ഗവർണർക്ക് പുല്ലുവില: അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് അംഗീകാരം

തിരുവനന്തപുരം: സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭയുടെ അംഗീകാരം. ഓര്‍ഡിനൻസ് വിഷയത്തിൽ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ  അനുനയിപ്പിക്കാനുള്ള സർക്കാരിന്‍റെ ശ്രമം നടക്കുന്നതിനിടെയാണ് സര്‍വ്വകലാശാലകളിലെ ഗവര്‍ണറുടെ അധികാരങ്ങൾ വെട്ടിച്ചുരുക്കണമെന്ന ബില്ലിന് മന്ത്രി സഭ അംഗീകാരം നല്‍കിയിരിക്കുന്നത്. ഉന്നത വിദ്യാഭ്യാസ പരിഷ്കരണ കമ്മീഷൻ കഴിഞ്ഞ ദിവസമാണ് ഇത്തരമൊരു ശുപാര്‍ശ  സമര്‍പ്പിച്ചത്. വൈസ് ചാൻസലറെ നിയമിക്കാനുള്ള സമിതിയുടെ ഘടന മാറ്റാനാണു പ്രധാനമായും ബിൽ കൊണ്ടുവരുന്നത്. വി.സിയെ തിരഞ്ഞെടുക്കാനുള്ള സെർച്ച് കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം മൂന്നിൽനിന്ന് അഞ്ചാകും. വരുന്ന നിയമസഭാ സമ്മേളനത്തിൽ ബിൽ അവതരിപ്പിക്കാനാണ് ആലോചിക്കുന്നത്.
ഗവർണറുടെ നോമിനി, യുജിസി നോമിനി, സർവകലാശാല നോമിനി എന്നിവരടങ്ങുന്ന മൂന്നംഗ കമ്മിറ്റിയാണു നിലവിൽ വിസിയുടെ പാനൽ തയാറാക്കി ഗവർണർക്കു സമർപ്പിക്കേണ്ടത്. ചാൻസലർ കൂടിയായ ഗവർണർ പാനലിൽ ഒരാളെ വൈസ് ചാൻസലറായി നിയമിക്കും. കാലിക്കറ്റ്, കണ്ണൂർ, സംസ്കൃത സർവകലാശാലകളിലെ വിസി നിയമനങ്ങളിൽ ഗവർണർ സർക്കാറിനെതിരെ പരസ്യവിമർശനം നടത്തിയിരുന്നു. അത് ആവർത്തിക്കാതിരിക്കാനാണ് ബിൽ കൊണ്ടുവരുന്നത്.
ഗവർണറുടെ നോമിനിയും യുജിസിയുടെ നോമിനിയും സർക്കാരിനു താൽപര്യമില്ലാത്തവരാണെങ്കിൽ സർക്കാർ ഉദ്ദേശിക്കുന്ന വ്യക്തിയെ വിസിയാക്കാൻ ബുദ്ധിമുട്ടാവും. നിലവിൽ മൂന്നംഗ കമ്മിറ്റിക്കു മൂന്നു മുതൽ അഞ്ചു വരെയുള്ള പേരുകൾ അടങ്ങിയ പാനൽ സമർപ്പിക്കാം. ഇതിൽനിന്ന് ഗവർണർക്ക് താൽപര്യമുള്ള ആളെ വി.സിയായി നിയമിക്കാനാവും.
സർക്കാരിന്റെ പരിഗണയിലുള്ള പുതിയ ഭേദഗതി പ്രകാരം മൂന്നംഗ കമ്മിറ്റിയിലെ രണ്ടുപേർ സമാന പാനൽ ശുപാർശ ചെയ്താൽ അതു കമ്മിറ്റിയുടെ ഔദ്യോഗിക പാനലാകും. കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാരിന്റെ ശുപാർശപ്രകാരം ഗവർണർ നിയമിക്കണമെന്നും ഭേദഗതിചെയ്യാൻ ആലോചനയുണ്ട്. സർവകലാശാല പ്രതിനിധിയും, ഗവർണറുടെ പ്രതിനിധിയും സർക്കാരിനു താൽപര്യമുള്ളവരാകുമ്പോൾ സർക്കാർ ഉദ്ദേശിക്കുന്ന ആളെ മാത്രമേ ഗവർണർക്ക് വൈസ് ചാൻസലറായി നിയമിക്കാനാകൂ. സെർച്ച് കമ്മിറ്റിയിലെ യുജിസി പ്രതിനിധി വ്യത്യസ്ത പാനൽ മുന്നോട്ടുവച്ചാലും അതു ഗവർണർക്ക് പരിഗണിക്കാനാവില്ല.
സര്‍വ്വകലാശാലകളുടെ അധികാരങ്ങൾ ഗവര്‍ണറില്‍ കേന്ദ്രീകരിക്കുന്നത് ഒഴിവാക്കണമെന്നാണ് അംബേദ്കര്‍ സര്‍വ്വകലാശാല മുൻ വൈസ് ചാൻസര്‍ ശ്യാം ബി മേനോന്‍ അധ്യക്ഷനായ പരിഷ്കരണ കമ്മീഷൻ ശുപാര്‍ശ ചെയ്തിരുന്നത്. നേരത്തെ എൻ കെ ജയകുമാർ അധ്യക്ഷനായ നിയമ പരിഷ്ക്കരണ കമ്മീഷനും വിസി നിയമനത്തിൽ ഗവർണ്ണറുടെ അധികാരം കുറക്കാൻ ശുപാർശ ചെയ്തിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു സെർച്ച് കമ്മിറ്റിയിൽ ഗവർണറുടെ പ്രതിനിധിയെ സർക്കാർ വെക്കാമെന്ന ഭേദഗതിയോടെ ഓർഡിനൻസ് ഇറക്കാൻ നടപടി തുടങ്ങിയത്. സ്വകാര്യ സര്‍വ്വകലാശാലകൾക്കായി ബില്ല് കൊണ്ടുവരണം. മലബാറിൽ കൂടുതൽ കോളേജുകൾ വേണം.. കോളേജ് അധ്യാപകരുടെ വിരമിക്കൽ പ്രായം 60 ആക്കണം. സര്‍വ്വകലാശാലാ നിയമനങ്ങൾ പിഎസ്‍സി, ഹയര്‍ എജ്യുക്കേഷൻ സര്‍വ്വീസ് കമ്മീഷൻ എന്നിവ വഴി മാത്രമാക്കണം. പൊതുഅക്കാദമിക് കലണ്ടര്‍ എന്നിവയാണ് മറ്റ് ശുപാർശകൾ.

താൻ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ല: ഗവർണർ

തിരുവനന്തപുരം ∙ കണ്ണൂര്‍ സര്‍വകലാശാലയ്ക്കെതിരെ ഗുരുതരമായ ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍വകലാശാലയില്‍ നടക്കുന്നത് ഗുരുതരമായ ക്രമക്കേടുകളും സ്വജനപക്ഷപാതവുമെന്ന് ഗവര്‍ണര്‍ തുറന്നടിച്ചു. ചാന്‍സലറായ തന്നെ ഇരുട്ടിൽ നിര്‍ത്തിയാണ് നീക്കങ്ങള്‍. താന്‍ ചാന്‍സലറായിരിക്കുന്നിടത്തോളം കാലം നിയമലംഘനങ്ങള്‍ അനുവദിക്കില്ല. ഗവര്‍ണര്‍ ഒപ്പിടാതെ ഒരു ബില്ലും നിയമമാകില്ലെന്നും ആരിഫ് മുഹമ്മദ് ഖാന്‍ ഓര്‍മിപ്പിച്ചു.  സർവകലാശാലകളിൽ ഗവർണറുടെ അധികാരം വെട്ടിക്കുറയ്ക്കുന്ന ബില്ലിന് മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ഇത് ചൂണ്ടിക്കാണിച്ചാണ് ഗവർണറുടെ പ്രതികരണം.

Related posts

Leave a Comment