ഒമിക്രോൺ ; ആദ്യ മരണം ബ്രിട്ടണിൽ ; ഉയർന്ന വ്യാപന സാധ്യതയെന്ന് മുന്നറിയിപ്പ്

ലണ്ടൻ: ഒമിക്രോൺ ബാധിച്ച് ലോകത്ത് ആദ്യ മരണം. ബ്രിട്ടണിലാണ് മരണം റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസണാണ് ഒമിക്രോൺ മരണവിവരം സ്ഥിരീകരിച്ചത്. മരിച്ച രോഗിക്ക് മറ്റുപല ആരോഗ്യപ്രശ്നങ്ങളും ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ.
ബ്രിട്ടണിലെ കോവിഡ് കേസുകളിൽ 40 ശതമാനവും ഇപ്പോൾ ഒമിക്രോൺ വകഭേദമാണെന്നും ബോറിസ് ജോൺസൺ പറഞ്ഞു. രോഗം ബാധിച്ച് നിരവധിപേർ ചികിത്സയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഒമിക്രോൺ വകഭേദത്തിന്റെ വലിയ വ്യാപന സാധ്യതയെക്കുറിച്ച് ബോറിസ് ജോൺസൺ കഴിഞ്ഞ ദിവസം മുന്നറിയിപ്പ് നൽകിയിരുന്നു. ഡിസംബർ അവസാനമാകുമ്പോഴേക്കും 18 വയസ്സിന് മുകളിലുള്ള എല്ലാവർക്കും ബൂസ്റ്റർ ഡോസ് വാക്‌സിൻ നൽകാനാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞിരുന്നു. രോഗബാധിതർ ദ്രുതഗതിയിൽ ഉയരുന്നത് കാരണം രാജ്യത്തെ ആരോഗ്യ ഉപദേഷ്ടാക്കാൾ കനത്ത ജാഗ്രത നിർദേശിച്ചതിനു പിന്നാലെയായിരുന്നു ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ പ്രസ്താവന.
ജൂൺ മുതൽ ബ്രിട്ടൺ കോവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിത്തുടങ്ങിയിരുന്നു. മുന്നറിയിപ്പ് ലെവൽ മൂന്നായി നിലനിൽക്കുകയായിരുന്നു. ഇതിനിടെയാണ് ഒമിക്രോൺ ഭീഷണിവരുന്നത്. ഉയർന്ന വ്യാപന സാധ്യത സൂചിപ്പിക്കുന്ന ലെവൽ നാല് മുന്നറിയിപ്പാണ് ഇപ്പോൾ രാജ്യത്തുള്ളത്.
ആഫ്രിക്കയിൽ അടക്കം രോഗവ്യാപനം അതിരൂക്ഷമാണെങ്കിലും ഇതുവരെ മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. നിലവിൽ 63 രാജ്യങ്ങളിൽ ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കിയിരുന്നു.

Related posts

Leave a Comment