കൈക്കൂലി വാങ്ങുന്നതിനിടെ എക്സിക്യൂട്ടിവ് എഞ്ചിനീയർ പിടിയിൽ

തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ കേരളാ വാട്ടർ അതോറിറ്റി തിരുവനന്തപുരം പബ്ലിക് ഹെൽത്ത് നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എഞ്ചിനീയർ ജോൺ കോശിയെ വിജിലൻസ് അറസ്റ്റ് ചെയ്തു. അമൃത് പദ്ധതി പ്രകാരമുള്ള ജോലികൾ പൂർത്തീകരിച്ച് മൂന്നുമാസം കഴി‍ഞ്ഞിട്ടും ബിൽ പാസാക്കാതെ വൈകിപ്പിക്കുകയും ഒടുവിൽ കരാറുകാരൻ മനോഹരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുകയും ചെയ്യുമ്പോഴാണ് എക്സിക്യൂട്ടീവ് എഞ്ചിനീയർ പിടിയിലായത്. ആദ്യം ബിൽ പാസാക്കുന്നതിന് പതിനായിരം രൂപയാണ് ആവശ്യപ്പെട്ടത്. അത് നൽകില്ലെന്ന് മനോഹരൻ പറഞ്ഞതോടെയാണ് പതിനാറ് മാസത്തോളം ബിൽ വൈകിപ്പിച്ചത്. തുടർന്ന് കരാറുകാരൻ കോടതിയെ സമീപിച്ചു. പതിനഞ്ച് ദിവസത്തിനുള്ളിൽ ബിൽ മാറിക്കൊടുക്കാൻ ഹൈക്കോടതി നിർദ്ദേശിക്കുകയും ചെയ്തു. തുടർന്ന് 40 ലക്ഷത്തിന്റെ ബിൽ മാറി. മുഴുവൻ തുകയും നൽകുന്നതിന് വീണ്ടും ഉദ്യോഗസ്ഥനെ സമീപിച്ചപ്പോൾ 45,000 രൂപ കൈക്കൂലി നൽകണമെന്നായിരുന്നു മറുപടി. ബില്ല് മാറിയ ശേഷം കാണാമെന്ന് മനോഹരൻ പറ‍ഞ്ഞതിന് ശേഷമാണ് ബാക്കിയുള്ള തുകയുടെ ബിൽ മാറിയത്. പിന്നീട് 25,000 രൂപയെങ്കിലും നൽകണമെന്ന് ഉദ്യോഗസ്ഥൻ  ആവശ്യപ്പെട്ട വിവരം കരാറുകാരൻ വിജിലൻസിനെ അറിയിച്ചു. തുടർന്ന്, ഇന്നലെ ഇന്റലിജന്‍സ് വിഭാഗം പോലീസ് സൂപ്രണ്ടായ കെ.ഇ ബൈജുവിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം വിജിലന്‍സ് യൂണിറ്റ് അശോകകുമാറിന്റെ നേതൃത്വത്തിലുള്ള വിജിലന്‍സ് സംഘം വെള്ളയമ്പലത്തുള്ള പി.എച്ച് ഡിവിഷന്‍ ഓഫീസില്‍ നടത്തിയ മിന്നൽ പരിശോധനയ്ക്കിടെയാണ് ജോൺ കോശിയെ അറസ്റ്റ് ചെയ്തത്. ഇന്‍സ്‌പെക്ടര്‍മാരായ പ്രമോദ്കൃഷ്ണന്‍, അനില്‍കുമാര്‍ എസ്.ഐമാരായഅജിത്ത് കുമാര്‍, സുരേഷ് കുമാര്‍ തുടങ്ങിയവരും റെയ്ഡിൽ പങ്കെടുത്ത സംഘത്തിലുണ്ടായിരുന്നു.

Related posts

Leave a Comment