അതിസമ്പന്ന പട്ടികയിൽ ആനന്ദ് മഹീന്ദ്രയെയും രാകേഷ് ജുൻജുൻവാലയെയും മറികടന്ന് മലയാളി സംരംഭകൻ ബൈജു രവീന്ദ്രൻ

ബൈജു രവീന്ദ്രൻ എന്ന സംരംഭകന്റെ പേര് മലയാളികൾക്ക് മാത്രമല്ല ലോകമെമ്പാടുമുള്ള ആളുകൾക്കെല്ലാം തന്നെ സുപരിചിതമാണ്. ‘ബൈജൂസ്‌ ലേർണിംഗ് ആപ്പ്’, അതായിരുന്നു ബൈജു രവീന്ദ്രൻ എന്ന പേരിനോട് മലയാളികൾ ഉൾപ്പെടെയുള്ള ആളുകളെ അടുപ്പിച്ചത്. തന്റെ സ്വപ്ന ഓട്ടത്തിൽ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ് ബൈജു. ഐ ഐ എഫ് എൽ ഹുറൂൺ ഇന്ത്യയുടെ ഈ വർഷത്തെ അതിസമ്പന്ന പട്ടിക പ്രകാരം സാക്ഷാൽ ആനന്ദ് മഹീന്ദ്രയെയും രാകേഷ് ജുൻജുൻവാലയെയും മറികടന്നിരിക്കുന്നു ‘തിങ്ക് ആൻഡ് ലേൺ’ സ്ഥാപകൻ ബൈജു രവീന്ദ്രൻ.

ഇന്ത്യ റിച്ച് ലിസ്റ്റ് 2021 പട്ടിക അനുസരിച്ച് ബൈജു രവീന്ദ്രന്റെയും കുടുംബത്തിന്റെയും ആസ്തി 24,300 കോടി രൂപയാണ്. ഇത് അവരെ 67-ാമത്തെ സമ്പന്ന ഇന്ത്യക്കാരാക്കുന്നു. കുടുംബത്തിന്റെ സമ്പത്ത് ഈ വർഷം 19 ശതമാനം വർദ്ധിച്ചു. താരതമ്യപ്പെടുത്തുമ്പോൾ, രാകേഷ് ജുൻജുൻവാലയുടെ 22,300 കോടി രൂപയ്ക്കും ആനന്ദ് മഹീന്ദ്രയുടെ 22,000 കോടി രൂപ ആസ്‌തിക്കും മുകളിൽ എത്തി ബൈജു.

എഡ്യൂക്കേഷൻ ടെക് കമ്പനിയായ ‘ബൈജൂസിന്റെ’ മൂല്യം 16.5 ബില്യൺ ഡോളറാണ്. ബൈജൂസ്‌ ഐ പി ഓ ഇന്ത്യൻ ഓഹരി വിപണിയിൽ ഉടൻ നടന്നേക്കാം എന്ന് റിപ്പോർട്ടുണ്ട്. അത് നടന്നാൽ പ്രതീക്ഷിക്കുന്ന മൂല്യനിർണ്ണയം 50 ബില്യൺ ഡോളർ വരെ ആകും!
ഈ വർഷം ഏറ്റെടുക്കലുകൾക്കായി 15,000 കോടി രൂപയിൽ കൂടുതൽ ബൈജൂസ്‌ ചെലവഴിച്ചു എന്നുള്ള കണക്കുകളും പുറത്തു വരുന്നു.

Related posts

Leave a Comment