സിൽവർ ലൈൻ ചർച്ച ചെയ്യാൻ നിയമസഭ വിളിക്കണം: യുഡിഎഫ്

തിരുവനന്തപുരം: സിൽവർ ലൈൻ ചർച്ച ചെയ്യാൻ പൗരസമ്മേളനമല്ല, നിയമസഭ അടിയന്തരമായി വിളിച്ചു ചേർക്കുകയാണു വേണ്ടതെന്ന് യുഡിഎഫ് ആവശ്യപ്പെട്ടു. കന്റോൺമെന്റ് ഹൗസിൽ ചേർന്ന ഉന്നതല യുഡിഎഫ് യോ​ഗമാണ് ഈ ആവശ്യമുന്നയിച്ചതെന്നു കൺവീനർ എം.എം. ഹസൻ. പദ്ധതിക്കെതിരേ
സംസ്ഥാന വ്യാപക സമരത്തിനും യുഡിഎഫ് തീരുമാനം.
കെ റയിൽ വഴി നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിൻറെ സ്വപ്ന പദ്ധതി സിൽവർ ലൈനിനെതിരെ സംസ്ഥാനവ്യാപകസമരത്തിന് യുഡിഎഫ്. സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കൾ നേതൃത്വം നൽകും. കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് സംയുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സമരപരിപാടികളാലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനമെന്നും ഹസൻ പറഞ്ഞു.
അതേസമയം, സിൽവർ ലൈൻ പദ്ധതിയിൽ മുഖ്യമന്ത്രിയുടെ തിടുക്കമെന്തിനാണെന്ന് കോൺഗ്രസ് നേതാവ് കെ സി വേണുഗോപാൽ ചോദിച്ചു. പരിസ്ഥിതിയെ സംരക്ഷിക്കേണ്ട മുഖ്യമന്ത്രി കോർപ്പറേറ്റ് പദ്ധതി കൊണ്ടുവരുന്നത് സംശയാസ്പദമാണ്. ജനം ഇതിനെ എതിർക്കും. ആരും വികസനവിരോധികളല്ല. ജനങ്ങളുടെ സമരമാണിത്. നന്ദിഗ്രാമിൽ കണ്ടതും കർഷകസമരത്തിൽ കണ്ടതും കേരളത്തിൽ ആവർത്തിക്കും. അവസരവാദം ആരെ സഹായിക്കാനാണെന്ന് കെ സി വേണുഗോപാൽ ചോദിച്ചു.

Related posts

Leave a Comment