പിണറായി തൊഴിലാളി വർഗത്തിന്റെ പ്രതിനിധിയാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാമോ: കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി

കോഴിക്കോട്: പിണറായി വിജയന്‍ തൊഴിലാളി വര്‍ഗത്തിന്റെ പ്രതിനിധിയാണെന്ന് എതെങ്കിലും കമ്മ്യൂണിസ്റ്റുകാരന് നെഞ്ചിൽ കൈവച്ച് പറയാന്‍ കഴിയുമോ എന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. തൊഴിലാളി വിരുദ്ധ താല്‍പര്യത്തിന് വേണ്ടി പ്രവർത്തിക്കുന്ന പിണറായി വിജയന്‍ എവിടെ നിന്ന് വന്നു, എവിടെ നില്‍ക്കുന്നുവെന്ന് കമ്മ്യൂണിസ്റ്റ് പ്രവർത്തകർ തിരിച്ചറിയണം. ഒരോ കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും കുടുംബം എവിടെ നില്‍ക്കുന്നുവെന്ന് നോക്കണം. ഒരു കൂട്ടം കമ്മ്യൂണിസ്റ്റ് നേതാക്കള്‍ സ്വാര്‍ത്ഥതയുടെ വക്താക്കളായി മാറിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.വിവിധ പാര്‍ട്ടികളില്‍ നിന്നായി 312 പ്രവര്‍ത്തകരെ സ്വീകരിക്കുന്ന വരവേൽപ്പ് പരിപാടിയായ “ഞങ്ങള്‍ കോണ്‍ഗ്രസിലേക്ക് ” ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് ഇല്ലാത്ത ഭാരതത്തിന് അസ്ഥിത്വമില്ല. ഭരണമുണ്ടായാലും ഇല്ലെങ്കിലും രാജ്യത്ത് ജനകോടിയുടെ മനസ്സില്‍ വേരോട്ടം നേടിയ ഒരേ ഒരു പ്രസ്ഥാനം കോണ്‍ഗ്രസാണ്. പാവപ്പെട്ടരുടെയും അധ്യാനിക്കുന്നവരുടെയും കണ്ണീരൊപ്പാന്‍ കോണ്‍ഗ്രസ് എന്നും ജനങ്ങളോടൊപ്പം ഉണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി. വിഭജിച്ച് ഭരിക്കുകയെന്ന തന്ത്രമാണ് രാജ്യത്ത് ബി ജെ പി സര്‍ക്കാരും നടപ്പിലാക്കുന്നതെന്ന് ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ എ ഐ സി സി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ പറഞ്ഞു. ബിജെപിക്കെതിരെ പോരാടാന്‍ കോണ്‍ഗ്രസിന് മാത്രമേ സാധിക്കുകയുള്ളു. ഡി സി സി പ്രസിഡന്റ് അഡ്വ കെ പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. കെ പി സി സി ജനറല്‍ സെക്രട്ടറിമാരായ കെ കെ എബ്രഹാം, അഡ്വ പി എം നിയാസ്, അഡ്വ. കെ ജയന്ത്, മുന്‍ ജനറല്‍ സെക്രട്ടറി എന്‍ സുബ്രഹ്മണ്യന്‍, യു ഡി എഫ് ജില്ലാ ചെയര്‍മാന്‍ കെ ബാലനാരായണന്‍,മുന്‍ ഡി സി സി പ്രസിഡന്റുമാരായ കെ സി അബു, യു രാജീവന്‍, യൂത്ത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി അഡ്വ. വിദ്യാബാലകൃഷ്ണന്‍, കെ എസ് യു സംസ്ഥാന പ്രസിഡന്റ് കെ എം അഭിജിത്ത് തുടങ്ങിയവര്‍ പങ്കെടുത്തു. ഡി സി സി ജനറല്‍ സെക്രട്ടറിമാരായ മുനീര്‍ എരവത്ത് സ്വാഗതവും ഹബീബ് തമ്പി നന്ദിയും പറഞ്ഞു.

പെരുമണ്ണ പഞ്ചായത്ത് വൈസ് പ്രസിഡന്റായിരുന്ന എന്‍ വി ബാലന്‍ നായര്‍, യുവജനതാദള്‍ ജില്ലാ പ്രസിഡന്റ് ഒ കെ ഷാജി, സി പി എം നൊച്ചാട് ലോക്കല്‍ കമ്മിറ്റി അംഗവും പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാനുമായിരുന്ന സി കെ അജീഷ്, സി പി എം കുണ്ടായിത്തോട് ബ്രാഞ്ച് ഭാരവാഹിയായ അബ്ദുള്‍ ഗഫൂര്‍, സാമൂഹ്യ പ്രവര്‍ത്തക ഷെറീന ഷെറിന്‍ എന്നിവരാണ് പുതുതായി പാര്‍ട്ടി അംഗത്വം സ്വീകരിച്ചവരില്‍ പ്രമുഖര്‍. ഓമശ്ശേരിയില്‍ നിന്നുളള 17 സി പി എം കുടുംബങ്ങളും കൂട്ടത്തിലുണ്ട്.

Related posts

Leave a Comment