ഉരുക്കു വനിതയുടെ ധീരസ്മരണ ; വീക്ഷണം എഡിറ്റോറിയൽ വായിക്കാം

ഒന്നുമറിയാത്ത പാവകുഞ്ഞില്‍ നിന്ന് ശക്തിസ്വരൂപിണിയായ ദുര്‍ഗാദേവിയിലേക്കുള്ള വിസ്മയകരമായ മാറ്റമാണ് ഇന്ദിരാഗാന്ധിയുടെ ജീവിതകഥ. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ചൂരും ചൂടും കൈഅകലത്തില്‍ തൊട്ടനുഭവിച്ച ഇന്ദിരാഗാന്ധിക്ക് മറ്റൊരു രാഷ്ട്രീയ പാഠശാല ആവശ്യമില്ലായിരുന്നു. സ്വാതന്ത്ര്യത്തിന് മുന്‍പ് അലഹബാദിലെ ആനന്ദഭവനും സ്വാതന്ത്ര്യത്തിനുശേഷം ഡല്‍ഹിയിലെ തീന്‍മൂര്‍ത്തിഭവനും സമരങ്ങളുടെയും അധികാരത്തിന്റെയും ശില്‍പശാലകളായി ഇന്ദിരക്ക് അനുഭവപ്പെട്ടു. മുത്തച്ഛന്‍ മോത്തിലാല്‍ നെഹ്‌റു മുതല്‍ രാഷ്ട്രപിതാവ് മഹാത്മാഗാന്ധി വരെയുള്ളവരുടെ സ്‌നേഹവും ലാളനകളുമേറ്റാണ് ഇന്ദിരാ പ്രിയദര്‍ശിനി വളര്‍ന്നത്. എന്നിരുന്നാലും ബാല്യകൗമാരങ്ങള്‍ ഇന്ദിരാഗാന്ധിയെ സംബന്ധിച്ചിടത്തോളം ഏകാന്തത നിറഞ്ഞതായിരുന്നു. ചെറുപ്രായത്തില്‍ തന്നെ രോഗഗ്രസ്തയായ അമ്മ കമലാ നെഹ്‌റുവില്‍ നിന്ന് മാതൃസ്‌നേഹത്തിന്റെ ഊഷ്മളത കൊച്ചു ഇന്ദിരക്ക് കൂടുതലായൊന്നും ലഭിച്ചിരുന്നില്ല. സമരമുഖത്തും ജയിലറകളിലുമായി കഴിഞ്ഞിരുന്ന പിതാവ് ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ പിതൃലാളനയും ഈ പെണ്‍കുട്ടിക്ക് പലപ്പോഴും നിഷേധിക്കപ്പെട്ടു. ഈ ഒറ്റപ്പെടലും സ്‌നേഹനിഷേധവും ഇന്ദിരാഗാന്ധിയുടെ വ്യക്തിത്വ രൂപീകരണത്തില്‍ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. ധീരമായ തീരുമാനങ്ങളെടുക്കാനും അതിന്റെ പ്രത്യാഘാതങ്ങള്‍ ഏറ്റെടുക്കാനും ഇന്ദിരയെ പ്രാപ്തയാക്കിയത് ബാല്യകൗമാരങ്ങളിലെ ഏകാന്തതയായിരുന്നു. 1960-ല്‍ ഫിറോസ്ഗാന്ധിയെ ജീവിതപങ്കാളിയായി സ്വീകരിക്കുന്നതിലും 1966-ല്‍ പ്രധാനമന്ത്രി പദവിക്കായി മൊറാര്‍ജി ദേശായിയുമായി മത്സരിക്കുന്നതിലും 1969-ല്‍ ബാങ്ക് ദേശസാല്‍ക്കരണവും പ്രിവിപഴ്‌സ് നിര്‍ത്തലാക്കുന്നതിലും 1974-ല്‍ പൊഖ്‌റാനില്‍ ആണവപരീക്ഷണം നടത്തുന്നതിലും 1971-ല്‍ പാക്കിസ്ഥാനെ കീഴടക്കി ബംഗ്ലാദേശ് എന്ന പുതിയ രാഷ്ട്രം രൂപീകരിക്കുന്നതിലും 1979-ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുന്നതിലും 1984-ല്‍ സുവര്‍ണ ക്ഷേത്രത്തില്‍ നിന്ന് സിഖ് ഭീകരരെ തുരത്താന്‍ സൈനിക നടപടിയെടുക്കുന്നതിലും ഇന്ദിരാഗാന്ധി പ്രകടിപ്പിച്ച അനുപമവും അസാധാരണവുമായ ധൈര്യമാണ് അവരെ ഉരുക്കുവനിതയെന്നും ദുര്‍ഗയെന്നുമുള്ള വിശേഷണത്തിന് അര്‍ഹയാക്കിയത്. ബ്രിട്ടീഷ് ഭരണത്തില്‍ ചവച്ചരഞ്ഞ കരിമ്പിന്‍ചണ്ടിപോലുള്ള ഇന്ത്യയാണ് നെഹ്‌റുവിന്റെ കൈകളിലെത്തിയതെങ്കില്‍ 1966-ല്‍ വിലക്കയറ്റവും പട്ടിണിയും ദാരിദ്ര്യവും തൊഴിലില്ലായ്മയും തിന്നുതീര്‍ത്ത അസ്ഥിരൂപമായ ഇന്ത്യയാണ് ഇന്ദിരാഗാന്ധിയുടെ കൈകളില്‍ വന്നുചേര്‍ന്നത്. അധികാരമേറ്റ ആദ്യനാളുകളില്‍ ലോകത്തിന്റെയും ഇന്ത്യയുടെയും പതനാവസ്ഥക്ക് മുന്നില്‍ പകച്ചുനില്‍ക്കാതെ അനിതരസാധാരണമായ നിശ്ചയദാര്‍ഢ്യത്തോടും സമാനതകളില്ലാത്ത സ്ഥൈര്യത്തോടും കൂടി ഭരണത്തിന്റെ കടിഞ്ഞാണ്‍ കൈയ്യിലെടുത്ത ഇന്ദിര, വിസ്മയം സൃഷ്ടിക്കുന്ന തീരുമാനങ്ങളും പ്രവര്‍ത്തനങ്ങളും കാഴ്ചവെക്കുന്നതാണ് ലോകം കണ്ടത്. ഊഷരമായ വയലേലകളില്‍ ഉര്‍വ്വരതയുടെ വിത്ത് വിതച്ച് പച്ചയും കതിര്‍ക്കനവും കൊണ്ട് കാര്‍ഷിക മേഖല തുടുത്തു. പുക വറ്റിയ വ്യവസായശാലകളില്‍ പുത്തന്‍ നിര്‍മ്മിതിയുടെ സൈറണ്‍ മുഴങ്ങി. പഠന-പരീക്ഷണ-ഗവേഷണ ശാലകളില്‍ പ്രജ്ഞാശേഷിയുള്ള പുത്തന്‍ തലമുറ വളര്‍ന്നു തുടങ്ങി. സൈന്യനവീകരണം മുതല്‍ ബഹിരാകാശ പരീക്ഷണങ്ങളില്‍ വരെ ഉയരമേറിയ ഇരിപ്പിടങ്ങള്‍ ഇന്ത്യ കരസ്ഥമാക്കി. ലോക വന്‍ശക്തികളുടെ സമ്മര്‍ദ്ദങ്ങള്‍ക്കും വിരട്ടലുകള്‍ക്കും വഴങ്ങാത്ത ഇന്ത്യ ചേരിയില്ലാ ചേരിയുടെയും മൂന്നാംലോക രാഷ്ട്രങ്ങളുടെയും നായകസ്ഥാനത്ത് വന്നു. അതിര്‍ത്തിയില്‍ ശത്രുപക്ഷത്ത് നിന്ന് ഒരു വെടിപൊട്ടിയാല്‍ പത്ത് വെടി തിരിച്ചുപൊട്ടിക്കാനുള്ള ശേഷി ഇന്ത്യ കൈവരിച്ചു. ഹരിതവിപ്ലവത്തിന്റെയും ധവള വിപ്ലവത്തിന്റെയും സമ്പന്നതകളില്‍ ഇന്ത്യന്‍ ഭക്ഷ്യരംഗം സ്വയംപര്യാപ്തത നേടി. 1966 മുതല്‍ 77 വരെയും 1980 മുതല്‍ 84 വരെയുമുള്ള ഇന്ദിരായുഗം ഇന്ത്യയെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റെയും കുതിപ്പിന്റെയും വര്‍ഷങ്ങളായിരുന്നു. രാഷ്ട്രശില്പി ജവഹര്‍ലാല്‍ നെഹ്‌റു സൃഷ്ടിച്ച ആധുനിക ഇന്ത്യക്ക് ശക്തിയും സൗന്ദര്യവും നല്‍കിയത് ഇന്ദിരാഗാന്ധിയായിരുന്നു. യുഗശില്പികളായ കോണ്‍ഗ്രസ് നേതാക്കളെയും കോണ്‍ഗ്രസിനെയും തമസ്‌കരിക്കുന്നവര്‍ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് 2014-ലാണെന്ന് പറഞ്ഞ് ചരിത്രത്തെ അപനിര്‍മ്മിക്കുകയാണ്. ഈ സ്തുതിപാഠകര്‍ക്ക് പത്മ പുരസ്‌കാരവും ഭാരതരത്‌നവും നല്‍കി ആദരിക്കുകയാണ് ഇന്ത്യന്‍ ഭരണകൂടം.

Related posts

Leave a Comment