ബജറ്റ് സമ്മേളനം ഇന്നു തുടങ്ങും, ദേശീയ ബജറ്റ് നാളെ, ഉത്തേജക പാക്കേജുകൾ പ്രഖ്യാപിക്കും, കൂടുതൽ വിറ്റഴിക്കൽ

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനി ഇന്നു തുടക്കം. കോവിഡ് പശ്ചാത്തലത്തിൽ കൂടുതൽ സാമ്പത്തിക ഉത്തേജക പാക്കെജുകൾ പ്രഖ്യാപിക്കുമെന്നാണ് സൂചന. നാളെയാണ് ബജറ്റ്. കൂടുതൽ സാമ്പത്തിക സാഹചര്യങ്ങൾ സൃഷ്ടിക്കാൻ കൂടുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ വിറ്റഴിക്കാൻ നടപടിയുണ്ടാകും. എയർ ഇന്ത്യക്കു പിന്നാലെ നവ രത്ന കമ്പനികളടക്കം സ്വകാര്യവൽക്കരണത്തിലേക്കു നീങ്ങുമെന്നാണ് റിപ്പോർട്ടുകൾ. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് നിർത്തി വച്ചിരിക്കുന്ന എണ്ണ വില വർധന പുനഃസ്ഥാപിക്കാനുള്ള നടപടികളും വേ​ഗത്തിലാക്കും. കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ചില സൂത്രപ്പണികളും നിർമല സീതാരാമൻ അവ‌തരിപ്പിക്കുന്ന ബജറ്റിൽ ഇടം പിടിച്ചേക്കും.
കോവിഡിന്റെ സാമ്പത്തികമാന്ദ്യം മറികടക്കാൻ അതിജീവന സഹായം കേന്ദ്രബജറ്റിൽ ഉണ്ടാകണമെന്ന്‌ കേരളം ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്‌‌ പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണമെന്നും ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ കേന്ദ്ര സർക്കാരിന് സമർപ്പിച്ച നിവേദനത്തിൽ ആവശ്യപ്പെട്ടു. സംസ്ഥാനത്തിന്റെ നികുതിനഷ്ടം നികത്തണം
ജിഎസ്‌ടി നഷ്ടപരിഹാര സംവിധാനം അഞ്ചുവർഷംകൂടി തുടരണം. നഷ്ടപരിഹാര കുടിശ്ശിക ലഭ്യമാക്കണം. കേന്ദ്രനികുതി വിഹിതത്തിൽ സംസ്ഥാനത്തിനുണ്ടായ നഷ്ടം നികത്തണം. എൺപതുകളിൽ 3.92 ശതമാനമായിരുന്ന വിഹിതം നിലവിൽ 1.925 ശതമാനമാണ്‌. 2020–-21ൽമാത്രം 6400 കോടി രൂപയുടെ വരുമാന നഷ്ടമുണ്ട്‌. ഇത്‌ പരിഹരിക്കുന്നതിന് പ്രത്യേക സാമ്പത്തിക പാക്കേജ്‌ അനുവദിക്കണം.
ജിഎസ്‌ടിയുടെയും പെട്രോളിയം നികുതിയുടെയും ഭാഗമായ സെസുകളും സർചാർജുകളും പിൻവലിക്കണം. പെട്രോളിനും ഡീസലിനുമടക്കം അടിസ്ഥാന നികുതിയേക്കാൾ ഉയർന്ന നിരക്കിലാണ്‌ സെസും സർചാർജും.
സംസ്ഥാനവും റെയിൽവേ മന്ത്രാലയവും സംയുക്തമായി ഏറ്റെടുക്കുന്ന കെ റെയിൽ അടക്കമുള്ള പദ്ധതികൾക്ക്‌ കേന്ദ്രത്തിന്റെ പിന്തുണയും സഹായവും ഉറപ്പാക്കണമെന്നും കേരളം ആവശ്യപ്പെട്ടു. വൻകിട അടിസ്ഥാന സൗകര്യ പദ്ധതികൾക്കുള്ള വിപണി വായ്‌പകളെ ധന ഉത്തരവാദിത്വ നിയമത്തിൽനിന്ന് ഒഴിവാക്കണം. തിരികെയെത്തുന്ന പ്രവാസികൾക്കായി പ്രത്യേക പാക്കേജ്‌ വേണം.

കാർഷിക, ചെറുകിട വ്യവസായമേഖലകൾക്കും കശുവണ്ടി, കയർ, കാപ്പി, റബർ, ഏലം, തേയില ഉൾപ്പെടെ നാണ്യവിളകൾക്കുമായി പ്രത്യേക സഹായംവേണം. ധന കമീഷൻ കേരളത്തിനായി ശുപാർശ ചെയ്‌ത 1100 കോടി രൂപയുടെ പ്രത്യേക മേഖലാ സഹായങ്ങൾ അനുവദിക്കണം. തൊഴിലുറപ്പിന്‌ സഹായം ഉറപ്പാക്കണം സഹകരണ ബാങ്കുകൾക്കുള്ള ആദായനികുതി ഇളവുകൾ സഹകരണ സംഘങ്ങൾക്കും ലഭ്യമാക്കണം തുടങ്ങിയ ആവശ്യങ്ങൾക്ക് പുറമെ അയ്യൻകാളി നഗര തൊഴിലുറപ്പു പദ്ധതിക്ക്‌ സഹായം അനുവദിക്കണം. തൊഴിലുറപ്പു ദിനങ്ങളും കൂലിയും വർധിപ്പിക്കണം. റബറിന് താങ്ങുവില, എയിംസ്, കണ്ണൂരിൽ ആയുർവേദ ഗവേഷണ ഇൻസ്റ്റിറ്റ്യൂട്ട്, മലബാർ ക്യാൻസർ സെന്ററിനെ രാഷ്ട്രീയ ആരോഗ്യ നിധിയിൽ ഉൾപ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങൾ ഇത്തവണയും കേരളം ഉന്നയിച്ചിട്ടുണ്ട്.

Related posts

Leave a Comment