അടിമുടി അഴിമതി, ബിനാമി ഇടപാടുകൾ, കോഴിക്കോട് ബസ് ടെർമിനൽ പാട്ടത്തിൽ ​ഗുരുതര വീഴ്ചകൾ


കൊഴിക്കോട്. നഷ്ടത്തിൽ നിന്നു നഷ്ടത്തിലേക്കു കൂപ്പുകുത്തുന്ന കെഎസ്ആർടിസിയുടെ മേൽ കൂടുതൽ സാമ്പത്തിക ബാധ്യത കയറ്റിവയ്ക്കുന്ന തലതിരിഞ്ഞ തീരുമാനങ്ങൾക്കു ‌പിന്നിൽ സംസ്ഥാന സർക്കാരിലെ ഉന്നത‌ർക്കു പങ്കെന്ന് ആരോപണം. ധനവകുപ്പും ​ഗതാ​ഗത വകുപ്പും എതിർത്ത വാടക ഇടപാടിനു പച്ചക്കൊടി വീശിയത് മുഖ്യമന്ത്രി പിണറായി വിജയ‌നാണെന്നാണ് പുതിയ ആരോപണം. സർക്കാർ വകുപ്പുകളുടെ എതിർപ്പുകൾ അവ​ഗണിച്ച് കോഴിക്കോട് ബസ് ടെർമിനൽ ആലിഫ് ബിൽഡേഴ്സിനു കുറഞ്ഞ നിരക്കിൽ വാടകയ്ക്കു നൽകുന്നതിന് ആറു വർഷത്തെ ഒത്തുകളി നടന്നിട്ടുണ്ടെന്നാണ് ആക്ഷേപം. ചതുരശ്ര മീറ്ററിന് ആയിരം രൂപ‌യ്ക്കു മുകളിൽ വാടക കിട്ടുമെന്നിരിക്കെ, കോഴിക്കോട് ടെർമിനലിന്റെ വാടക നിരക്ക് ചതുരശ്ര മീറ്ററിനു പതിമൂന്ന് രൂപ മാത്രവും.
2015 ജൂൺ ഒന്നിന് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്തതാണ് ഈ കോംപ്കസ്. 65 കോടി രൂപ ചെലവിൽ നിർമിച്ച കെട്ടിടസമുച്ചയം അൻപതു കോടി രൂപ നിരത ദ്രവ്യവും അൻപത് ലക്ഷം രൂപ പ്രതിമാസ വാടകയും നിശ്ചയിച്ച് മാക് ബിൽഡേഴ്സ് എന്ന സ്ഥാപനത്തിനു കരാർ നല്കുന്നതടക്കമുള്ള കാര്യങ്ങൾ അന്തിമഘട്ടത്തിലെത്തിയപ്പോഴാണ് സർക്കാർ മാറിയത്. എന്നാൽ പിന്നീടു വന്ന ഇടതു സർക്കാർ കോംപ്ലക്സ് തുറക്കുന്നതിൽ കുറ്റകരമായ അനാസ്ഥ കാട്ടി. ബിൽഡിം​ഗിന് ഫയർ ആൻഡ് സേഫ്റ്റി സർട്ടിഫിക്കറ്റ് നല്കാതെയും കെട്ടിയ നമ്പർ നൽകാതെയും മറ്റും വിവിധ സർക്കാർ വകുപ്പുകളും കോഴിക്കോട് മുനിസിപ്പൽ കോർപ്പറേനും കെഎസ്ആർടിസിയെ വട്ടം കറക്കി. അഞ്ചു വർഷങ്ങൾക്കു ശേഷമാണ് സാങ്കേതികമായി ഈ സർട്ടിഫിക്കറ്റുകൾ ലഭ്യമാക്കിയത്.
എന്നാൽ പിന്നീടു നടന്നതെല്ലാം രഹസ്യ നീക്കങ്ങളായിരുന്നു. കോംപ്ലക്സ് വാടകയ്ക്കു നൽകുന്നതിനു ശരമായ രീതിയിൽ ടെൻഡർ ക്ഷണിച്ചില്ല. പത്തും പതിനൊന്നും നിലകളായി നിർമിച്ച രണ്ടു കോംപ്ലക്സിൽ ആകെ മുപ്പത്തെണ്ണായിരത്തിലധികം ചതുരശ്ര മീറ്റർ സ്ഥലസൗകര്യമുണ്ട്. അതിന് 17 കോടി രൂപ നിരത ദ്രവ്യവും 40 ലക്ഷം രൂപ വാടകയും ഈടാക്കിയാണ് ആസിഫ് ​ഗ്രൂപ്പിന് നൽകിയത്. നിരത ദ്രവ്യത്തിൽ മാത്രം നേരത്തേ വാ​ഗ്ദാനം ലഭിച്ച തുകയിൽ 33 കോടിയുടെ കുറവുണ്ടായി. വാടകയിനത്തിൽ ഏഴു ലക്ഷത്തിന്റെയും.
കടക്കെണിയിലായ കെഎസ്ആർടിസിയെത്തന്നെ കെട്ടിടസമുച്ചയത്തിന്റെ ലേല നടപടികളും വാടക പിരിക്കാനുള്ള അനുമതിയും ഏല്പിച്ച് ടിക്കറ്റേതര വരുമാനം ഉയർത്തണമെന്ന ​ഗതാ​ഗത വകുപ്പിന്റെ ആവശ്യം അം​ഗീകരിക്കപ്പെട്ടില്ല. ധനവകുപ്പിന്റെ എതിർപ്പും അവ​ഗണിച്ചാണ് പൊതുഭരണ വകുപ്പ് നടപടികളിലേക്കു തിരിഞ്ഞത്. ഇതു മുഖ്യമന്ത്രി പിണറായി വിജയന്റെ താത്പര്യപ്രകമാരമായിരുന്നുവത്രേ.
17 കോടി രൂപ നിരത ദ്രവ്യമായി നൽകിയ ആലിഫ് ​ഗ്രൂപ്പിന്റെ ആവശ്യപ്രകരാമാണ് അത്രത്തോളം രൂപ മുടക്കി കെട്ടിടം ബലപ്പെടുത്താനുള്ള ശ്രമം നടത്തിയത്. എന്നാൽ കെട്ടിടത്തിന് കാര്യമായ ബലക്ഷയമില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ബലക്ഷയം ചൂണ്ടിക്കാട്ടിവാടകയിനത്തിൽ ഇളവുകളും അറ്റക്കുറ്റപ്പണിയുടെ പേരിൽ വൻ സാമ്പത്തിക നേട്ടവും ഉണ്ടാക്കാനാണു നീക്കമെന്നും ആരോപണമുണ്ട്.
സംസ്ഥാനത്തെ മറ്റ് കെഎസ്ആർടിസി കോംപ്ലക്സുകളിലും സമാനമായ അഴിമതിയാണു നടക്കുന്നത്. തിരുവനന്തപുരം, തിരുവല്ല, അങ്കമാലി തുടങ്ങിയ കെഎസ്ആർടിസി കോംപ്ലക്സുകളുടെ ഇടപാടുകളിലും വലിയ തരത്തിലുള്ള അഴിമതി നടന്നിട്ടുണ്ട്. വേണ്ടത്ര മത്സരമില്ലാതെ, വേണ്ടപ്പെട്ടവർക്കു വേണ്ടി മാത്രമുള്ള വ്യവസ്ഥകളുണ്ടാക്കി, ഉദാര നിരക്കിൽ ദീർഘകാല അടിസ്ഥാനത്തിൽ തീറെഴുതി നൽകുകയാണെന്നും ആക്ഷേപം ഉയരുന്നു.

Related posts

Leave a Comment