സി. പി. എം – സി.പി.ഐ ഭിന്നത രൂക്ഷം; എല്‍.ഡി.എഫില്‍ പൊട്ടിത്തെറി

എറണാകുളം: കാലടി മഞ്ഞപ്ര പഞ്ചായത്തില്‍ എല്‍.ഡി.എഫില്‍ പൊട്ടിത്തെറി. എല്‍.ഡി.എഫിലെ പ്രധാന കക്ഷികളായ സിപിഎമ്മും സിപിഐയും തമ്മിലാണ് ഇപ്പോള്‍ ഭിന്നത ഉടലെടുത്തിരിക്കുന്നത്. സിപിഎമ്മിന്റെ നിലപാടില്‍ പ്രതിഷേധിച്ച് സിപിഐ എല്‍ഡിഎഫ് മുന്നണിയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്. മുന്നണി മര്യാദകള്‍ പാലിക്കാതെ എല്‍ഡിഎഫിലെ പ്രധാന കക്ഷിയായ സിപിഎം നടത്തുന്ന പ്രവര്‍ത്തനങ്ങളിലും ഏകപക്ഷീയമായ നിലപാടുകളുമാണ് ഭിന്നതയ്ക്ക് പ്രധാന കാരണമെന്നാണ് അറിയുന്നത്. പഞ്ചായത്ത് ഇപ്പോള്‍ ഭരിക്കുന്നത് എല്‍ഡിഎഫ് ഭരണസമിതിയാണ്.ആകെയുള്ള 13 സീറ്റില്‍ എല്‍ഡിഎഫിന് ഏഴും യുഡിഎഫിന് ആറും അംഗങ്ങളാണുള്ളത്. എല്‍ഡിഎഫിലെ ഏഴ് സീറ്റില്‍ ഒരു സിപിഐ സ്വതന്ത്രനാണുള്ളത്.

തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ഭിന്നതയുണ്ടായത്. പ്രകടന പത്രികയില്‍ പറഞ്ഞിട്ടുള്ളവ നടപ്പിലാക്കാന്‍ സിപിഎം തായാറാകുന്നില്ലായെന്നാണ് സിപിഐയുടെ പ്രധാന ആക്ഷേപം. പഞ്ചായത്ത് കമ്മിറ്റിയില്‍ സിപിഎം ഏകപക്ഷീയമായ തീരുമാനങ്ങള്‍ എടുക്കുന്നുവെന്നാണ് സിപിഐയുടെ വാദം. പ്രധാന വിഷയങ്ങളിലെല്ലാം സിപിഐയുടെ അഭിപ്രായം മാനിക്കാന്‍ പോലും സിപിഎം തായാറാകുന്നില്ലായെന്നും പറയുന്നു. എന്നാല്‍ സിപിഎമ്മിന്റെ പാര്‍ട്ടി സമ്മേളനങ്ങളില്‍ സിപിഐയുടെ നിലപാടുകള്‍യ്‌ക്കെതിരെ ശക്തമായ നടപടിയുണ്ടാകണമെന്നുള്ള അഭിപ്രായമുയര്‍ന്നിരുന്നു. സിപിഐ പിന്തുണ പിന്‍വലിച്ചാല്‍ ഭരണം അട്ടിമറിക്കപ്പെടുവാനുള്ള സാധ്യതയുണ്ട്.

Related posts

Leave a Comment