കള്ളുഷാപ്പ് ഉടമകളിൽ നിന്ന് കൈക്കൂലി: എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ

തിരുവനന്തപുരം: കള്ളുഷാപ്പ് ഉടമകളിൽ നിന്ന് കൈക്കൂലി വാങ്ങി വിജിലൻസിന്റെ പിടിയിലായ എക്സൈസ് ഉദ്യോഗസ്ഥർക്ക് കൂട്ട സസ്പെൻഷൻ. പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ നടത്തിയ വിജിലന്‍സ് റെയ്ഡില്‍ പത്തു ലക്ഷത്തിലധികം രൂപ കൈക്കൂലി പണം കണ്ടെത്തിയ സംഭവത്തില്‍ 14 ഉദ്യോസ്ഥരെയാണ് ഒറ്റയടിക്ക് സസ്പെൻഡ് ചെയ്തത്.
ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ എംഎം നാസര്‍, എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറും എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് ആന്റ് ആന്റിനാര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ഓഫീസറുമായ എസ്. സജീവ്, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ. അജയന്‍, ചിറ്റൂര്‍ എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ ഇ രമേശ്,  എക്‌സൈസ് ഇന്റലിജന്‍സ് ആന്റ് ഇന്‍വെസ്റ്റിഗേഷന്‍ ബ്യൂറോയിലെ അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ സെന്തില്‍കുമാര്‍, എക്‌സൈസ് സിവിഷന്‍ ഓഫീസിലെ ഓഫീസ് അറ്റന്റഡ് നൂറുദ്ദീന്‍, പ്രിവന്റീവ് ഓഫീസര്‍ എ എസ് പ്രവീണ്‍കുമാര്‍, സിവില്‍ എക്‌സൈസ് ഓഫീസര്‍ സൂരജ്, അസിസ്റ്റന്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ പി സന്തോഷ് കുമാര്‍, പ്രിവന്റീവ് ഓഫീസര്‍ മന്‍സൂര്‍ അലി, സിവില്‍ എക്‌സൈസ് ഓഫീസര്‍ വിനായകന്‍, ചിറ്റൂര്‍ എക്‌സൈസ് ഓഫീസിലെ സിവില്‍ എക്‌സൈസ് ഓഫീസര്‍ ശശികുമാര്‍, എക്‌സൈസ് ഇന്റലിജന്‍സ് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ പി. ഷാജി, ചിറ്റൂര്‍ റേഞ്ച് ഓഫീസിലെ പ്രിവന്റീവ് ഓഫീസര്‍ ശ്യാംജിത് എന്നിവർക്കെതിരെയാണ് നടപടി.
മെയ് 16 നാണ് വിജിലന്‍സ് വിഭാഗം പാലക്കാട് എക്‌സൈസ് ഡിവിഷന്‍ ഓഫീസില്‍ റെയ്ഡ് നടത്തിയത്. ഡിവിഷന്‍ ഓഫീസിലെ ഓഫീസ് അറ്റന്‍ഡന്റ് നൂറുദ്ദീനില്‍ നിന്നും 2,24,000 രൂപയും  മറ്റൊരു വാഹനത്തില്‍ നിന്ന് 7,99,600 രൂപയും പിടിച്ചെടുത്തു. ഡിവിഷന്‍ ഓഫീസിലെയും ചിറ്റൂര്‍ റെയ്ഞ്ച്, എക്‌സൈസ് ഇന്റലിജന്‍സ് ഓഫീസിലെയും ഉദ്യോഗസ്ഥര്‍ക്ക് കള്ള് ഷാപ്പ് ലേലത്തിനെടുത്തവര്‍ സന്തോഷ പണം എന്ന പേരില്‍ നല്‍കുന്ന കൈക്കൂലിയാണ് ഇതെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് എക്‌സൈസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കൂട്ട നടപടിയെടുത്തത്.
ഇത് രണ്ടാം തവണയാണ് പാലക്കാട് ജില്ലയിലെ എക്‌സൈസ് ഉദ്യോഗസ്ഥര്‍ കൂട്ട നടപടി നേരിടുന്നത്. നേരത്തെ, വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രത്തിന് ഒത്താശ ചെയ്ത സംഭവത്തിലാണ് കൂട്ട നടപടി നേരിട്ടത്. ആലത്തൂര്‍, ചിറ്റൂര്‍ എക്‌സൈസ് സര്‍ക്കിള്‍ ഓഫീസിലെയും കുഴല്‍മന്ദം, ആലത്തൂര്‍ റെയ്ഞ്ച് ഓഫീസുകളിലെയും പാലക്കാട് എക്‌സൈസ് സ്‌പെഷ്യല്‍ സ്‌ക്വാഡിലെയും ഉദ്യോഗസ്ഥരെയാണ്  സ്ഥലം മാറ്റിയത്. ഇവര്‍ക്ക് സ്പിരിറ്റ് മാഫിയയുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
കേസില്‍ സ്പിരിറ്റ് മാഫിയയുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയ എക്‌സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ ഷാജി എസ് രാജന്‍ ഉള്‍പ്പടെ ഒന്‍പത് ഉദ്യോഗസ്ഥരെ നേരത്തേ സസ്‌പെൻഡ് ചെയ്തിരുന്നു.  ഇവര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണത്തിനും ഉത്തരവിട്ടുണ്ട്. 2021 ജൂണ്‍ 27നാണ് സംസ്ഥാന എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ്  അണക്കപ്പാറയില്‍ വ്യാജ കള്ള് നിര്‍മ്മാണ കേന്ദ്രം കണ്ടെത്തുന്നത്. ഇവിടെ നിന്നും 1312 ലിറ്റര്‍ സ്പിരിറ്റും, 2220 ലിറ്റര്‍ വ്യാജ കള്ളും പിടിച്ചെടുത്തിരുന്നു.

Related posts

Leave a Comment