സൈക്കിളിൽ ചുറ്റിത്തിരിഞ്ഞും ഇരുചക്ര വാഹനങ്ങളിലടക്കം ജനങ്ങൾക്കൊപ്പം സഹവസിച്ചും കഴിഞ്ഞ ആറര പതിറ്റാണ്ടു കാലം പുതുപ്പള്ളിയുടെ കാവലാളായി നിന്ന ഉമ്മൻ ചാണ്ടിയുടെ ഭൗതിക സാന്നിധ്യമില്ലാതെ പുതുപ്പള്ളി അർധരാത്രിയോടെ ഉറങ്ങി.
എ.കെ. ആന്റണി, രാഹുൽ ഗാന്ധി, കെ. സുധാകരൻ, കെ.സി. വേണു ഗോപാൽ, വി.ഡി. സതീശൻ, രമേശ് ചെന്നിത്തല, എം.എം. ഹസൻ, കൊടിക്കുന്നിൽ സുരേഷ്, ബെന്നി ബഹന്നാൻ, ആന്റോ ആന്റണി, തിരുവഞ്ചൂര് രാധാകൃഷ്ണൻ, കെ.സി ജോസഫ്, പി.സി. വിഷ്ണു നാഥ് തുടങ്ങി നൂറു കണക്കിനു നേതാക്കളും അന്ത്യ ശുശ്രൂഷകൾക്കു സാക്ഷ്യം വഹിച്ചു.
ഈറനണിഞ്ഞ കണ്ണുകളും ഇടറുന്ന ശബ്ദവുമായി പുതുപ്പള്ളിയിലേക്ക് ഒഴുകിയെത്തിയ പതിനായിരങ്ങൾ തീർത്ത സ്നേഹക്കടൽ താണ്ടി അവരുടെ പ്രിയ നേതാവ് യാത്രയായി. ആർക്കും എന്ത് കാര്യത്തിനും ഏത് ആവശ്യത്തിനും ഓടി ചെല്ലുവാൻ കഴിയുമായിരുന്ന ഉമ്മൻചാണ്ടി എന്ന കാരുണ്യ സ്പർശത്തിന്റെ ഒടുവിലത്തെ യാത്ര വികാരനിർഭരമായിരുന്നു.ഉച്ചക്ക് രണ്ടരയോടെ തിരുനക്കര മൈതാനിയിലെ പൊതുദർശനം അവസാനിപ്പിച്ചു വിലാപയാത്രയായി പുതുപ്പള്ളിയിലേക്ക് കടന്നു. ഉമ്മൻചാണ്ടിയെന്ന ജനകീയ നേതാവിനെ എന്നും എല്ലായിപ്പോഴും അകമഴിഞ്ഞു സ്നേഹിച്ചിട്ടുള്ള പുതുപ്പള്ളിക്കാരുടെ ഹൃദയം പിളർത്തിയായിരുന്നു വിലാപയാത്ര കടന്നുപോയത്. റോഡരികിൽ സ്ത്രീകളും കുട്ടികളും അടക്കം നിരവധിപേർ അവരുടെ പ്രിയപ്പെട്ട കുഞ്ഞൂഞ്ഞിനെ ഒരു നോക്കു കാണുവാൻ മണിക്കൂറുകളായി കാത്തു നിൽക്കുന്നുണ്ടായിരുന്നു. ഭൗതികശരീരം കണ്ടപാടെ പലരും വിങ്ങിപ്പൊട്ടി. എല്ലാവർക്കും ഓർത്തെടുക്കുവാൻ വ്യക്തിപരമായ ഒരോ അനുഭവങ്ങൾ ഉമ്മൻചാണ്ടി എന്ന ജനകീയ നേതാവ് നൽകിയിട്ടുണ്ട്. ‘ആര് പറഞ്ഞ് മരിച്ചെന്ന്…,ജീവിക്കുന്നു ഞങ്ങളിലൂടെ…’ എന്ന മുദ്രാവാക്യം അലയടികൾ തീർത്ത ചുറ്റുപാടിലൂടെ ജനസമ്പർക്ക നേതാവിന്റെ അന്ത്യ യാത്ര രാജകീയം തന്നെയായിരുന്നു. പുതുപ്പള്ളി കരോട്ട് വള്ളച്ചാലിലെ കുടുംബവീട്ടിൽ പ്രിയ നേതാവിനെ അവസാനമായി കാണുവാൻ വലിയ തിരക്ക് രൂപപ്പെട്ടിരുന്നു. വീട്ടിലെ ശിശ്രൂഷകൾക്ക് ഓർത്ത്‌ഡോകസ് സഭ ഇടവക മെത്രാപ്പോലിത്താ ഡോ.യൂഹാനോൻ മാർ ദിയസ് കോറോ നേതൃത്വം നൽകി.
വീടും പരിസരവും ഉച്ചമുതലേ പ്രിയനേതാവിനെ അവസാനമായി കാണാൻ പുതുപ്പള്ളിക്കാർ കാത്തുനിന്നു. എന്നാൽ സമയക്കുറവുമൂലം കുടുംബവീട്ടിലെ പൊതുദർശനം ഒഴിവാക്കുകയായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രതിനിധിയായി ഗോവ ഗവർണർ അഡ്വ. പി എസ് ശ്രീധരൻ പിള്ള കുടുംബ വീട്ടിലെത്തി അനുശോചനം രേഖപ്പെടുത്തി. മന്ത്രിമാരായ വി എൻ വാസവനും സജി ചെറിയാനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കെപിസിസി പ്രസിഡന്റ് കെ സുധാകരനും ഉൾപ്പെടെയുള്ള നിരവധി പ്രമുഖർ ഭൗതിക ശരീരത്തെ അനുഗമിച്ചിരുന്നു. തുടർന്ന് പുതുപ്പള്ളിയിലെ പുതിയ വീട്ടിൽ ഉമ്മൻചാണ്ടിയുടെ ഭൗതികശരീരം പൊതുദർശനത്തിന് വെച്ചു. നിർമ്മാണം നടക്കുന്ന പുതിയ വീട്ടിൽ കത്തോലിക്ക ബാവയുടെ നേതൃത്വത്തിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നു. ഉമ്മൻ ചാണ്ടിയുടെ ആഗ്രഹപ്രകാരമാണ് നിർമാണം പൂർത്തിയാകാത്ത സ്വന്തം വീട്ടിൽ പ്രാർത്ഥനാ ശുശ്രൂഷകൾ നടന്നത്.
പിന്നീട് സംസ്കാരം നടന്ന പുതുപ്പള്ളി സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലേക്ക് വിലാപയാത്രയായി ഭൗതികശരീരം എത്തിച്ചു. മകൻ ചാണ്ടി ഉമ്മനൊപ്പം എഐസിസി മുൻ അധ്യക്ഷൻ രാഹുൽ ഗാന്ധിയും കാൽനടയായി വിലാപയാത്രയിൽ അണിചേർന്നു. പള്ളിയിലെ പൊതുദർശനത്തിന് ശേഷം പരിശുദ്ധ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ സംസ്‌കാര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു. അന്ത്യ കർമ്മങ്ങളിൽ മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര പ്രതിരോധ മന്ത്രിയുമായിരുന്ന ഏ കെ ആന്റണി പങ്കുചേർന്നു. കണക്കൂട്ടലുകളിൽ നിന്നും ഏറെ വൈകിയായിരുന്നു സംസ്കാരം നടന്നിരുന്നത്.
രാത്രി വൈകി സംസ്കാരം നടത്തുന്നതിന് കളക്ടർ അനുമതി നൽകിയിരുന്നു. സംസ്കാര ചടങ്ങുകൾ പൂർത്തിയായ ശേഷം പള്ളി മുറ്റത്ത് അനുശോചന യോഗവും ചേരുകയുണ്ടായി. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമനുസരിച്ച് ഔദ്യോഗിക ബഹുമതികൾ ഇല്ലാതെയായിരുന്നു സംസ്‌കാരം. ഉമ്മൻചാണ്ടി എന്ന രാഷ്ട്രീയ അതികായകന്റെ പൊതുപ്രവർത്തന ജീവിതത്തിൽ കരുത്തും പിന്തുണയുമായിരുന്ന പുതുപ്പള്ളി പള്ളിയിൽ പ്രത്യേകം തയ്യാറാക്കിയ കല്ലറയിലേക്ക് അദ്ദേഹം യാത്രയായപ്പോൾ പകരം വെക്കാനില്ലാത്ത ഒരു ഏട് കൂടിയായിരുന്നു അവസാനിച്ചത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Kottayam2 days ago
അല് മുക്താദിര് ജ്വല്ലറിയെക്കുറിച്ചുള്ള കള്ള പ്രചാരണം:
നിയമനടപടി സ്വീകരിക്കുമെന്ന് സംഘടന -
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ
You must be logged in to post a comment Login