രാജസ്ഥാനിൽ ബസ്സും ടാങ്കറും കൂട്ടിയിടിച്ചു ;12 പേർ വെന്തു മരിച്ചു

ജോധ്പുർ:രാജസ്ഥാനിൽ എതിർദിശയിൽ നിന്നെത്തിയ ടാങ്കെറുമായി കൂട്ടിയിടിച്ച്‌ ബസിന് തീ പിടിച്ച്‌ 12 പേർ വെന്തുമരിച്ചു.

ബുധനാഴ്ച രാവിലെ പതിനൊന്നോടെ ബാർമർ-ജോധ്പുർ ഹൈവേയിലാണ് അപകടം നടന്നത്. ബലോത്രയിൽ നിന്ന് രാവിലെ 9.55ന് പുറപ്പെട്ട ബസാണ് അപകടത്തിൽപ്പെട്ടത്.

എതിർദിശയിലെത്തിയ ടാങ്കെർ ട്രെയിലർ തെറ്റായ വശത്തിലെത്തി ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന് തീപിടിച്ചു. 25 പേരാണ് ബസിൽ ഉണ്ടായിരുന്നതെന്ന് യാത്രക്കാരനെ ഉദ്ധരിച്ച്‌ മാധ്യമങ്ങൾ റിപോർട് ചെയ്തു. 11 പേരുടെ മൃതദേഹങ്ങളാണ് സംഭവ സ്ഥലത്തുനിന്ന് കണ്ടെത്തിയത്. 10 പേരെ രക്ഷപ്പെടുത്തി. രക്ഷപ്പെട്ടവർക്കും പൊള്ളലേറ്റിട്ടുണ്ട്. ബാക്കിയുള്ളവരെക്കുറിച്ച്‌ വിവരമില്ലെന്നാണ് വിവരം.

പരിക്കേറ്റ ചിലരുടെ നില ഗുരുതരമാണ്. ഒരാൾ ആശുപത്രിയിൽവച്ചാണ് മരിച്ചത്. അപകടത്തെ തുടർന്ന് ഹൈവേയിൽ മണിക്കൂറുകളോളം ഗതാഗത തടസമുണ്ടായി. ഗുജറാത് സ്വദേശിയുടേതാണ് ബസ്. സംഭവത്തെ തുടർന്ന് പൊലീസും ജില്ലാ അധികൃതരും സ്ഥലത്തെത്തി പരിശോധന നടത്തി. പച്പദ്ര എം എൽ എ മദൻ പ്രജാപത്, സംസ്ഥാന പരിസ്ഥിതി മന്ത്രി സുഖ്റാം ബിഷ്ണോയി എന്നിവരും സംഭവ സ്ഥലം സന്ദർശിച്ചു.

അപകടത്തെ തുടർന്ന് മുഖ്യമന്ത്രി അശോക് ഗെലോട് കലക്ടറുമായി സംസാരിച്ചു. അപകടത്തിൽ മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപ ധനസഹായം നൽകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വീറ്റ് ചെയ്തു.

Related posts

Leave a Comment