കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു

ബംഗളൂരു : കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചു. ഇന്ന് ഉച്ചയ്ക്കു ശേഷം ഗവര്‍ണറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് യെഡിയൂരപ്പ അറിയിച്ചു. ബിജെപി നേതൃത്വത്തിന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് രാജിയെന്നാണ് സൂചന. സര്‍ക്കാരിന്റെ രണ്ടാം വാര്‍ഷിക ആഘോഷ പരിപാടിക്കായി സംഘടിപ്പിച്ച വേദിയിലാണ് യെഡിയൂരപ്പ രാജി പ്രഖ്യാപിച്ചത്. വികാരാധീനനായാണ് മുഖ്യമന്ത്രിയുടെ രാജിപ്രഖ്യാപനം. യെഡിയൂരപ്പയെ മാറ്റുമെന്ന് നേരത്തെ തന്നെ സൂചനകള്‍ വന്നിരുന്നെങ്കിലും അദ്ദേഹം ഇതു ശക്തമായി നിഷേധിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം ഇതിനുള്ള സൂചനകള്‍ മുഖ്യമന്ത്രിയില്‍നിന്നു തന്നെ പുറത്തുവന്നിരുന്നു. സര്‍ക്കാര്‍ രണ്ടു വര്‍ഷം പൂര്‍ത്തിയാക്കിക്കഴിഞ്ഞാല്‍ പിന്നീടുള്ള കാര്യം ബിജെപി കേന്ദ്ര നേതൃത്വമാവും തീരുമാനിക്കുക എന്നാണ് യെഡിയൂരപ്പ പറഞ്ഞത്. കേന്ദ്ര നേതൃത്വം എന്തു തീരുമാനമെടുത്താലും അത് അനുസരിക്കുമെന്നും യെഡിയൂരപ്പ വ്യക്തമാക്കി.

Related posts

Leave a Comment