സെൻട്രൽ ജയിലിൽ കോൾ റെക്കോർഡർ ; ഇനി തടവുകാരുടെ വിളികൾ രേഖപ്പെടുത്തും

തിരുവനന്തപുരം: തടവുകാരുടെ ഫോൺ വിളികൾ രേഖപ്പെടുത്തുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിൽ കോൾ റെക്കോർഡർ സ്ഥാപിച്ചു. മൊബൈൽ സേവനദാതാക്കളുടെ സഹകരണത്തോടെയാണ് ഉപകരണങ്ങൾ ഇന്നലെ സ്ഥാപിച്ചത്. തടവുകാർ ഫോൺ വിളി സൗകര്യം ദുരുപയോഗം ചെയ്യുന്നുവെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കരകുളത്തെ ഡാൻസർ ശ്യാം വധക്കേസിൽ ശിക്ഷ അനുഭവിക്കുന്ന സാനിഷ് വിയ്യൂർ ജയിലിൽനിന്ന് ഫോൺ വഴി ലഹരിമാഫിയ സംഘങ്ങളെ നിയന്ത്രിക്കുന്നതായി എക്സൈസ് കണ്ടെത്തിയിരുന്നു. കഞ്ചാവ് കേസിൽ പിടിയിലായ പ്രതിയെ ചോദ്യം ചെയ്തപ്പോഴാണ് ഈ വിവരം ലഭിച്ചത്. ലഹരി കടത്തിൽ ശിക്ഷ അനുഭവിക്കുന്ന ഇടുക്കി സ്വദേശി കോൺഫറൻസ് കോൾ വഴി ഇടപാടുകൾ നടത്തുന്നതായും കണ്ടെത്തിയിരുന്നു. ഈ കേസുകളിൽ അന്വേഷണം പുരോഗമിക്കുകയാണ്.
വൈകാതെ, കേരളത്തിലെ മറ്റു സെൻട്രൽ ജയിലുകളിലും ഈ ഉപകരണം സ്ഥാപിക്കും. നേരത്തെ, തടവുകാർക്ക് ബന്ധുക്കളെയോ പുറത്തുള്ളവരെയോ വിളിക്കാൻ മാസം 450 രൂപയുടെ സ്മാർട്ട് കാർഡ് അധിഷ്ഠിത ഫോൺവിളി സൗകര്യം പ്രധാന ജയിലുകളിൽ ഒരുക്കിയിരുന്നു. ഈ സൗകര്യം ഉപയോഗിച്ച് ചില പ്രതികൾ കോൺഫറൻസ് കോൾ വഴി പുറത്തെ സംഘങ്ങളുമായി ആശയവിനിമയം നടത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. കോൾ കോൺഫറൻസിലൂടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങൾ നടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് ജയിൽ അധികൃതർ മൊബൈൽ സേവനദാതാക്കളുമായി ചർച്ച നടത്തിയിരുന്നു. കോള്‍ കോൺഫറൻസ് സംവിധാനം ഉപഭോക്താക്കൾക്കു ആകെ നൽകുന്ന സേവനമായതിനാൽ ജയിൽ അധികൃതർക്കു വേണ്ടി മാത്രം മാറ്റാനാകില്ലെന്നായിരുന്നു കമ്പനികളുടെ നിലപാട്. ഉപഭോക്താക്കളെ നിലനിർത്താൻ ഈ സേവനം കൂടിയേതീരൂ എന്നും വാദിച്ചു. തടവുകാർ സംസാരിക്കുമ്പോൾ ജീവനക്കാരെ അടുത്തുനിർത്തി നിരീക്ഷിക്കാമെന്ന അഭിപ്രായം ഉണ്ടായെങ്കിലും നിരവധി പേർ ഒരേ സമയം സംസാരിക്കുന്നതിനാൽ നിരീക്ഷണം സാധ്യമാകാത്ത സ്ഥിതിയുണ്ടായി. സംസാരിക്കുന്നതു കേൾക്കാൻ കഴിയാത്ത അകലത്തിലായിരിക്കണം ജയിൽ ഉദ്യോഗസ്ഥരുടെ നീരിക്ഷണമെന്ന കോടതിവിധി സ്വർണക്കടത്തു കേസിലെ കോഫെപോസ തടവുകാർ സമ്പാദിച്ചതും തിരിച്ചടിയായി. തുടർന്നാണ് പൂജപ്പുര സെന്‍ട്രൽ ജയിലിലെ എല്ലാ തടവുകാരുടെയും ഫോൺവിളി റെക്കോർഡ് ചെയ്തു പരിശോധിക്കാൻ അധികൃതർ തീരുമാനിച്ചത്.  തടവുകാർക്ക് ആഴ്ചയിൽ രണ്ടുദിവസമാണ് ഫോൺ ചെയ്യാൻ അനുമതിയുള്ളത്. കോഫെപോസ തടവുകാർക്ക് ഒന്നിടവിട്ട ദിവസങ്ങളിൽ ഫോൺ ചെയ്യാം.  

Related posts

Leave a Comment