ബ്രിട്ടാസാണോ മുഖ്യമന്ത്രി? ; എംപിമാരുടെ യോഗത്തിൽ വിമർശനം

തിരുവനന്തപുരം: സംസ്ഥാന ഭരണവുമായി ബന്ധപ്പെട്ട സുപ്രധാനമായ ഫയലുകൾ മുഖ്യമന്ത്രി പിണറായി വിജയൻ കാണുന്നില്ലെന്നും കേരളത്തിൽ ഉദ്യോഗസ്ഥ ഭരണമാണ് നടക്കുന്നതെന്നുമുള്ള ആക്ഷേപങ്ങൾക്കിടെ, ജോൺ ബ്രിട്ടാസ് എംപിയാണോ കേരളം ഭരിക്കുന്നതെന്ന ചോദ്യമുയർത്തി സംസ്ഥാനത്തെ എംപിമാർ. പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിനു മുന്നോടിയായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിളിച്ചു ചേർത്ത എംപിമാരുടെ ഓ‍ൺലൈൻ യോഗത്തിൽ പിണറായി വിജയനോട് ചോദിച്ച ചോദ്യങ്ങൾക്ക് ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞതിനെ തുടർന്നാണ് എംപിമാർ വിമർശനം ഉയർത്തിയത്. മുഖ്യമന്ത്രിയോടുള്ള ചില ചോദ്യങ്ങൾക്ക് രാജ്യസഭാ എംപി കൂടിയായ ജോൺ ബ്രിട്ടാസ് മറുപടി പറഞ്ഞപ്പോൾ ‘‘താങ്കളാണോ മുഖ്യമന്ത്രി’’? എന്ന ചോദ്യമുയർത്താൻ യുഡിഎഫ് എംപിമാർ മടിച്ചില്ല.
എംപിമാരുടെ സഹകരണത്തിനു മുഖ്യമന്ത്രി ആത്മാർഥത കാട്ടുന്നില്ലെന്നും വേഗ റെയിലിനോടുള്ള യുഡിഎഫ് എതിർപ്പുമാണ് യോഗത്തിൽ വിമർശന വിധേയമായത്.  സംസ്ഥാന വികസനത്തിന് എംപിമാർ സഹകരിക്കണമെന്ന് അഭ്യർഥിക്കുന്ന മുഖ്യമന്ത്രി, എംപിമാരെ വിശ്വാസത്തിൽ എടുക്കാനോ ഡൽഹിയിൽ എത്തുമ്പോൾ ഒപ്പം കൂടെ കൂട്ടാനോ  തയാറാകുന്നില്ലെന്ന് യുഡിഎഫ് എംപിമാർ കുറ്റപ്പെടുത്തി. കെ- റെയിലിനോട് തങ്ങൾക്കു ശക്തമായ എതിർപ്പ് ഉണ്ടെന്നും അവർ വ്യക്തമാക്കി.
കേരളത്തിന്റെ ആവശ്യങ്ങൾ കേന്ദ്രത്തിൽ ഉന്നയിച്ചു സാധിച്ചെടുക്കണം എന്നു  പറയുന്ന മുഖ്യമന്ത്രി, ഡൽഹിയിൽ എത്തുന്ന വിവരം പോലും എംപിമാരെ അറിയിക്കാറില്ലെന്നു ബെന്നി ബഹനാൻ ആണു ചൂണ്ടിക്കാട്ടിയത്. കേന്ദ്ര മന്ത്രിമാരെ കണ്ട് നിവേദനം നൽകുമ്പോൾ എംപിമാർ ഒപ്പം പോകാൻ തയാറാണ്.എന്നാൽ കൊണ്ടു പോകാൻ അദ്ദേഹം തയാറില്ല. എല്ലാ കാര്യങ്ങളിലും മുഖ്യമന്ത്രിയുമായി സഹകരിക്കാനും  കേന്ദ്ര മന്ത്രിമാരെ കാണാനും തങ്ങൾ തയാറാണ്.സഹകരണം വേണമെന്ന് അഭ്യർഥിക്കുമ്പോൾ  തിരികെ അതേ,പോലുള്ള സമീപനം തങ്ങളോടും സ്വീകരിക്കണമെന്നു ബെന്നി ബഹനാൻ പറഞ്ഞു.
വേഗ റെയിൽ പദ്ധതി സംബന്ധിച്ചു പ്രതിഷേധക്കാരുമായി ചർച്ച നടത്താൻ തയാറാകണമെന്നു കൊടിക്കുന്നിൽ സുരേഷ് ആവശ്യപ്പെട്ടു. ടി.എൻ പ്രതാപൻ എംപിയും ഇതിനെ പിന്തുണച്ചു. ഇക്കാര്യത്തിൽ യുഡിഎഫിനുള്ള ശക്തമായ എതിർപ്പും കൊടിക്കുന്നിൽ വ്യക്തമാക്കി.എന്നാൽ പദ്ധതിയുമായി മുന്നോട്ടു പോകുമെന്നും എംപിമാർ സഹകരിക്കണം എന്നുമായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

Related posts

Leave a Comment