കരാറുകാരനിൽ നിന്ന്കൈക്കൂലി; ജല അതോറിറ്റി എക്സിക്യൂട്ടീവ് എൻജിനീയർ അറസ്റ്റിൽ

തിരുവനന്തപുരം: കരാറുകാരനിൽ നിന്ന് 25,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ ജല അതോറിറ്റി നോർത്ത് ഡിവിഷൻ എക്സിക്യൂട്ടീവ് എൻജിനീയർ ജോൺ കോശിയെ വിജിലൻസ് അറസ്റ്റ് ചെയ്തു.

അമൃത് പദ്ധതി പ്രകാരം ശ്രീകാര്യത്തെ ചെക്കാലമുക്ക് മുതൽ സൊസൈറ്റിമുക്ക് വരെയുള്ള പൈപ്പുകൾ മാറ്റുന്ന ജോലികൾ പൂർത്തീകരിച്ചശേഷം കരാറുകാരൻ കൊടുത്ത ബിൽ മൂന്ന് മാസമായിട്ടും പാസാക്കിയില്ല. തുടർന്ന് കരാറുകാരൻ നിരവധി തവണ നേരിട്ട് കണ്ട് ബിൽ പാസാക്കണമെന്ന് അപേക്ഷിച്ചെങ്കിലും ഫലമുണ്ടായില്ല.

തുടർന്ന് ബിൽ പാസാക്കുന്നതിന് ജോൺ കോശി 10,000 രൂപ കൈക്കൂലി വേണമെന്ന് ആവശ്യപ്പെട്ടു. എന്നാൽ കരാറുകാരൻ ഹൈക്കോടതിയെ സമീപിച്ചതിനെത്തുടർന്ന് 15 ദിവസത്തിനുള്ളിൽ ബിൽ തുക മാറിക്കൊടുക്കുവാൻ കോടതി ഉത്തരവിട്ടു. തുടർന്നു ബില്ല് മാറി നൽകിയെങ്കിലും മുഴുവൻ തുകയും നൽകിയില്ല.

എന്നാൽ മുഴുവൻ തുകയും മാറിക്കിട്ടാത്തതിനാൽ കരാറുകാരൻ വീണ്ടും സമീപിച്ചപ്പോൾ ജോൺ കോശി 45,000 രൂപ കൂടി കൈക്കൂലി ആവശ്യപ്പെട്ടു.

വിജിലൻസ് സൂപ്രണ്ടിന്റെ നിർദ്ദേശപ്രകാരം വിജിലൻസ് ഡിവൈഎസ്പി അശോക് കൂമാറിന്റെ നേതൃത്വത്തിലുള്ള സംഘം പ്രതി കരാറുകാരനിൽ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു.

Related posts

Leave a Comment